വിഷക്കൂട്ടുകളുടെ വരവ്

Wednesday 28 December 2016 9:57 pm IST

ദൂരത്തെ ബന്ധുവിനെക്കാള്‍ അയല്‍പക്കത്തെ ശത്രുവാണ് നല്ലത്. ഇത് പറഞ്ഞവരുടെ അയല്‍പക്കത്ത് തമിഴ്‌നാട് ആയിരുന്നില്ല എന്നുവേണം കരുതാന്‍. ഇന്ന് തമിഴ്‌നാട് രാഷ്ട്രീയമായി കേരളത്തിന്റെ സുഹൃത്താണ്. പക്ഷേ സാമൂഹികമായി അങ്ങേയറ്റത്തെ ശത്രുവും. അയല്‍സംസ്ഥാനം രോഗാതുരമാകട്ടെ എന്ന വിഷവിചാരം പുലര്‍ത്തുന്നു. തമിഴ്‌നാട്ടില്‍ നടുന്ന പച്ചക്കറികളില്‍ കേരളത്തിനുള്ളവയും തമിഴ്‌നാട്ടിനുള്ളവയും വെവ്വേറെയാണ്. ഞാന്‍ ഇതിന് അനുഭവസ്ഥയാണ്. ഒരിക്കല്‍ ഞാന്‍ കോയമ്പത്തൂരില്‍ പോയപ്പോള്‍ കാര്‍ നിര്‍ത്തിയ വേളയില്‍ ഡ്രൈവര്‍ പ്രസാദ് വെള്ളരി കൃഷി ചെയ്തിരുന്നിടത്തുനിന്ന് ഒരു ഇളം വെള്ളരിക്ക പറിച്ച് തിന്നാന്‍ തുടങ്ങി. അത് തടഞ്ഞുകൊണ്ട് തമിഴന്‍ കൃഷിക്കാരന്‍ പറഞ്ഞത്. ''അത് തിന്നുകൂടാത്. അത് മലയാളത്താന്മാര്‍ക്ക് വേണ്ടി കൃഷിചെയ്യുന്നതാണ്. ഞങ്ങളുടെ കൃഷി ഇപ്പുറത്താണ്. അതില്‍നിന്നും വേണമെങ്കില്‍ പറിച്ചുതിന്നോളൂ'' എന്നായിരുന്നു. കേരളം പച്ചക്കറിക്ക് ആശ്രയിക്കുന്നത് തമിഴ്‌നാടിനെയാണ്. എന്റെ കുട്ടിക്കാലത്ത് വെള്ളരി, കുമ്പളം, മത്തന്‍, പാവല്‍, പടവലം, മുളക്, കൂര്‍ക്ക, ചേന മുതലായ എല്ലാ കൃഷികളും വീട്ടില്‍ ഉണ്ടായിരുന്നു. ഇന്ന് അത് ഗൃഹാതുര സ്മരണകള്‍. തമിഴ്‌നാട്ടുകാര്‍ 'മലയാളത്താന്മാര്‍ക്കു' വേണ്ടി ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറിയില്‍ മാരകമായ കീടനാശിനി പ്രയോഗം നടത്തുന്നു. ഇത് വിഷമയമായ കീടനാശിനിയാണ്. ആര്‍സെനിക് എന്ന മാരകവിഷമാണ് പച്ചക്കറിയില്‍ തളിക്കുന്നത്. പച്ചക്കറികളില്‍ മോണോക്രോടോഫിന്‍ പ്രയോഗവും നടത്തുന്നു. ഇത് തമിഴ്‌നാട്ടില്‍ നിരോധിച്ചിട്ടുണ്ട്. കേരളത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഇതേപ്പറ്റി തമിഴ്‌നാട്ടിലെ ബന്ധപ്പെട്ടവര്‍ക്ക് കത്തുപോലും അയച്ചിരുന്നു. ഫ്യുറഡാന്‍ എന്ന മാരക കീടനാശിനിയും പച്ചക്കറികളില്‍ പ്രയോഗിക്കുന്നു. ഇതിനും തമിഴ്‌നാട്ടില്‍ നിരോധനം നിലനില്‍ക്കുന്നു. ഈ നിരോധനം മലയാളത്തന്മാര്‍ക്ക് ബാധകമല്ല. തമിഴ്‌നാട്ടില്‍ നിരോധിച്ചിട്ടുള്ള എല്ലാ കീടനാശിനികളും കേരളത്തിനുവേണ്ടി മാത്രം കൃഷിചെയ്യുന്നിടങ്ങളില്‍ അവര്‍ പ്രയോഗിക്കുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇതിനെപ്പറ്റി