സിന്ധുവും സാക്ഷിയും പിന്നെ...

Wednesday 28 December 2016 10:17 pm IST

പി.വി. സിന്ധു ഒളിമ്പിക്‌സ് മെഡലുമായി,                     സാക്ഷി മാലിക്ക് മെഡലുമായി

സുവര്‍ണ ലിപികളില്‍ എഴുതിച്ചേര്‍ക്കാവുന്ന ചില തിളക്കങ്ങളുമായാണ് 2016 കായിക ഇന്ത്യയെ യാത്രയാക്കുന്നത്. ഒളിമ്പിക്‌സ് വര്‍ഷത്തില്‍ റിയൊ ഡി ജനീറൊയില്‍ വെള്ളിയും വെങ്കലവും കഴുത്തിലണിഞ്ഞ് പി.വി. സിന്ധുവും സാക്ഷി മാലിക്കും തലയുയര്‍ത്തി നിന്നത് ഈ വര്‍ഷം ഇന്ത്യയുടെ മുഖശ്രീ. ജിംനാസ്റ്റിക്‌സില്‍ മെഡലോളം പോന്ന നാലാം സ്ഥാനവുമായി ദിപ കര്‍മാക്കറും ഗോള്‍ഫിലെ നക്ഷത്രം അദിതി അശോകും, ക്രിക്കറ്റ് ടീമുമെല്ലാം ആവേശം വാനോളം ഉയര്‍ത്തിയപ്പോള്‍, പഴയകാല പ്രതാപത്തിലേക്കെന്നു വിളിച്ചോതി ഹോക്കിയിലെ നീക്കങ്ങള്‍. വെല്ലുവിളികളുയരുന്നുവെങ്കിലും കബഡിയില്‍ ചക്രവര്‍ത്തിപട്ടം സുരക്ഷിതം. ഫുട്‌ബോളില്‍ പ്രതീക്ഷയുടെ നാമ്പുകള്‍ തളിരിട്ടതും 2016ല്‍. വിവാദങ്ങള്‍ക്കു പഞ്ഞമില്ലാതെയാണ് ഈ വര്‍ഷവും കടന്നുപോകുന്നത്.

റിയൊയിലെ മുഖശ്രീ
ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി ഏറെ പ്രതീക്ഷകളോടെ റിയൊയില്‍ വിമാനമിറങ്ങിയ ഇന്ത്യന്‍ സംഘത്തിന് അതിനൊത്ത പ്രകടനത്തിനായില്ല. കായിക താരങ്ങളുടെ ഇഷ്ടാനുസരണം വിദേശ രാജ്യങ്ങളില്‍ പരിശീലനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സൗകര്യമൊരുക്കിയിട്ടും പടിക്കല്‍ കലമുടയ്ക്കുന്ന പതിവ് രീതി ഇന്ത്യന്‍ താരങ്ങള്‍ തുടര്‍ന്നു. അവിടെയാണ് സിന്ധുവും സാക്ഷിയും രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയത്.
ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ സൈന നേവാളില്‍ പ്രതീക്ഷയര്‍പ്പിച്ചെങ്കിലും സൈന നിരാശപ്പെടുത്തി. ഒളിമ്പിക്‌സ് ചരിത്രത്തില്‍ വനിതകളിലെ ഏറ്റവും ഉയര്‍ന്ന മെഡലുമായാണ് സിന്ധു മടങ്ങിയത്, സ്വര്‍ത്തോളം പോന്ന വെള്ളി. ഗീത, വിനേഷ് ഫോഗട്ട് സഹോദരിമാരും ബബിതാ കുമാരിയും നിരാശപ്പെടുത്തിയേടത്തു നിന്നാണ് സാക്ഷി മാലിക്ക് വെങ്കലം നേടിയത്. ജിംനാസ്റ്റിക്‌സില്‍ പ്രൊഡുനോവ വോള്‍ട്ടിലൂടെ ലോകത്തെ അമ്പരപ്പിച്ച ദിപ കര്‍മാക്കറിന് നേരിയ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടം. ഫീല്‍ഡിലെ ഏറ്റവും അപകടകരമായ പ്രൊഡുനോവ ചെയ്യുന്ന ലോകത്തെ അപൂര്‍വം താരങ്ങളിലൊരാളെന്ന ഖ്യാതിയുമായാണ് ദിപ തിരിച്ചെത്തിയത്.
അതേസമയം, ലണ്ടനില്‍ ഏറെ തിളങ്ങിയ ബോക്‌സര്‍മാര്‍ക്ക് റിയൊയില്‍ തിരിച്ചടി നേരിട്ടു. വനിതകളില്‍ ഇതിഹാസ താരം മേരി കോമിന് യോഗ്യത നേടാനായില്ല. പുരുഷന്മാരില്‍ എല്ലാവരും നിരാശപ്പെടുത്തി. പ്രൊഫഷണല്‍ ബോക്‌സിങ്ങിലേക്കു കൂടുമാറിയ വിജേന്ദറിന്റെ അഭാവം നികത്താനായില്ല മറ്റുള്ളവര്‍ക്ക്. പുരുഷ ഗുസ്തിയിലും നിരാശ. യോഗേശ്വര്‍ ദത്ത് നിരാശപ്പെടുത്തിയപ്പോള്‍, സുശീല്‍ കുമാറിനു പകരമെത്തിയ നര്‍സിങ് യാദവിനും ഒന്നിനുമായില്ല. കോടതി കയറിയിറങ്ങിയ ശേഷമാണ് സുശീല്‍ കുമാറിനു പകരക്കാരനായി നര്‍സിങ് എത്തിയത്. യോഗ്യതയ്ക്കായി മത്സരിച്ചില്ലെന്നതു സുശീലിനു തിരിച്ചടി.
ഹോക്കിയില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ ആദ്യ റൗണ്ടില്‍ തന്നെ മടങ്ങി. ഒട്ടേറെ മലയാളി താരങ്ങളുമായാണ് അത്‌ലറ്റിക്‌സ് സംഘം പോയതെങ്കിലും നിരാശ മാത്രം. തിരിച്ചെത്തിയ ശേഷം മാരത്തണ്‍ താരം ഒ.പി. ജെയ്ഷ പരിശീലകനെതിരെ ഉയര്‍ത്തിയ വിവാദങ്ങള്‍ കല്ലുകടിയുമായി.

