ഒപി ടിക്കറ്റ് കൗണ്ടറുകള്‍ ഇല്ല; രോഗികള്‍ വലയുന്നു

Wednesday 28 December 2016 7:30 pm IST

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആവശ്യത്തിനു ഒപി ടിക്കറ്റ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കാത്തതു രോഗികളെയും സഹായികളെയും വലയ്ക്കുന്നു. ഇതുമൂലം നാമമാത്രമായി പ്രവര്‍ത്തിക്കുന്ന ടിക്കറ്റ് കൗണ്ടറുകള്‍ക്കു മുന്നില്‍ നൂറുകണക്കിന് ആളുകളാണ് മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്നത്. കൂടുതല്‍ ഒപി ചികിത്സ നടക്കുന്ന ദിവസങ്ങളില്‍ ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധിപേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നത്. എന്നാല്‍ ആവശ്യത്തിന് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കാത്തതുമൂലം പലരും ഡോക്ടറെ കണ്ട് ചികിത്സ തേടാന്‍ കഴിയാതെ മടങ്ങുകയാണ്. കഴിഞ്ഞദിവസം ഇവിടെ ഒറ്റ കൗണ്ടര്‍ മാത്രം പ്രവര്‍ത്തിച്ചത് രോഗികളുടെ ദുരിതം ഇരട്ടിയാക്കി. നിലവില്‍ മൂന്നു കൗണ്ടറുകള്‍ പ്രവര്‍ത്തിച്ച സ്ഥാനത്തു ഒപി ചികിത്സക്കു കൂടുതല്‍ ആളുകളെത്തുന്ന ദിവസം തന്നെ ഒറ്റ കൗണ്ടറാക്കിയതാണ് കുട്ടികളും, സ്ത്രീകളും, വയോധികരുമടക്കുമുള്ള രോഗികളെ ദുരിതത്തിലാക്കിയത്. ആവശ്യത്തിനു ജീവനക്കാര്‍ ഇല്ലാത്തതാണ് മറ്റു കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതിരുന്നതെന്നാണ് കാര്യം അന്വേഷിച്ച രോഗികളോടു മറ്റു ജീവനക്കാര്‍ പറഞ്ഞത്. വളരെ ലാഘവത്തോടെയാണ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവരുടെ പ്രശ്‌നങ്ങളെ അധികൃതര്‍ കാണുന്നതെന്ന പരാതിയാണ് രോഗികള്‍ക്കുള്ളത്. അടിയന്തരമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികൃതര്‍ തയാറാവണമെന്നാണ് ആവശമുയരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.