റിസാറ്റ്‌-ഒന്ന്‌ ഭ്രമണപഥത്തില്‍

Thursday 26 April 2012 10:39 pm IST

ചെന്നൈ: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച പ്രഥമ റഡാര്‍ ഇമേജിംഗ്‌ ഉപഗ്രഹം, റിസാറ്റ്‌-1 ഭ്രമണപഥത്തില്‍. പോളാര്‍ ഉപഗ്രഹ വിക്ഷേപണ വാഹന (പിഎസ്‌എല്‍വി-സി-19)ത്തില്‍ ഇന്നലെ പുലര്‍ച്ചെ 5.47ന്‌ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നാണ്‌ റിസാറ്റ്‌-1 കുതിച്ചുയര്‍ന്നത്‌.
71 മണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണിനൊടുവിലാണ്‌ 1,858 കി.ഗ്രാം ഭാരമുള്ള രാജ്യത്തിന്റെ പ്രഥമ മൈക്രോവേവ്‌ റിമോട്ട്‌ സെന്‍സിങ്ങ്‌ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചത്‌. 19 മിനിറ്റുകള്‍ക്കുശേഷം റിസാറ്റ്‌-1 കൃത്യമായ ഭ്രമണപഥത്തിലെത്തി. പിഎസ്‌എല്‍വിയുടെ തുടര്‍ച്ചയായ 20-ാ‍മത്തെ വിജയകരമായ ദൗത്യമായിരുന്നു ഇത്‌. ഇതോടെ, തദ്ദേശീയമായ റഡാര്‍ ഇമേജിങ്ങ്‌ സാങ്കേതികവിദ്യയുടെ ചുരുക്കം രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടം നേടി. പിഎസ്‌എല്‍വി ഇതുവരെ ഭ്രമണപഥത്തില്‍ എത്തിച്ചിട്ടുള്ളതില്‍ ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ്‌ റിസാറ്റ്‌-1. വിക്ഷേപണത്തെ ഉജ്ജ്വല വിജയമെന്ന്‌ ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ വിശേഷിപ്പിച്ചു.
സ്വന്തമായി റഡാര്‍ ഇമേജിങ്ങ്‌ സാങ്കേതികവിദ്യയുള്ള യുഎസ്‌, കാനഡ, ജപ്പാന്‍, യൂറോപ്യന്‍ കണ്‍സോര്‍ഷ്യം എന്നിവക്കൊപ്പം ഇന്ത്യയും സ്ഥാനം പിടിച്ചതായി തിരുവനന്തപുരത്തെ വിക്രം സാരാഭായ്‌ ബഹിരാകാശകേന്ദ്രം ഡയറക്ടര്‍ പി.എസ്‌.വീരരാഘവന്‍ പറഞ്ഞു. ഐഎസ്‌ആര്‍ഒ ഒരു ദശാബ്ദത്തോളം കാലം നടത്തിയ പ്രയത്നത്തിന്റെ ഫലമാണ്‌ റിസാറ്റ്‌-1. മേഘാവൃതമായ കാലാവസ്ഥയിലും രാത്രിയും പകലുമെല്ലാം ഭൂമിയുടെ ചിത്രങ്ങളെടുക്കാന്‍ ഈ ഉപഗ്രഹത്തിന്‌ കഴിയും. മണ്ണിലെ ഈര്‍പ്പം, മഞ്ഞുമലകളുടെ അവസ്ഥയും മറ്റ്‌ വിവരങ്ങളുമെല്ലാം ലഭ്യമാക്കാന്‍ റിസാറ്റ്‌ സഹായിക്കും. ഇപ്പോള്‍ 480 കിലോമീറ്റര്‍ ഉയരത്തില്‍ വിന്യസിച്ചിരിക്കുന്ന ഉപഗ്രഹത്തെ മൂന്ന്‌ ദിവസത്തിനുള്ളില്‍ 536 കിലോമീറ്റര്‍ ഉയരത്തില്‍ നിശ്ചിത പോളാര്‍ സൗരസ്ഥിര ഭ്രമണപഥത്തിലേക്ക്‌ ഉയര്‍ത്തുമെന്നും രാധാകൃഷ്ണന്‍ അറിയിച്ചു. നിലവില്‍ ഇന്ത്യയുടെ ആഭ്യന്തര വിദൂര സംവേദന ഉപഗ്രഹത്തിന്‌ മേഘാവൃത സാഹചര്യങ്ങളില്‍ ചിത്രങ്ങളെടുക്കാന്‍ കഴിയാത്തതിനാല്‍ കനേഡിയന്‍ ഉപഗ്രഹത്തെയാണ്‌ രാജ്യം ആശ്രയിച്ചിരുന്നത്‌.
ഖാരിഫ്‌ സീസണിലെ കാര്‍ഷികാവശ്യങ്ങള്‍ക്ക്‌ പ്രയോജനപ്പെടുത്തുകയാണ്‌ റിസാറ്റ്‌-1 കൊണ്ട്‌ മുഖ്യമായും ഉദ്ദേശിക്കുന്നതെന്ന്‌ ഐഎസ്‌ആര്‍ഒ വ്യക്തമാക്കി. എല്ലാ കാലാവസ്ഥയിലും പ്രവര്‍ത്തിക്കുന്ന റഡാര്‍ ഇമേജിങ്ങ്‌ ഉപഗ്രഹം (റിസാറ്റ്‌-2) 2009 ഏപ്രിലില്‍ ഇന്ത്യ വിക്ഷേപിച്ചിരുന്നു. എന്നാല്‍ ഇത്‌ മുഖ്യമായും നിരീക്ഷണാവശ്യങ്ങള്‍ക്കായി 110 ദശലക്ഷം ഡോളര്‍ ചെലവില്‍ ഇസ്രായേലില്‍നിന്ന്‌ വാങ്ങിയതായിരുന്നു.
റിസാറ്റ്‌-1ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ പ്രകീര്‍ത്തിച്ചു. ഇന്ത്യയുടെ ബഹിരാകാശ പരിപാടിയിലെ സുപ്രധാന നാഴികക്കല്ലാണ്‌ ഇത്‌. സങ്കീര്‍ണമായ വിക്ഷേപണ വാഹന സാങ്കേതികവിദ്യയില്‍ പ്രാഗത്ഭ്യം തെളിയിച്ച ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.