പാരാലിമ്പിക്‌സിലും നേട്ടം
സെപ്തംബറില്‍ നടന്ന പാരാലിമ്പിക്‌സിലും മെഡല്‍ നേടി ഇന്ത്യ. 20 വിഭാഗങ്ങളില്‍ 19 അത്‌ലറ്റുകളെ അണിനിരത്തി രണ്ട് സ്വര്‍ണം, ഒരു വെള്ളി, വെങ്കലവുമായി മടക്കം. പുരുഷ ഹൈജമ്പില്‍ മാരിയപ്പന്‍ തങ്കവേലു, പുരുഷ ജാവലിനില്‍ ദേവേന്ദ്ര ജഝാരിയ എന്നിവര്‍ സ്വര്‍ണം നേടിയപ്പോള്‍, വനിതളുടെ ഷോട്ട്പുട്ടില്‍ ദീപ മാലിക്കിന് വെള്ളി. പുരുഷ ഹൈജമ്പില്‍ വരുണ്‍ സിങ് ഭട്ടിക്ക് വെങ്കലം. പാരാലിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഭാരതീയ വനിതയെന്ന ഖ്യാതിയുമായാണ് ദീപ റിയൊയില്‍ നിന്നെത്തിയത്.

ക്രിക്കറ്റില്‍ വിരാടമയം
തലമുറ മാറ്റത്തിന് സാക്ഷ്യം വഹിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശരിയായ പാതയിലെന്ന് തെളിയിച്ചു. ആക്രമണോത്സുകയും പ്രതിഭയും തന്ത്രജ്ഞതയും കൊണ്ട് ടീമിനെ മുന്നില്‍ നിന്നു നയിക്കുന്ന വിരാട് കോഹ്‌ലിക്ക് സമര്‍പ്പിക്കാം 2016. ഐസിസി റാങ്കിങ്ങില്‍ മൂന്നു ഫോര്‍മാറ്റിലുമായി ആദ്യ മൂന്നു സ്ഥാനങ്ങളിലാണ് വിരാട്. ഏകദിനത്തില്‍ ഒന്നാമത്, ടെസ്റ്റില്‍ രണ്ട്, ട്വന്റി20യില്‍ മൂന്ന് സ്ഥാനങ്ങളില്‍. ടെസ്റ്റില്‍ തോല്‍ക്കാതെ 18 മത്സരങ്ങളെന്ന റെക്കോഡും വിരാടിന്റെ ടീമിന് സ്വന്തം. ഇതില്‍ 12 ജയങ്ങള്‍.

ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും മികച്ച ടെസ്റ്റ് താരമെന്ന ബഹുമതിയുമായി ആര്‍. അശ്വിനും ഇന്ത്യയുടെ അപ്രമാദിത്വം ഉറപ്പിച്ചു. ഐസിസിയുടെ ഏകദിന ടീം നായകനായി വിരാടിനെ അവരോധിച്ചപ്പോള്‍, ടെസ്റ്റ് ടീമില്‍ ഇടംകൊടുക്കാതെ തെരഞ്ഞെടുത്തവര്‍ കളങ്കിതരായി.

ഈ വര്‍ഷം കളിച്ച ടെസ്റ്റ് പരമ്പരകളിലെല്ലാം ആധികാരികമായി ജയിച്ചു ഇന്ത്യ. വിന്‍ഡീസിനെ അവിടെ തോല്‍പ്പിച്ചപ്പോള്‍, ന്യൂസിലന്‍ഡിനെയും ഇംഗ്ലണ്ടിനെയും നാട്ടിലും തുരത്തി. ഏകദിന, ട്വന്റി20യിലേക്കാള്‍ ആധികാരികമായിരുന്നു ടെസ്റ്റ് ജയങ്ങള്‍. ഏകദിന, ട്വന്റി20 നായകന്‍ എം.എസ്. ധോണിയുടെ ഭാവിയിലേക്കാണ് വിരാടും സംഘവും ബൗണ്‍സറുകള്‍ തൊടുത്തത്. ഇന്ത്യ ആതിഥേയത്വം വഹിച്ച ട്വന്റി20 ലോകകപ്പ് ഫൈനലില്‍ വിന്‍ഡീസിനോട് തോറ്റത് തിരിച്ചടിയായി. വനിതകളിലും കിരീടമുയര്‍ത്തി വിന്‍ഡീസ് പ്രതാപകാലത്തെ അനുസ്മരിപ്പിച്ചു. എന്നാല്‍, ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി ഭൂഖണ്ഡത്തിലെ അജയ്യത നിലനിര്‍ത്തി.
ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെ ദേശീയ ടീം പരിശീലകനായെത്തിയതും ഈ വര്‍ഷം. രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യ എ, അണ്ടര്‍ 19 ടീമുകള്‍ ദേശീയ ടീമിന്റെ ഫാക്ടറിയെന്ന് 2016 അടിവരയിട്ടുറപ്പിക്കുന്നു. ദ്രാവിഡ് വിതച്ചത് കുംബ്ലെയെന്ന ക്രിക്കറ്റ് ജീനിയസ് വളര്‍ത്തി വലുതാക്കുന്നു. ആദ്യ സെഞ്ചറി ട്രിപ്പിളാക്കിയ മലയാളി താരം കരുണ്‍ നായരിലെത്തി നില്‍ക്കുന്നു പുതുമുഖങ്ങളുടെ പ്രതിഭാ വിലാസം. ഓഫ് സ്പിന്‍ ഓള്‍റൗണ്ടറായെത്തിയ ജയന്ത് യാദവ്, പേസര്‍മാര്‍ ജസപ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ അടക്കം ഒട്ടേറെ പേര്‍ വിവിധ വിഭാഗങ്ങളിലെ ദേശീയ ടീമുകളുടെ സജീവ സാന്നിധ്യമാകുന്നതും ഈ വര്‍ഷത്തെ പ്രത്യേകത. രഞ്ജി ട്രോഫിയില്‍ സമിത് ഗോഹല്‍, ഋഷഭ് പന്ത് തുടങ്ങിയവരിലൂടെ തുടരുന്നു തേരോട്ടം.
വനിതകളില്‍ ടീമെന്ന നിലയില്‍ വലിയ നേട്ടമില്ലെങ്കിലും ഐസിസി ടീമില്‍ ഇടം നേടിയ സ്മൃതി മന്ഥാനയുടെ മികവ് അഭിമാനമായി.

