ചെമ്മാട് ടൗണില്‍ മലിനജലം റോഡിലേക്ക് ഒഴുകുന്നു

Thursday 29 December 2016 2:10 pm IST

തിരൂരങ്ങാടി: ചെമ്മാട് ടൗണിലെ അഴുക്കുചാലില്‍ നിന്ന് മലിനജലം റോഡിലേക്ക് ഒഴുകുന്നു. വേനല്‍ക്കാലത്തും ടൗണിലെ ഓടകള്‍ നിറഞ്ഞ നിലയില്‍തന്നെയാണ്. മലിനജലം കോഴിക്കോട് റോഡില്‍ തളംകെട്ടികിടക്കുകയാണ്. ടൗണിലെ മിക്ക സ്ഥാപനങ്ങള്‍ക്കും മാലിനജലം ഒഴുക്കാന്‍ സംവിധാനമില്ല. ഇത്തരം സ്ഥാപനങ്ങള്‍ മലിനജലം അഴുക്കുചാലിലേക്ക് ഒഴുക്കിവിടുകയാണ് പതിവ്. ഇത് നഗരസഭാ അധികൃതരും ആരോഗ്യ വകുപ്പ് അധികൃതരും നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും കര്‍ശന നടപടിയെടുത്തിരുന്നില്ല. കടകളുടെ പൈപ്പുകള്‍ അധികൃതര്‍ നശിപ്പിക്കുകയും ഡ്രൈനേജിലെ പൈപ്പുകള്‍ അടക്കുകയും ചെയ്യുമെന്നല്ലാതെ കാര്യമായ നടപടിയുണ്ടാകാറില്ല. അഴുക്കുചാല്‍ പൂര്‍ണ്ണമായി പരിശോധിക്കുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും മാസങ്ങള്‍ കടന്നുപോയിട്ടും പരിശോധന നടത്തിയില്ല. ഈ അവസരമാണ് വ്യാപാരികള്‍ വീണ്ടും ഉപയോഗപ്പെടുത്തുന്നത്. ദുര്‍ഗന്ധം കാരണം ടൗണിലൂടെ നടന്ന് പോവാന്‍ കഴിയാത്ത അവസ്ഥയാണ്. കോഴിക്കോട് റോഡില്‍ ഡ്രൈനേജ് പൊട്ടി മലിനജലം പരന്നൊഴുകിയിട്ടും നഗരസഭ മൗനം തുടരുകയാണ്. മാലിന്യ പ്രശ്‌നം യാത്രക്കാരെയും വ്യാപാരികളെയും തെല്ലൊന്നുമല്ല അലട്ടുന്നത്. ടൗണിലെ ഓടകള്‍ പൂര്‍ണ്ണമായും പരിശോധിച്ച് നടപടി കര്‍ശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.