കോണ്‍ഗ്രസ് മുക്ത ഭാരതത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍!

Thursday 29 December 2016 9:35 pm IST

പപ്പൂസ്… പാര്‍ലമെന്റിലെ ചര്‍ച്ചയ്ക്കിടെ ഉറക്കം തൂങ്ങുന്ന രാഹുല്‍

കോണ്‍ഗ്രസ് മുക്ത ഭാരതം സൃഷ്ടിക്കുമെന്നാണ് ബിജെപിയുടെ പരസ്യ പ്രഖ്യാപനം. ബിജെപിയുടെ ലക്ഷ്യം അകലെയല്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലിന്റെ പ്രവൃത്തികള്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് മുക്ത ഭാരതത്തിന്റെ ബ്രാന്‍ഡ് അംബാസഡറാണ് രാഹുലെന്നാണ് സോഷ്യല്‍ മീഡിയ പരിഹാസം. രാഹുലിനെ അധ്യക്ഷനാക്കാന്‍ കഴിഞ്ഞ നവംബറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനിച്ചു. പിന്നാലെ, യുപി തെരഞ്ഞെടുപ്പില്‍ പ്രിയങ്കയെ മുഖ്യ പ്രചാരകയാക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കി. രാഹുലില്‍ വിശ്വാസമില്ലെന്ന തുറന്നപ്രഖ്യാപനമാണ്, യുപിയില്‍ രാഹുല്‍ പ്രചാരണം നടത്തി വരുമ്പോള്‍ പ്രിയങ്കയെ രംഗത്തിറക്കാനുള്ള തീരുമാനം. മോദിയുടെ എതിരാളിയായി ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി വിരുദ്ധരും ഒരുവിഭാഗം മാധ്യമങ്ങളും കൊണ്ടുപിടിച്ച് ശ്രമിച്ചിട്ടും പരാജയപ്പെട്ട രാഹുലിനെയാണ് 2016ലും കാണാന്‍ സാധിച്ചത്.

ഞാന്‍ സംസാരിച്ചാല്‍ ഭൂകമ്പം

പ്രധാനമന്ത്രിയുടെ അഴിമതിക്ക് തെളിവുണ്ടെന്നും താന്‍ സംസാരിച്ചാല്‍ ഭൂകമ്പമുണ്ടാകുമെന്നും പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ രാഹുല്‍ അവകാശപ്പെട്ടിരുന്നു. കോണ്‍ഗ്രസ് പാര്‍ലമെന്റ് തടസ്സപ്പെടുത്തുമ്പോഴും തന്നെ സംസാരിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നായിരുന്നു രാഹുലിന്റെ പരാതി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രധാനമന്ത്രിക്കെതിരായ തെളിവുകള്‍ വെളിപ്പെടുത്താനും രാഹുല്‍ തയ്യാറായില്ല. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പൊതുയോഗത്തില്‍ രാഹുല്‍ ബോംബ് പൊട്ടിച്ചപ്പോള്‍ ജനങ്ങള്‍ ചിരിച്ചു.

അസംബന്ധമെന്ന് വ്യക്തമാക്കി സുപ്രീംകോടതി തള്ളിയ ആരോപണമാണ് രാഹുല്‍ വലിയ അവകാശവാദത്തോടെ ഉന്നയിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ സഹാറ ഗ്രൂപ്പില്‍ നിന്ന് മോദി 40 കോടി രൂപ വാങ്ങിയെന്നാണ് ആക്ഷേപം. ആപ്പ് നേതാവ് അരവിന്ദ് കെജ്‌രിവാളും പ്രശാന്ത് ഭൂഷണും ഈ ‘തെളിവു’മായി കോടതിയില്‍ പോയെങ്കിലും വിശ്വാസയോഗ്യമല്ലെന്ന് വ്യക്തമാക്കി തള്ളി.

രാഹുലിന്റെ ആരോപണത്തിനെതിരെ കോണ്‍ഗ്രസ് നേതാവും യുപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ഷീലാ ദീക്ഷിത് തന്നെ രംഗത്തെത്തിയത് പാര്‍ട്ടി പോലും ഈ ആരോപണം വിശ്വസിക്കുന്നില്ലെന്ന് വ്യക്തമാക്കി.