ഹോക്കിയില്‍ തിരിച്ചുവരവ്
ഒളിമ്പിക്‌സ് നിരാശപ്പെടുത്തിയെങ്കിലും ഏഷ്യന്‍ ഹോക്കിയിലെ ശക്തികളെന്ന് തെളിയിച്ചു ഇന്ത്യ. സുല്‍ത്താന്‍ അസ്ലന്‍ ഷാ ഹോക്കിയില്‍ ഫൈനലിലെത്തിയാണ് ഈ വര്‍ഷത്തെ പടയോട്ടം തുടങ്ങുന്നത്. ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റെങ്കിലും, മലയാളി പി.ആര്‍. ശ്രീജേഷ് നയിക്കുന്ന ടീം തോല്‍പ്പിക്കാന്‍ കടുപ്പമേറിയവരെന്ന് അടിവരയിട്ടുറപ്പിച്ചു. ഒക്ടോബറില്‍ ഏഷ്യന്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ പാക്കിസ്ഥാനെ തുരത്തി കിരീടം നേടി. വനിതകളില്‍ ചൈനയെ തോല്‍പ്പിച്ച് ജേതാവായതോടെ ഇരട്ടക്കിരീടം.
ഡിസംബറില്‍ ജൂനിയര്‍ ലോകകപ്പ് കിരീട നേട്ടം ഇന്ത്യന്‍ ഹോക്കിയുടെ ഭാവി ഭദ്രമെന്ന് അരക്കിട്ടുറപ്പിക്കുന്നു. ബെല്‍ജിയത്തെ 2-1ന് കീഴടക്കിയാണ് ഒന്നര പതിറ്റാണ്ടിനു ശേഷം ചാമ്പ്യന്‍പട്ടം സ്വന്തമാക്കുന്നത്. ഇവരിലൂടെ അടുത്ത ലോകകപ്പും 2020 ഒളിമ്പിക്‌സും സ്വപ്‌നം കാണാം.

ഫുട്‌ബോളില്‍ ബെംഗളൂരു
ഐഎസ്എല്ലിനപ്പുറം ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി ശോഭനമെന്ന് ബെംഗളൂരു എഫ്‌സിയുടെ വിജയം സാക്ഷ്യപ്പെടുത്തുന്നു. ഏഷ്യന്‍ ക്ലബ് ഫുട്‌ബോളിലെ രണ്ടാം നിര ടൂര്‍ണമെന്റ് എഎഫ്‌സി കപ്പ് ഫൈനലിലെത്തി ചരിത്രമെഴുതി ബെംഗളൂരു എഫ്‌സി. ആദ്യമായാണ് ഒരു ഇന്ത്യന്‍ ടീം എഎഫ്‌സി കപ്പ് ഫൈനലിലെത്തുന്നത്. ഫൈനലില്‍ ഇറാഖ് ടീം അല്‍ ക്വവ അല്‍ ജാവിയയോട് 1-0ന് തോറ്റെങ്കിലും ഭാവിയിലേക്ക് നോക്കാന്‍ പ്രേരണയായി ജയം. ഐ ലീഗ് കിരീടവും മറ്റാര്‍ക്കും വിട്ടുകൊടുത്തില്ല ബെംഗളൂരു.

ദേശീയ ടീം ഫിഫ റാങ്കിങ്ങില്‍ 135ാം സ്ഥാനത്തെത്തിയതും നേട്ടം. സമീപകാലത്തെ ഉയര്‍ന്ന റാങ്കിങ്ങാണിത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തോറ്റ് മടങ്ങിയെങ്കിലും സൗഹൃദ മത്സരത്തില്‍ പ്യൂര്‍ട്ടോറിക്കയെ തകര്‍ത്തതും സാഫ് ഗെയിംസ് ഫുട്‌ബോള്‍ കിരീടവുമെല്ലാം നേട്ടമായി.

സാഫില്‍ എതിരില്ല

സാഫ് ഗെയിംസില്‍ 188 സ്വര്‍ണമടക്കം 308 മെഡലുകളുമായി ഇന്ത്യ ചാമ്പ്യന്മാരായി മേഖലയിലെ അനിഷേധ്യ ശക്തികളെന്ന് വീണ്ടും തെളിയിച്ചു. ബാഡ്മിന്റണില്‍ സിന്ധു, സൈന എന്നിവര്‍ക്കു പുറമെ, പി. കശ്യപ്, അജയ് ജയറാം, മലയാളി താരം എച്ച്.എസ്. പ്രണോയ് തുടങ്ങിയവരും പെരുമ കാത്ത പ്രകടനം നടത്തി. വിവിധ രാജ്യാന്തര ടൂര്‍ണമെന്റുകളില്‍ കിരീടം നേടാനുമായി പ്രണോയും അജയുമടക്കമുള്ളവര്‍ക്ക്.

