തിരുവനന്തപുരം വിമാനത്താവള വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തെന്ന്

Wednesday 28 December 2016 10:26 pm IST

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് പാക്ക് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി ഹാക്ക് ചെയ്തതായി സൂചന. കാശ്മീരി ചീറ്റ എന്നറിയപ്പെടുന്ന പാക് സൈബര്‍ സംഘമാണ് ആക്രമിച്ചിരിക്കുന്നത്. എന്നാല്‍ ആക്രമിക്കപ്പെട്ടത് പ്രൈവറ്റ് വെബ്‌സൈറ്റാണെന്നും ഔദ്യോഗിക സൈറ്റുകളല്ലെന്നുമുള്ള വാര്‍ത്തകളും പുറത്തുവന്നു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന് ഔദ്യോഗികമായി പ്രത്യേക വെബ്‌സൈറ്റില്ലെന്നും പറയപ്പെടുന്നു. ഇന്നലെ രാവിലെ ഒമ്പതു മണിയോടെ വെബ്‌സൈറ്റ് പൂര്‍വസ്ഥിതിയിലെത്തിച്ചെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും രാത്രി വൈകിയും വൈബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമാണ്. മെസ് വിത് ദി ബെസ്റ്റ്, ഡൈ ലൈക്ക് ദി റെസ്റ്റ് തുടങ്ങിയ സന്ദേശങ്ങളാണ് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ സംഘം മുമ്പും ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങള്‍ക്കു നേരെ സൈബര്‍ ആക്രമണം നടത്തിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യം റായ്പൂരിലെ എഐഐഎംഎസ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തത് ഇവരാണ്. വിവിധ ഇന്ത്യന്‍ സൈറ്റുകള്‍ക്കു നേരെ പാക് ഹാക്കര്‍മാര്‍ തുടര്‍ച്ചയായി ആക്രമണം നടത്തിവരികയാണ്. ഒരു മാസത്തിലധികമായി പ്രവര്‍ത്തനരഹിതമാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ വെബ്‌സൈറ്റെന്ന് ഉപയോക്താക്കള്‍ പറയുന്നു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെതല്ല ഈ വെബ്‌സൈറ്റെന്നും പറയപ്പെടുന്നു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റ് ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതായും ദേശീയ മാധ്യമങ്ങള്‍ തുടക്കത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അത് തെറ്റാണെന്നും വെബ്‌സൈറ്റിന് യാതൊരു തടസ്സങ്ങളുമില്ലെന്നും സിയാല്‍ അധികൃതര്‍ വ്യക്തമാക്കി. പുറത്തുവരുന്ന വാര്‍ത്തകളില്‍ പരാമര്‍ശിക്കുന്ന വെബ്‌സൈറ്റുകള്‍ ഒന്നും തന്നെ ഔദ്യോഗികമല്ലെന്നും സിയാല്‍ അധികൃതര്‍ വിശദീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.