അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു കൗണ്‍സില്‍ യോഗത്തില്‍ ബഹളവും ഇറങ്ങിപ്പോക്കും

Wednesday 28 December 2016 11:10 am IST

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളവും ഇറങ്ങിപ്പോക്കും. ബേബി അഞ്ചേരി വധക്കേസില്‍ രണ്ടാം പ്രതിയായ എംഎം മണി നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തില്‍ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി, കോണ്‍ഗ്രസ് അംഗങ്ങള്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മേയര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് കൗണ്‍സില്‍ യോഗത്തില്‍ ബഹളവും ഇറങ്ങിപ്പോക്കും ഉണ്ടായത്. ബിജെപി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്‍, അഡ്വ. പി. എം. സുരേഷ്ബാബു എന്നിവരാണ് ഇന്നലെ നടന്ന കൊണ്‍സില്‍ യോഗത്തില്‍ വെവ്വേറെ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. സിപിഎമ്മിലെ , സാങ്കേതിക പ്രശ്‌നങ്ങളില്‍ അനുമതി നിഷേധിക്കപ്പെട്ട പദ്ധതികള്‍ക്ക് ബദലായി പുതിയ പദ്ധതികള്‍ നല്‍കാന്‍ അനുമതി തേടിക്കൊണ്ടുള്ള അടിയന്തര പ്രമേയത്തിന് പി.സി. രാജന്‍ നോട്ടീസ് നല്‍കിയിരുന്നു. ബിജെപി, കോണ്‍ഗ്രസ് അംഗങ്ങള്‍ നല്‍കിയ പ്രമേയങ്ങള്‍ക്ക് അനുമതി നിഷേധിച്ച് സിപിഎം അംഗം നല്‍കിയ പ്രമേയത്തിന് അവതരണാനുമതി നല്‍കിയതാണ് യോഗത്തില്‍ ബഹളം സൃഷ്ടിച്ചത്. യോഗത്തില്‍ അജണ്ട നിശ്ചയിച്ചതിനു ശേഷമുള്ള വിഷയത്തിലാണ് അടിയന്തര പ്രമേയം അനുവദിക്കേണ്ടതെന്നും രാജന്റെ പ്രമേയം സാധാരണ പ്രമേയമായി അവതരിപ്പിക്കാവുന്നതാണെന്നും ബിജെപി, ലീഗ്, കോണ്‍ഗ്രസ് അംഗങ്ങള്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ മന്ത്രി മണിയുടെ വിഷയം കൗണ്‍സിലിന്റെ പരിഗണനയിലുള്ളതല്ലെന്ന് പറഞ്ഞ് മേയര്‍ തുടര്‍ നടപടികളിലേക്ക് നീങ്ങി. ഇതിനെതുടര്‍ന്നാണ് ബിജെപി, യുഡിഎഫ് അംഗങ്ങള്‍ യോഗത്തില്‍ മുദ്രാവാക്യം വിളി ആരംഭിച്ചത്. മേയര്‍ വഴങ്ങാതെ ആയപ്പോള്‍ ബിജെപി അംഗങ്ങള്‍ ഇറങ്ങിപ്പോക്ക് നടത്തി. യുഡിഎഫ് അംഗങ്ങള്‍ മേയറുടെ മേശക്ക് ചുറ്റും മുദ്രാവാക്യം വിളി ആരംഭിച്ചു. മേശക്ക് ചുറ്റും അണി നിരന്ന ഭരണകക്ഷി അംഗങ്ങളെ മേയര്‍ സീറ്റുകളിലേക്ക് തിരിച്ചയച്ചു. ഇതിനിടയില്‍ 15 മിനുട്ട്‌കൊണ്ട് അജണ്ടകള്‍ പൂര്‍ത്തിയാക്കി കൗണ്‍സില്‍ യോഗം പൂര്‍ത്തിയാക്കിയതായി മേയര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.