ടെന്നീസ് കോര്‍ട്ടില്‍ നിന്ന് സാനിയ മിര്‍സയുടെയും ലിയാന്‍ഡര്‍ പേസിന്റെയും നേട്ടം മാത്രം എടുത്തുപറയാന്‍. വനിതാ ഡബിള്‍സില്‍ ലോക ഒന്നാം നമ്പറായ സാനിയ, ഈ വര്‍ഷം മാര്‍ട്ടിന ഹിംഗിസിനൊപ്പം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി. ഒളിമ്പിക്‌സ് മിക്‌സഡ് ഡബിള്‍സ് സെമിഫൈനലിലുമെത്തി. ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഇവാന്‍ ഡോഡിഗിനൊപ്പം ഫൈനലിലുമെത്തി. ലിയാന്‍ഡര്‍ പേസ് – മാര്‍ട്ടിന ഹിംഗിസ് സഖ്യത്തോടാണ് തോറ്റത്. പ്രായം ബാധിക്കാതെ റാക്കറ്റേന്തുന്ന ലിയാന്‍ഡര്‍ പേസും ഇന്ത്യന്‍ ടെന്നീസിനെ ലോകനിലവാരത്തില്‍ നിലനിര്‍ത്തി. ഡേവിസ് കപ്പ് ടെന്നീസിനുള്ള ടീമില്‍ നിന്ന് രോഹന്‍ ബൊപ്പണ്ണയെ ഒഴിവാക്കിയത് വര്‍ഷാന്ത്യത്തില്‍ കല്ലുകടിയായി. മഹേഷ് ഭൂപതിയാണ് ടീം പരിശീലകന്‍.
കബഡി ലോകകപ്പില്‍ ആദ്യ കളിയില്‍ ദക്ഷിണ കൊറിയയോട് തോറ്റെങ്കിലും, പിന്നീട് തുടര്‍ ജയത്തോടെ ഫൈനലിലെത്തിയ ഇന്ത്യ, ദക്ഷിണ കൊറിയയെ തോല്‍പ്പിച്ച് ജേതാക്കളായി. ഇന്ത്യന്‍ അപ്രമാദിത്യത്തിന് വെല്ലുവിളിയുയരുന്നുവെന്ന് സാക്ഷ്യപ്പെടുത്തിയാണ് ലോകകപ്പ് അവസാനിച്ചത്. സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനില്ലാതെയാണ് ചാമ്പ്യന്‍ഷിപ്പ് അരങ്ങേറിയത്.

ഗോള്‍ഫില്‍ വരവറിയിച്ച അദിതി അശോക് പ്രൊഫഷണല്‍ ഗോള്‍ഫ് അസോസിയേഷന്റെ 2017ലേക്കുള്ള ഭാഗിക ടൂര്‍ അംഗത്വം കരസ്ഥമാക്കി. ഇതു സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് അദിതി. യൂറോപ്യന്‍ ടൂര്‍ കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരവുമാണ് അദിതി. പ്രൊഫഷണല്‍ ബില്യാര്‍ഡ്‌സില്‍ പങ്കജ് അദ്വാനിയുടെ മുന്നേറ്റവും തുടരുന്നു. ലോക കിരീടം മറ്റാര്‍ക്കും വിട്ടുകൊടുത്തില്ല അദ്വാനി.

ഇവിടെയും ആവേശം
ആഭ്യന്തര വേദിയിലും ആവേശത്തിമിര്‍പ്പ്. ബാഡ്മിന്റണ്‍ പ്രീമിയര്‍ ലീഗില്‍ ദല്‍ഹി എയ്‌സേഴ്‌സിന്റെ ജയത്തോടെ ആരംഭിച്ച വര്‍ഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുടെ കിരീടധാരണത്തോടെ അവസാനിച്ചു. കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെയാണ് അവര്‍ തോല്‍പ്പിച്ചത്. ഹോക്കി ഇന്ത്യ ലീഗില്‍ പഞ്ചാബ് വാരിയേഴ്‌സ് ജേതാക്കളായപ്പോള്‍, പ്രൊ കബഡി ലീഗില്‍ പട്‌ന പൈറേറ്റസ് കപ്പുയര്‍ത്തി. ഐപിഎല്ലില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് വിജയ കി രീടമണിഞ്ഞു.

