സെക്രട്ടേറിയേറ്റിലെ 30 വകുപ്പുകളില്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്

Wednesday 28 December 2016 10:57 pm IST

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ 30 വകുപ്പുകളില്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നടപ്പാക്കും. പൊതുഭരണ വകുപ്പ,് ധനകാര്യ വകുപ്പ് ഉള്‍പ്പെടെ 30 വകുപ്പുകളിലാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നടപ്പാക്കാന്‍ തത്വത്തില്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തത്. പിഎസ്‌സി അംഗങ്ങളുടെ നിലവിലുള്ള നാല് ഒഴിവുകളിലേക്ക് സുരേഷന്‍.സി (എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പിഡബ്ല്യൂഡി ബില്‍ഡിംഗ്‌സ് ഡിവിഷന്‍, കാസര്‍കോട്), ഡോ.എം.ആര്‍.ബൈജു(പ്രൊഫ., ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍, ഗവ.എഞ്ചിനീയറിംഗ് കോളേജ്, തിരുവനന്തപുരം), ഡോ.ജിനുസക്കറിയ ഉമ്മന്‍,(മനകുപ്പിയില്‍ ഹൗസ്, ഇടനാട് ചെങ്ങന്നൂര്‍), അഡ്വ.രഘുനാഥന്‍ എം.കെ.(മാരാത്ത് ഹൗസ്, കോടന്നൂര്‍, തൃശൂര്‍) എന്നിവരെ നിയമിക്കാന്‍ ഗവര്‍ണര്‍ക്കു ശുപാര്‍ശ നല്‍കി. ലൈറ്റ് മെട്രോ റെയില്‍ പ്രോജക്ടിന്റെ ഡിപ്പോ,യാര്‍ഡ് നിര്‍മ്മാണത്തിനായി കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനു തിരുവനന്തപുരം താലൂക്കില്‍ പളളിപ്പുറം വില്ലേജില്‍ 19.54.716 ഏക്കര്‍ ഭൂമി സൗജന്യമായി പതിച്ച് നല്‍കും. സംസ്ഥാന രൂപീകരണത്തിന്റെ അറുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് 1860 തടവുകാര്‍ക്ക് പ്രത്യേക ശിക്ഷാ ഇളവ് അനുവദിക്കുന്നതിനു ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശ പ്രകാരം 8 ജീവപര്യന്തം തടവുകാര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി അകാല വിടുതല്‍ നല്‍കുന്നതിന് ഗവര്‍ണറോടു ശുപാര്‍ശ ചെയ്യും. റിട്ടയര്‍ ചെയ്ത മുന്‍ ചീഫ് ജസ്റ്റിസ്, ജഡ്ജിമാര്‍ എന്നിവര്‍ക്ക് വിരമിച്ചതിനുശേഷം നല്‍കിവരുന്ന ബത്തകളും ആനുകൂല്യങ്ങള്‍ എന്നിവ പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു. ചീഫ് ജസ്റ്റിസുമാര്‍ക്ക് നിലവിലുളള നിരക്കായ 10000 രൂപ 14000 മായും റിട്ട.ജസ്റ്റിസുമാര്‍ക്ക് നിലവിലുളള നിരക്കായ 8000 രൂപ 12000 മായും പുതുക്കി നിശ്ചയിച്ചു. ആരോഗ്യ വകുപ്പിനു കീഴിലുള്ള വിവിധ ആശുപത്രികളില്‍ അസിസ്റ്റന്റ് ദന്തല്‍ സര്‍ജന്‍മാരുടെ 47 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. ആലപ്പുഴ ഗവണ്‍മെന്റ് ആയൂര്‍വേദ പഞ്ചകര്‍മ്മ ആശുപത്രിയില്‍ ഒരു മെഡിക്കല്‍ ഓഫീസര്‍ (പഞ്ചകര്‍മ്മ) തസ്തിക സൃഷ്ടിക്കും. ഹയര്‍സെക്കന്ററി വിദ്യാഭ്യാസ വകുപ്പിലെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സലിംഗ് സെല്ലില്‍ മൂന്ന് തസ്തികകള്‍ പുതുതായി സൃഷ്ടിക്കും. ഒരു ക്ലാര്‍ക്ക്, രണ്ടു സീനിയര്‍ ക്ലാര്‍ക്ക് എന്നിങ്ങനെയാണിത്. കേരള ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനില്‍ പിഎബിഎക്‌സ് ഓപ്പറേറ്റര്‍ കം റിസപ്ഷനിസ്റ്റിന്റെ ഒരു തസ്തിക പുനരുജ്ജീവിപ്പിക്കുന്നതിന് അനുമതി നല്‍കി. പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള ചേലക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എട്ട് പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും മൂന്ന് തസ്തികകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനും തീരുമാനിച്ചു. എച്ച്എസ്എ-5, ഗ്രാഡ്വേറ്റ് മലയാളം ടീച്ചര്‍-2, സ്‌പെഷ്യല്‍ ടീച്ചര്‍ (മ്യൂസിക്/ഡ്രോയിംഗ്)- 1 തസ്തികകളാണ് സൃഷ്ടിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.