നാട്ടുകാര്‍ ശുചീകരിച്ച തോട്ടില്‍ കക്കൂസ് മാലിന്യം തള്ളി

Wednesday 28 December 2016 11:13 am IST

പൈങ്ങോട്ടുപുറം എല്‍പി സ്‌കൂളിന് സമീപത്തെ മൂലത്തോട്ടില്‍
കക്കൂസ് മാലിന്യം തള്ളിയ നിലയില്‍

കുറ്റിക്കാട്ടൂര്‍: നാട്ടുകാര്‍ ദിവസങ്ങള്‍ക്ക് മുമ്പ് ശുചീകരിച്ച തോട്ടില്‍ കക്കൂസ് മാലിന്യം തള്ളി. പൈങ്ങോട്ടുപുറം എല്‍പി സ്‌കൂളിന് സമീപത്തെ മൂലത്തോട്ടിലാണ് കക്കൂസ് മാലിന്യം തള്ളിയത്. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് മാലിന്യം തള്ളിയതെന്ന് കരുതുന്നു. ഇന്നലെ രാവിലെയാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. കക്കൂസ് മാലിന്യത്തില്‍ കെമിക്കലും കലര്‍ത്തിയ നിലയിലാണ് തോട്ടില്‍ തള്ളിയിരിക്കുന്നത്.
ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നാട്ടുകാരും വിവിധ സന്നദ്ധസംഘടനകളും രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരും കുടുംബശ്രീ അംഗങ്ങളും സംയുക്തമായാണ് കഴിഞ്ഞദിവസങ്ങളില്‍ തോട് ശുചീകരിച്ചത്. തോട്ടില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനായി തടയണയും നിര്‍മ്മിച്ചിരുന്നു. ഈ തടയിണ നിര്‍മ്മിച്ച സ്ഥലത്ത് കക്കൂസ് മാലിന്യം കൊണ്ടുവന്ന് തള്ളിയിരിക്കുന്നത്.
നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് മെഡിക്കല്‍കോളേജ് പോലീസ് സ്ഥലത്തെത്തി. ജലസംരക്ഷണത്തിന്റെ ഭാഗമായാണ് നാട്ടുകാര്‍ തോട് ശുചീകരിച്ചത്. തോട്ടില്‍ മാലിന്യം തള്ളിയവര്‍ക്കെതിരെ കനത്ത പ്രതിഷേധമാണ് പ്രദേശത്തുനിന്നും ഉയരുന്നത്. പ്രതികളെ ഉടന്‍ പിടികൂടി തക്കതായ ശിക്ഷ നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.