തലയുയര്‍ത്തി വിജേന്ദര്‍
വിജേന്ദര്‍ സിങ്ങിനെ പരാമര്‍ശിക്കാതെ 2016ലെ ഇന്ത്യയുടെ കായിക ചരിത്രം പൂര്‍ണമാകില്ല. കഴിഞ്ഞ വര്‍ഷം പ്രൊഫഷണല്‍ ബോക്‌സിങ്ങിലേക്ക് ചുവടുവച്ച വിജേന്ദര്‍ ഈ വര്‍ഷവും തോല്‍വിയറിയാതെ അവസാനിപ്പിച്ചു.

ഈ മാസം 12ന് ന്യൂദല്‍ഹിയില്‍ ഫ്രാന്‍സിസ് ചെക്കയെ നോക്കൗട്ട് ചെയ്ത് ഡബ്ല്യുബിഒ എഷ്യ പസഫിക്ക് സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടം വിജേന്ദര്‍ നിലനിര്‍ത്തി. ജൂലായില്‍ കെറി ഹോപ്പിനെ ഇടിച്ചുവീഴ്ത്തിയാണ് ആദ്യമായി ചാമ്പ്യനായത്. മാര്‍ച്ചില്‍ അലക്‌സാണ്ടര്‍ ഹൊര്‍വത്തും ഏപ്രിലില്‍ മാറ്റ്യോസ് റോയറും, മേയില്‍ ആന്ദ്രെ സോള്‍ദ്രയും വിജേന്ദറിന്റെ കൈക്കരുത്തിനു മുന്നില്‍ ശിരസു കുനിച്ചു.

വിവാദങ്ങളുടെ വര്‍ഷം
വിവാദങ്ങള്‍ക്ക് ഈ വര്‍ഷവും പഞ്ഞമില്ല. ബിസിസിഐയെ നേര്‍വഴിക്കു നടത്താന്‍ ജസ്റ്റിസ് ലോധ സമിതിയെ നിയോഗിച്ച സുപ്രീം കോടതിയും ബോര്‍ഡും തമ്മിലുള്ള പോരാട്ടം 2017ലേക്കും കടക്കുന്നു. ശുപാര്‍ശകളില്‍ ചിലത് അംഗീകരിക്കാമെന്ന് ബിസിസിഐ സമ്മതിച്ചിട്ടുണ്ടെങ്കിലും എല്ലാം അംഗീകരിക്കണമെന്നാണ് ലോധ സമിതിയുടെ നിലപാട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അടുത്ത വര്‍ഷമാദ്യം പ്രതീക്ഷിക്കുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലേക്ക് ഫണ്ടുകള്‍ കൈമാറിയത് സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം.

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനിലെയും വിവിധ അസോസിയേഷനുകളിലെയും വിഴുപ്പലക്കലുകള്‍ വര്‍ഷാവസാനവും തുടരുന്നു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട സുരേഷ് കല്‍മാഡിയും അജയ് ചൗതാലയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനിലേക്ക് തിരിച്ചെത്തിയതാണ് അവസാന ആഴ്ചയിലെ വാര്‍ത്ത. ആജീവനാന്ത പ്രസിഡന്റ് പദവിയിലേക്കാണ് ഇവരെ നിയോഗിച്ചത്. ഇതിനെതിരെ കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ രംഗത്തെത്തി.

വോളിബോള്‍ ഫെഡറേഷനിലെ പടലപ്പിണക്കം ദേശീയ ചാമ്പ്യന്‍ഷിപ്പുകളെ പോലും അവതാളത്തിലാക്കി. രണ്ട് ഭാഗമായി തിരിഞ്ഞാണ് പ്രവര്‍ത്തനം. രാജ്യാന്തര ഫെഡറേഷന്‍ വിഷയത്തിലിടപ്പെട്ടു. ബാസ്‌ക്കറ്റ്‌ബോള്‍ അടക്കം വേറെ ചില ഫെഡറേഷനുകളിലും തമ്മില്‍ത്തല്ല് രൂക്ഷം.

നഷ്ടം മുഹമ്മദ് ഷഹീദ്
ഇന്ത്യന്‍ കായികരംഗത്തിന് 2016ന്റെ ഏറ്റവും വലിയ നഷ്ടം ഹോക്കി താരം മുഹമ്മദ് ഷഹീദ്. 1980 മോസ്‌കോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിലംഗമായ ഷാഹിദ് ജൂലായ് 20നാണ് അന്തരിച്ചത്. മുന്നേറ്റനിരയിലെ പ്രമുഖനായ ഇദ്ദേഹം രാജ്യത്തിന്റെ പലനേട്ടങ്ങളിലും നിര്‍ണായക
പങ്കു വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.