കാസര്‍കോട് നഗരസഭ അഴിമതി ബിജെപി കൗണ്‍സിലര്‍മാര്‍ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണെ ഉപരോധിച്ചു

Wednesday 28 December 2016 9:19 pm IST

കാസര്‍കോട്: കാസര്‍കോട് നഗരസഭ ഭവന പദ്ധതിയില്‍ അഴിമതി നടത്തിയ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴേസണെ ബിജെപി കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു. ഇന്നലെ വൈകുന്നേരം മുന്ന് മണിക്ക് അഴിമതി നടത്തിയ ചേയര്‍പേഴ്‌സണ്‍ വിളിച്ച് ചേര്‍ത്ത് സ്റ്റാന്റിംഗ് കമ്മറ്റി യോഗം ബഹിഷ്‌കരിച്ചു കൊണ്ടാണ് അവരുടെ മുറിക്ക് മുന്നില്‍ ഉപരോധം തീര്‍ത്തത്. ബിജെപി ഉപരോധിച്ചതോടെ ക്വാറം തികയാതെ യോഗം അവസാനിപ്പിക്കേണ്ടി വന്നു. പീന്നീട് യോഗത്തിന് വന്ന അംഗങ്ങളെ വിളിച്ച് കൂട്ടി ലീഗിന്റെ നേതൃത്വത്തില്‍ യോഗം നടത്തിയതായി മിനുട്ട്‌സ് ബുക്കില്‍ ഒപ്പിടുവിച്ചതില്‍ നഗരസഭ പ്രതിപക്ഷ നേതാവ് പി.രമേശിന്റെ നേതൃത്വത്തില്‍ ബിജെപി അംഗങ്ങള്‍ ശക്തമായി പ്രതിഷേധിച്ചു.
കേന്ദാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയിലാണ് നഗരസഭയിലെ മുസ്ലിംലീഗ് കൗണ്‍സിലര്‍മാര്‍ വന്‍ അഴിമതി നടത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിജിലന്‍സ് സംഘം നഗരസഭയിലെത്തി അഴിമതി നടത്തിയ രോഖകള്‍ പരിശോധിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. അര്‍ഹതപ്പെട്ട നിരവധി കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ സഹായം ലഭിക്കാത്ത അവസ്ഥയാണുള്ളത്. 2015-16 വര്‍ഷത്തിലെ സര്‍ക്കാര്‍ പദ്ധതിയായ വനിതാ ഭവന പുനരുദ്ധാരണ പദ്ധതിയുടെ ഫണ്ട് നഗരസഭാ ഭരണ സമിതി ദുരുപയോഗം ചെയ്തതായ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പദ്ധതിയില്‍ ക്രമക്കേട് നടന്നതായും വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞു. പദ്ധതിയുടെ ഭാഗമായി അര്‍ഹതപ്പെട്ട 60 നിര്‍ദ്ധന കുടുംബങ്ങളുടെ പട്ടിക തയ്യാറാക്കി അവര്‍ക്ക് ഫണ്ട് കൊടുത്തതായി നഗരസഭാ അധികൃതര്‍ അറിയിച്ചെങ്കിലും ഇതുവരെ സഹായം ലഭിക്കാത്ത കുടുംബങ്ങള്‍ ഏറെയുണ്ട്. കാസര്‍കോട് ചാലക്കുന്നിലെ 12ാം വാര്‍ഡിലെ ബഷീര്‍-ബീഫാത്തിമ ദമ്പതിമാര്‍ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ അപേക്ഷിച്ചെങ്കിലും തുക പാസ്സായ വിവരങ്ങളറിയാന്‍ നഗരസഭയുമായി ബന്ധപ്പെട്ടപ്പോള്‍ അപേക്ഷ ഇതുവരെ പരിഗണിച്ചിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് നഗരസഭയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയ ദിവസം വൈകീട്ടോടെ എത്രയും പെട്ടന്ന് നഗരസഭയിലെത്താനും തുക കൈപ്പറ്റാനുമാണ് ആവശ്യപ്പെട്ടത്. തങ്ങള്‍ക്ക് പാസ്സായ ഡി.ഡി. കള്ളൊപ്പിട്ടു കൈപ്പറ്റിയവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് ബഷീറും കുടുംബവും.
വികസനത്തിന്റെ പേര് പറഞ്ഞ് അധികാരത്തിലെത്തിയ ലീഗ് വര്‍ഷങ്ങളായി നഗരസഭ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. വാര്‍ഡ് സഭ പാസ്സാക്കിയ ഭവന പദ്ധതിയുടെ ലിസ്റ്റ് കൗണ്‍സിലര്‍മാര്‍ ചോദിച്ചിട്ടും ഇത് വരെ ചേയര്‍ പേഴ്‌സണ്‍ നല്‍കിയിട്ടില്ല. നഗരസഭയില്‍ നടന്ന് ഉപരോധത്തില്‍ ബിജെപി കൗണ്‍സിലര്‍മാരായ കെ.സവിത ടീച്ചര്‍, പ്രേമ, ഉമ, ദുഗ്ഗപ്പ, രവീന്ദ്ര പുജാരി, കെ.സന്ധ്യ ഷെട്ടി, കെ.ശങ്കര, ജാനകി, കെ.ജി.മനോഹരന്‍, കെ.എസ്.ജയപ്രകാശ്, സുജിത്ത്. ശ്രീലത.എം., അരുണ്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.