തമിഴ്‌നാട് സര്‍ക്കാരിനെ അറിയിച്ചിട്ടും പതിവ് പ്രയോഗം തുടരുന്നു. കേരം തിങ്ങും കേരളനാടായി കരുതിയിരുന്ന കേരളം ഇന്ന് വെളിച്ചെണ്ണയ്ക്കും ആശ്രയിക്കുന്നത് തമിഴ്‌നാടിനെയാണ്. കേരളത്തിലെ വെളിച്ചെണ്ണയുടെ സ്വാദ് ലോകപ്രസിദ്ധമാണ്. പക്ഷേ ഇന്ന് കേരവൃക്ഷമില്ലാത്ത കേരള നാടാണ്. തെങ്ങ് കൃഷി ഇല്ലാത്ത തമിഴ്‌നാട്ടിലെ ഗ്രാമത്തില്‍നിന്നാണ് വെളിച്ചെണ്ണ കേരളത്തില്‍ എത്തുന്നത്. ഇത് ചില രാസവസ്തുക്കള്‍ കലര്‍ത്തിയ വെളിച്ചെണ്ണയാണ്. നാളികേര വികസന ബോര്‍ഡും ഇതിനെ വിമര്‍ശിച്ചിരുന്നു. പ്രതിദിനം 10 ടണ്‍ കപ്പാസിറ്റിയുള്ള 30-40 ടാങ്കറുകള്‍ ഈ മായം കലര്‍ത്തിയ വെളിച്ചെണ്ണയുമായി കേരളത്തില്‍ എത്തുന്നു. ഇവിടുത്തെ വ്യവസായികള്‍ വെളിച്ചെണ്ണയുടെ ഗുണനിലവാരമില്ലായ്മയെപ്പറ്റി നിരന്തരം പരാതി പറഞ്ഞിട്ടും ഫലം കണ്ടിട്ടില്ല. ഈ വെളിച്ചെണ്ണ ഉപയോഗം കുട്ടികളില്‍ ഛര്‍ദ്ദി മുതലായ രോഗങ്ങള്‍ സൃഷ്ടിക്കുന്നു. തമിഴ് കച്ചവടക്കാര്‍ ഭക്ഷിക്കാന്‍ കൊള്ളാത്ത എണ്ണ പല സസ്യങ്ങളില്‍നിന്ന് ഊറ്റിയാണ് വെളിച്ചെണ്ണയില്‍ ചേര്‍ക്കുന്നത്. വെണ്ണയുടെ 'മഞ്ഞ' ഭാഗവും ഇതില്‍ കലര്‍ത്തുന്നു. ഇതുകൂടി കഴിയുമ്പോള്‍ കേരളത്തില്‍ എത്തുന്ന വെളിച്ചെണ്ണയ്ക്ക് കടുകെണ്ണയുടെ രൂപമാകും. തമിഴ്‌നാട്ടില്‍ നിന്നിറക്കുമതി ചെയ്യുന്ന മസാലയും മായം കലര്‍ത്തിയതാണ്. പൊടിയരി, തവിട് മുതലായവ കൃത്രിമ നിറങ്ങളടിച്ച് കലര്‍ത്തുന്നു. അതുപോലെ പാല്‍പ്പൊടിയില്‍ 103 തരം ഡിറ്റര്‍ജന്റുകളും കലര്‍ത്തുന്നു. കടുകെണ്ണ സാധാരണ എണ്ണയുമായി കലര്‍ത്തുന്നു. ഒരു വിഷച്ചെടിയുടെ വിത്ത് അരിയില്‍ കലര്‍ത്തുമത്രെ. കേരളത്തില്‍ കാന്‍സര്‍ പടര്‍ന്നുപിടിക്കുന്നതിന് ഇതും ഒരു കാരണമാകാം. വിഷമയമായ പച്ചക്കറികള്‍ കഴിക്കാന്‍ പാടില്ല. പക്ഷെ കേരളത്തില്‍ 80 ശതമാനം ആളുകളും തമിഴ്‌നാട് പച്ചക്കറിയെ ആശ്രയിക്കുന്നു. കേരളത്തില്‍ അധികവും കണ്ടുവരുന്നത് വായിലും തൊണ്ടയിലും ശ്വാസനാളത്തിലുമുള്ള കാന്‍സര്‍ ആണ്. വര്‍ഷംതോറും ശരാശരി 35,000 കാന്‍സര്‍ രോഗികള്‍ കേരളത്തിലുണ്ടത്രേ. ഇതിന് പ്രധാന കാരണം പുകവലിയാണെങ്കിലും അരുതാത്ത ഭക്ഷണങ്ങളും ഭക്ഷണരീതിയും കാന്‍സറിന് കാരണമാകുന്നു. മൂന്നില്‍ ഒരു ശതമാനമെങ്കിലും ഇങ്ങനെ വരുന്ന കാന്‍സര്‍ ആണ്. ഒരു ദശലക്ഷത്തില്‍ 913 പുരുഷന്മാരിലും 974 സ്ത്രീകളിലും കാന്‍സര്‍ വരുന്നു. ഇത് കെയര്‍ ഫൗണ്ടേഷന്റെ കണക്കാണ്. 