നോട്ട് അസാധുവാക്കല്‍: അറിയേണ്ട 10 നേട്ടങ്ങള്‍

Saturday 8 April 2017 10:08 pm IST

കള്ളപ്പണക്കാര്‍ക്കും അഴിമതിക്കാര്‍ക്കും കനത്ത തിരിച്ചടിയായി മാറിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനമുണ്ടായി 50 ദിവസങ്ങള്‍ പിന്നിടുമ്പോള്‍, രാജ്യത്തുണ്ടായ മാറ്റങ്ങള്‍ എന്തൊക്കെയാണ്. നവംബര്‍ എട്ടിനാണ് 500, 1000 നോട്ടുകള്‍ അസാധുവാക്കി കൊണ്ട് മോദി പ്രഖ്യാപനം നടത്തിയത്. സുപ്രധാനമായ ആ തീരുമാനത്തില്‍ രാജ്യത്തുണ്ടായ മാറ്റങ്ങളില്‍ പ്രധാനപ്പെട്ടവ:- 1. പുതിയ നോട്ടുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് അസാധുവാക്കി പ്രഖ്യാപനം നടത്തിയ ശേഷം റിസര്‍വ് ബാങ്ക് പൊതു ജനങ്ങള്‍ക്കായി 2000, 500 നോട്ടുകള്‍ പുറത്തിറക്കി. പഴയ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ ഡിസംബര്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്. അയ്യായിരം രൂപയില്‍ കൂടുതല്‍ തുകയുള്ള നിക്ഷേപം ഡിസംബര്‍ 30 വരെ ഒറ്റത്തവണ മാത്രമേ അനുവദിക്കൂവെന്നായിരുന്നു ഡിസംബര്‍ 19ന് ആര്‍ബിഐ ഉത്തരവിട്ടിരുന്നത്. എന്നാല്‍ കെവൈസി മാനദണ്ഡം പാലിക്കുന്ന നിക്ഷേപങ്ങള്‍ക്ക് ഇത് ബാധകമല്ലെന്ന് പിന്നീട് ആര്‍ബിഐ വ്യക്തമാക്കി. പാചകവാതകം, റെയില്‍വേ ടിക്കറ്റുകള്‍ തുടങ്ങിയ ചില ആവശ്യങ്ങള്‍ക്ക് നിലവിലും പഴയ നോട്ടുകള്‍ ഉപയോഗിക്കാം. എടിഎമ്മുകളില്‍ നിന്ന് പ്രതിദിനം 2500 രൂപ പിന്‍വലിക്കാം. ആഴ്ചയില്‍ ഇതിന്റെ പരിധി 24000 രൂപയാണ്. 2. പ്രതിപക്ഷത്തെ വിറപ്പിച്ച പ്രഖ്യാപനം നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം ചെറുതായൊന്നുമല്ല പ്രതിപക്ഷത്തെ ബുദ്ധിമുട്ടിച്ചത്. ആ തീരുമാനത്തില്‍ പ്രതിപക്ഷത്തിന്റെ അടിത്തറ തന്നെ ഇളകിയെന്നു പറയാം. ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രഖ്യാപനത്തെ എതിര്‍ത്തു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പോലും ഇതിനെതിരെ രംഗത്ത് വന്നു. പാര്‍ലമെന്റിലെ ശീതകാല സമ്മേളനം നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ ചൊല്ലി പ്രതിപക്ഷം നിരവധി തവണ മുടക്കി. രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രതിപക്ഷത്തിന്റെ നടപടിക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ' നിങ്ങളുടെ ജോലി ചെയ്യൂ' എന്നാണ് അദ്ദേഹം പ്രതിപക്ഷത്തോട് പറഞ്ഞത്. എന്തായാലും ബീഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാറിന്റെ ജനതാദള്‍ യു പോലുള്ള ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ പിന്തുണച്ചു. 3. പണരഹിത ഇടാപാടുകള്‍ക്ക് പ്രോത്സാഹനം നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം പണരഹിത ഇടപാടുകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി. നവംബര്‍ 22ന് പപിഐയുടെ പരിധി 20,000 അയി ഉയര്‍ത്തി. ഡിസംബര്‍ എട്ടിന് പണരഹിത ഇടപാടുകളെ ഉയര്‍ത്തി കൊണ്ടു വരുന്നതിന് പതിനൊന്ന് മാര്‍ഗ്ഗങ്ങള്‍ കൊണ്ട് വന്നു. പെട്രോള്‍, ഡീസല്‍ പമ്പുകളിലൂടെ ഡബിറ്റ് കാര്‍ഡുപയോഗിച്ച് പണമിടപാട് നടത്തുന്ന കാര്യവും ഇതില്‍ ഉള്‍പ്പെടുന്നു. 4. ഡിജിറ്റല്‍ ഇടപാടുകള്‍ക്കും പ്രോത്സാഹനം നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം ഡിജിറ്റല്‍ ഇടപാടുകള്‍ക്കും വളരെ ഏറെ ഊന്നല്‍ നല്‍കി. കേന്ദ്ര സര്‍ക്കാര്‍ ബിസിനസുകാര്‍ക്കായി ഡിജി ധന്‍ യോജനയും ഉപഭോക്താക്കള്‍ക്കായി ലക്കി ഗ്രഹക്ക് യോജനയും കൊണ്ടു വന്നു. 