പോലീസുകാരന്റെ അക്രമം; കേസ് ഒതുക്കാന്‍ ശ്രമം

Wednesday 28 December 2016 7:31 pm IST

ആലപ്പുഴ: മദ്യലഹരിയില്‍ പോലീസുകാരന്‍ വൃദ്ധയായ വീട്ടമ്മയെ വീടുകയറി അക്രമിച്ച കേസ് ഒതുക്കാന്‍ ആലപ്പുഴ സൗത്ത് സിഐ ശ്രമിക്കുന്നതായി ആരോപണം ഉയരുന്നു. അടൂര്‍ എആര്‍ ക്യാമ്പിലെ പോലീസുകാരനായ പുന്നപ്ര വടക്കുപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ തുമ്പേത്തറയില്‍ മനീഷ് മാധവ(തങ്കരാജ്)നാണ് കഴിഞ്ഞ തിങ്കളാഴ്ച മദ്യലഹരിയില്‍ അതിക്രമം കാട്ടിയത്. നാലാം വാര്‍ഡില്‍ മീനപ്പള്ളി വീട്ടില്‍ ആനന്ദവല്ലി(മണിയമ്മ-70)യെ വീടുകയറി അക്രമിക്കുകയും കാല് ചവിട്ടിയൊടിക്കുകയും ചെയ്തു. സമീപം താമസിക്കുന്ന മകന്‍ ഗോപകുമാറിന്റെ പലചരക്കു കടയില്‍ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു. ആനന്ദവല്ലി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പുന്നപ്ര പോലീസ് കേസെടുത്തെങ്കിലും ആലപ്പുഴ സൗത്ത് സിഐ കേസ് ഒതുക്കിത്തീര്‍ത്ത് പോലീസുകാരനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. മനീഷ് മാധവന്‍ സ്ഥിരമായി പ്രദേശത്ത് മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. ഇതിനു മുമ്പും ഇയാള്‍ക്കെതിരെ പ്രദേശവാസികള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്നും സ്വാധീനമുപയോഗിച്ച് കേസൊതുക്കുകയായിരുന്നു. എസ്എന്‍ഡിപി 5472 കളര്‍കോട് കിഴക്ക് ശാഖാ മാനേജിങ് കമ്മറ്റിയംഗമായ പി. അനില്‍കുമാറിന്റെ അമ്മ ആനന്ദവല്ലിയെ അക്രമിച്ച പോലീസുകാരനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും എസ്എന്‍ഡിപി ശാഖായോഗം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.