21285 പേരാണ് ഇവിടെ കാന്‍സര്‍ മൂലം മരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും അധികം കാന്‍സര്‍ രോഗികള്‍ കേരളത്തിലാണ്. കേരളത്തിലെ ഏഴു ജില്ലകളില്‍ മാത്രമാണ് കാന്‍സര്‍ രോഗം ചികിത്‌സിക്കാനുള്ള റേഡിയോ തെറാപ്പി ഉള്ളത്. ഇത് അഞ്ച് മെഡിക്കല്‍ കോളജുകളുള്‍പ്പെടെയാണ്. പ്രമേഹവും കൂടിയ രക്തസമ്മര്‍ദ്ദവും കേരളത്തില്‍ പലര്‍ക്കുമുണ്ട്. മുന്‍പറഞ്ഞ കാരണങ്ങളാലാണ് കാന്‍സര്‍ ലൈഫ്‌സ്‌റ്റൈല്‍ രോഗമാണെന്ന് പറയുന്നത്. 70 മുതല്‍ 90 ശതമാനംവരെയുള്ള കാന്‍സര്‍ പാരിസ്ഥിതിക ദോഷം മൂലവും, 50 ശതമാനം പുകവലിയില്‍ക്കൂടിയും പിന്നെ ഭക്ഷണരീതിയിലൂടെയുമാണ് വരുന്നത്. മലയാളികള്‍ക്ക് പരിസ്ഥിതി ബോധവും ജീവിതശൈലി മാറ്റവും അത്യാവശ്യമാണ്. കഴിഞ്ഞ കൊല്ലം 2,49,362 പേര്‍ കാന്‍സര്‍ ബാധിതരായത്രെ. റീജണല്‍ കാന്‍സര്‍ സെന്ററിന്റെ കണക്കുപ്രകാരം കാന്‍സര്‍ രോഗികളില്‍ 172 ശതമാനം വര്‍ധന ഉണ്ടാകുന്നുവെന്നും 55857 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്നുമാണ്. കേരളം സാക്ഷരതയില്‍ മുന്നിലാണ് എന്നുപറയുമ്പോഴും അറിവില്‍ പുറകിലായതുകൊണ്ടല്ലേ ഇത്തരം രോഗങ്ങള്‍ക്ക് വഴിയൊരുക്കുന്നത്? അഭ്യസ്തവിദ്യരെന്ന് അഭിമാനിക്കുന്ന മലയാളികള്‍ ഇനിയെങ്കിലും സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാന്‍ പഠിക്കണം. പ്രിസര്‍വേറ്റീവ് കലര്‍ത്തിയ ഭക്ഷണം ഒഴിവാക്കണം. എന്‍വയണ്‍മെന്റല്‍ വര്‍ക്കിംഗ് ഗ്രൂപ്പ് പറയുന്നത് 98 ശതമാനം ഭക്ഷണസാധനങ്ങളും കാന്‍സര്‍ പടര്‍ത്താനിടയുള്ള സാധനങ്ങളടങ്ങിയതാണ് എന്നാണ്. ഇത് ഇടയ്ക്ക് പരിശോധനാവിധേയമാക്കണം. കാന്‍സര്‍ ബാധിക്കാനിടയുള്ള ഭക്ഷണസാധനങ്ങള്‍ വര്‍ജിക്കുകയും ജൈവഭക്ഷണരീതി സ്വീകരിക്കുകയും വേണം. തമിഴ്‌നാടിന്റെ മാരക വിഷപ്രയോഗം കേരള സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നത് തെളിയിക്കുന്നത് ജനക്ഷേമമല്ല, വോട്ടുബാങ്കാണ് ഭരണ-പ്രതിപക്ഷത്തിനാവശ്യം എന്നാണ്. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ വോട്ടര്‍മാരെ സ്‌ട്രെച്ചറില്‍ കൊണ്ടുപോകുന്ന ഗതികേടെങ്കിലും വരാതെ നോക്കാന്‍ ഇവര്‍ ബാധ്യസ്ഥരാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.