5. ആദായ നികുതി വകുപ്പിന്റെ റെയ്ഡുകള്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡുകളില്‍ നിരവധി പണമിടപാടുകള്‍ കണ്ടെത്തി. തമിഴ്‌നാട് ചീഫ് സെക്രട്ടറി രാമ മോഹന റാവുവിന്റെ വീട്ടിലുള്‍പ്പടെ നിരവധി സ്ഥലങ്ങളില്‍ റെയ്ഡുകള്‍ നടത്തി. രാമ റാവുവിന്റെ ബന്ധുക്കള്‍, അടുപ്പക്കാര്‍ എന്നിവരില്‍ നടത്തിയ റെയ്ഡില്‍ 23 ലക്ഷം രൂപയും സ്വര്‍ണവുമാണ് കണ്ടെടുത്തത്. 6. ആദായ നികുതി വകുപ്പ് 3500ലധികം നോട്ടീസുകള്‍ അയച്ചു നോട്ട് നിരോധനം വന്നതിന് ശേഷം ആദായ നികുതി വകുപ്പ് പലയിടങ്ങളിലായ അയച്ച നോട്ടീസുകളുടെ എണ്ണം 3500ലധികം വരും. അതില്‍ നികുതി വെട്ടിപ്പ്, ഹവാല ഇടപാടുകള്‍ എന്നിവ ഉള്‍പ്പെടുന്നു. 7. ജനങ്ങള്‍ കാവലാളാകണം രാജ്യത്തെ പൗരന്‍മാര്‍ കാവലാളാകണമെന്ന് മോദി തന്റെ പ്രതിമാസ റോഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ വ്യക്തമാക്കി. എവിടെയെങ്കിലും ഏതെങ്കിലും തരത്തില്‍ കണക്കില്‍പ്പെടാത്ത പണം ശ്രദ്ധയില്‍പ്പെട്ടാല്‍, അതെ കുറിച്ച് blackmoneyinfo@incometax. gov.in എന്ന വെബ് സൈറ്റ് അഡ്രസിലൂടെ എഴുതി അയക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ 20 വരെ ഈ വെബ് സൈറ്റ് അഡ്രസിലൂടെ ലഭിച്ചത് 4000 സന്ദേശങ്ങള്‍!!! 8. പ്രധാന്‍മന്ത്രി ഗരീബ് കല്ല്യാണ്‍ യോജന ഡിസംബര്‍ 17ന് തുടങ്ങിയ സ്‌കീമാണ് പ്രധാന്‍മന്ത്രി ഗരീബ് കല്ല്യാണ്‍ യോജന. അടുത്ത വര്‍ഷം മാര്‍ച്ച് 31ന് ഈ സ്‌കീം അവസാനിക്കും. സ്‌ക്കീമനുസരിച്ച് കണക്കില്‍പ്പെടാത്ത രൂപ ബാങ്കില്‍ നിക്ഷേപിക്കുന്നതിലൂടെ 50 ശതമാനം നികുതിയാണ് ലഭിക്കുന്നത്. 9. ബിനാമി ഇടപാടുകാര്‍ക്കെതിരെ നടപടി മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ബിനാമി ഇടപാടുകാര്‍ക്ക് ശക്തമായ താക്കീതാണ് നല്‍കിയത്. ബീനാമി ഇടപാടുകാര്‍ക്കെതിരെയുള്ള നിയമം എത്രത്തോളം ശക്തമാക്കാമോ അതിന് വേണ്ടതൊക്കെ തങ്ങള്‍ ചെയ്യുമെന്ന് ധനകാര്യ മന്ത്രാലയത്തിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യ്ക്തമാക്കി. 10. അസാധുവാക്കിയ നോട്ടുകള്‍ കൈവശം വച്ചാല്‍ പിഴയും തടവ് ശിക്ഷയും അസാധുവാക്കിയ 1000, 500 നോട്ടുകള്‍ 2017 മാര്‍ച്ച് 31 ന് ശേഷവും കൈവശം വയ്ക്കുന്നവര്‍ക്ക് പിഴയും തടവ് ശിക്ഷയും. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. മാര്‍ച്ച് 31 ന് ശേഷം 10,000 രൂപയ്ക്ക് മുകളിലുള്ള അസാധു നോട്ടുകള്‍ കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റമാകും. നിയന്ത്രണത്തില്‍ കൂടുതലുള്ള അസാധു നോട്ടുകള്‍ കൈവശം വെയ്ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്താല്‍ നാല് വര്‍ഷത്തെ തടവിന് പുറമേ 50,000 രൂപവരെ പിഴ ഇടാക്കാനാണ് നിര്‍ദിഷ്ട ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നത്. കൈവശമുള്ള നോട്ടുകളുടെ അഞ്ചിരട്ടിയോ അല്ലെങ്കില്‍ 50,000 രൂപയോ എതാണോ കൂടുതല്‍ അതാകും പിഴയായി ഈടാക്കുക. ഡിസംബര്‍ 31 വരെയാണ് അസാധുനോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനുള്ള സമയം. അതിനുശേഷം 2017 മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്ക് കേന്ദ്രങ്ങളില്‍ അസാധു നോട്ടുകള്‍ നിക്ഷേപിക്കാം. ഇതിന് ശേഷവും ഇത്തരം നോട്ടുകള്‍ കൈവശം വെക്കുന്നത് തടയാനാണ് നിയമനിര്‍മാണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.