മലക്കം മറിച്ചില്‍

അടിസ്ഥാനരഹിതമായ ആരോപണമുന്നയിക്കുന്നതിന് പുറമെ നിലപാടില്ലാത്ത നേതാവും കൂടിയാണ് രാഹുല്‍. ഗാന്ധിവധവുമായി ബന്ധപ്പെട്ട പ്രസംഗം ഇതിന് ഉദാഹരണം. 2015 മാര്‍ച്ചില്‍ മാഹാരാഷ്ട്ര ഭീവണ്ഡിയില്‍ തെരഞ്ഞെടുപ്പ് റാലിയിലാണ് ഗാന്ധി വധത്തില്‍ ആര്‍എസ്എസ്സിനെതിരെ രാഹുല്‍ പ്രസംഗിച്ചത്.

‘ഗാന്ധിയെ വധിച്ച ആര്‍എസ്്എസ്സുകാരിപ്പോള്‍ ഗാന്ധിയെക്കുറിച്ച് സംസാരിക്കുന്നു. സര്‍ദ്ദാര്‍ പട്ടേലിനെയും ഗാന്ധിയെയും ആര്‍എസ്എസ് എതിര്‍ത്തിരുന്നു’എന്നായിരുന്നു പരാമര്‍ശം. ഇതിനെതിരെ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ 2016 ആഗസ്ത് 24ന് രാഹുല്‍ മലക്കം മറിഞ്ഞു. ഗാന്ധിയെ വധിച്ചത് ആര്‍എസ്എസ്സുമായി ബന്ധമുള്ളവരാണെന്ന് മാത്രമാണ് പറഞ്ഞതെന്നും സംഘടനയെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും സുപ്രീംകോടതിയില്‍ രാഹുല്‍ വിശദീകരിച്ചു.

നിലപാടുമാറ്റത്തില്‍ പരിഹാസ്യനായതോടെ പിറ്റേദിവസം വീണ്ടും നിലപാട് മാറ്റി. പ്രസംഗത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ട്വിറ്ററില്‍ പറഞ്ഞ രാഹുല്‍ കോടതിയിലും ഇത് ആവര്‍ത്തിച്ചു. തുടര്‍ന്ന് രാഹുല്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന രാഹുലിന്റെ ആവശ്യവും കോടതി തള്ളി.

യുപിയിലെ ‘കട്ടില്‍’ പ്രചാരണം

ഉത്തര്‍ പ്രദേശില്‍ ആദ്യം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത് കോണ്‍ഗ്രസ്സാണ്. പാര്‍ട്ടിയെ നയിക്കുന്ന രാഹുലിനെ നയിക്കാന്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ വിലക്കെടുത്തു. കര്‍ഷക യാത്രകളോടെ രാഹുല്‍ പ്രചാരണം ആരംഭിച്ചു.

ആളുകള്‍ കുറവായതിനാല്‍ പലയിടത്തും പരിപാടികള്‍ ഉപേക്ഷിക്കേണ്ടി വന്നു. ഇതോടെ പാര്‍ട്ടി കുറുക്കുവഴി തേടി. കര്‍ഷകര്‍ക്ക് ഇരിക്കുന്നതിനായി കട്ടിലുകള്‍ എത്തിച്ചു. ഇത് പരിപാടിക്ക് ശേഷം പ്രവര്‍ത്തകര്‍ക്ക് സൗജന്യമായി നല്‍കുമെന്നും പ്രഖ്യാപിച്ചു. എന്നാല്‍ രാഹുലിന്റെ പ്രസംഗം കഴിയും മുന്‍പ് പ്രവര്‍ത്തകര്‍ കട്ടിലുമായി കടന്നുകളഞ്ഞു. കട്ടിലുകള്‍ക്കായി രാഹുലിന്റെ മുന്നില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ലി.

യാത്രക്കിടെ രാഹുലിന് നേരെ ചെരിപ്പേറുമുണ്ടായി. സ്വന്തം മണ്ഡലമായ അമേത്തിയില്‍ വേതനവര്‍ദ്ധന ആവശ്യപ്പെട്ട് നൂറ്റമ്പതോളം അംഗനവാടി ജീവനക്കാരായ സ്ത്രീകള്‍ രാഹുലിന്റെ വാഹനവ്യൂഹം തടഞ്ഞ് പ്രതിഷേധിച്ചു. വിവിഐപിയായ എംപിയെ നേരില്‍ കാണാന്‍ സാധിക്കാത്തതാണ് അവരെ പ്രകോപിപ്പിച്ചത്. യാത്ര അവസാനിപ്പിച്ച് ദല്‍ഹിയിലെത്തിയ രാഹുല്‍ ജന്തര്‍മന്ദിറിലെ സ്വീകരണത്തില്‍ നടത്തിയ പ്രസംഗവും വിവാദമായി.

സൈനികരുടെ രക്തത്തിന് പിന്നില്‍ ഒളിച്ചിരുന്ന് രാഷ്ട്രീയ ദല്ലാള്‍പ്പണി നടത്തുകയാണ് പ്രധാനമന്ത്രിയെന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെ രാഷ്ട്രീയ വത്യാസമില്ലാത്തെ നേതാക്കളും മുന്‍ സൈനികോദ്യോഗസ്ഥരും രംഗത്തെത്തി.

തോറ്റ് തോറ്റ്..

രാഹുല്‍ മുഖ്യപ്രചാരകനും നായകനുമായ തെരഞ്ഞെടുപ്പുകളിലെ തോല്‍വി 2016ലും കോണ്‍ഗ്രസ് തുടര്‍ന്നു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലും ആസാമിലും കോണ്‍ഗ്രസ്സിന് ഭരണം നഷ്ടപ്പെട്ടു. ബംഗാളില്‍ ഇടതുപക്ഷത്തിനൊപ്പം കൂടിയിട്ടും ആശിച്ച നേട്ടം ലഭിച്ചില്ല.

തമിഴ്‌നാട്ടില്‍ ഡിഎംകെയുമായുള്ള സഖ്യത്തിലും നിരാശയായിരുന്നു ഫലം. 30 സീറ്റ് മാത്രമുള്ള പുതുച്ചേരി നിലനിര്‍ത്താനായതാണ് ഏക നേട്ടം. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ആറു സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ്സിന് ഭരണം നഷ്ടപ്പെട്ടത്. നോട്ട് റദ്ദാക്കല്‍ മഹാദുരന്തമായി രാഹുല്‍ അവതരിപ്പിക്കുമ്പോള്‍, ഇതിനിടയിലുണ്ടായ തെരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍ വിജയം നേടി.

മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ അപ്രസക്തമാക്കിയാണ് ബിജെപി മുന്നേറിയത്.

പാര്‍ലമെന്റില്‍ സുഖനിദ്ര

പ്രതിപക്ഷ നിരയില്‍ ഏറ്റവും മാധ്യമശ്രദ്ധ ലഭിക്കുന്ന നേതാവായിട്ടും പാര്‍ലമെന്റില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്താന്‍ രാഹുലിനായില്ല. ഓര്‍മ്മയില്‍ തങ്ങുന്ന പ്രസംഗങ്ങളുമില്ല.

പ്രസംഗത്തിലെ അബദ്ധങ്ങളും പാര്‍ലമെന്റിലെ സുഖനിദ്രയും വാര്‍ത്തകളായി. ഗുജറാത്തിലെ ഉനയില്‍ ദളിത് അക്രമം ആരോപിച്ച് പ്രതിപക്ഷ ബഹളം നടക്കുമ്പോഴാണ് പാര്‍ലമെന്റില്‍ തടസ്സമേതുമില്ലാതെ രാഹുല്‍ ഉറങ്ങിയത്. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ പരസ്പരം ബഹളമുയര്‍ത്തി സഭ പ്രക്ഷുബ്ധമായപ്പോള്‍ സ്വന്തം ഇരിപ്പിടത്തില്‍ താടിക്ക് കൈകൊടുത്ത് രാഹുല്‍ സുഖമായുറങ്ങി. പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷം ആരോപണങ്ങള്‍ ഉന്നയിച്ചപ്പോഴും രാജ്‌നാഥ്‌സിങ് മറുപടി നല്‍കിയപ്പോഴും രാഹുല്‍ ഉറക്കം തുടര്‍ന്നു.

നോട്ട് റദ്ദാക്കലുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം സര്‍ക്കാരിനെതിരെ തിരിഞ്ഞപ്പോഴും മുതലെടുക്കാന്‍ രാഹുലിനായില്ല. പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നടത്തിയ പ്രതിഷേധം പൊളിയാനും രാഹുലിന്റെ നടപടി കാരണമായി. യുപിയിലെ കര്‍ഷക പ്രശ്‌നങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ രാഹുലിന്റെ നിലപാട് പ്രതിപക്ഷത്തില്‍ ഭിന്നതയുണ്ടാക്കി. പ്രധാന കക്ഷികള്‍ ബഹിഷ്‌കരിച്ചതും രാഹുലിന് ക്ഷീണമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.