പെരിയാര്‍വാലി കനാലില്‍ വെള്ളമില്ല: എടയപ്പുറത്ത് കിണറുകള്‍ വറ്റിവരണ്ടു

Thursday 29 December 2016 9:54 pm IST

ആലുവ: പെരിയാര്‍വാലി കനാലിലൂടെ വെള്ളം തുറന്നുവിടാത്തതിനെ തുടര്‍ന്ന് എടയപ്പുറം മേഖലയില്‍ കൃഷികള്‍ കരിഞ്ഞുണങ്ങി, കിണറുകളില്‍ നീരുറവ വറ്റി. വേനല്‍ക്കാലത്ത് ആഴ്ച്ചയില്‍ രണ്ട് ദിവസം വീതം വെള്ളം തുറന്നുവിടുന്ന നടപടി വേനല്‍ കടുത്തിട്ടും പെരിയാര്‍ വാലി അധികൃതര്‍ ആരംഭിച്ചിട്ടില്ല. ഭൂതത്താന്‍കെട്ട് ഭാഗത്ത് നിന്നും വരുന്ന മെയിന്‍ കനാല്‍ പെരുമ്പാവൂര്‍, ആലുവ വഴി പറവൂരിലേക്കാണ് പോകുന്നത്. ആലുവ ഭാഗത്തേക്ക് കനാലില്‍ വെള്ളമെത്തിയിട്ട് മാസങ്ങളായി. കനാല്‍ ശുചീകരണം നടത്താതെ അധികൃതര്‍ അലംഭാവം കാണിക്കുന്നതില്‍ ജനങ്ങളില്‍ കടുത്ത പ്രതിഷേധമുണ്ട്. മുഖ്യകനാലിന്റെയും സബ് കനാലുകളുടെയും ശുചീകരണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ചില ഭാഗങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി അംഗങ്ങളായ സ്ത്രീകളെ ഉപയോഗിച്ച് 'കടത്തുകഴിക്കല്‍' ശുചീകരണമാണ് നടക്കുന്നത്. ശുചീകരണം നന്നായി നടക്കാത്തതിനാല്‍ വെള്ളം തുറന്നുവിട്ടാലും എല്ലാ പ്രദേശത്തേക്കും എത്തില്ല. എടയപ്പുറം മേഖലയില്‍ വീടുകളിലെ കിണറുകള്‍ ഉറവയില്ലാത്തതിനാല്‍ വറ്റിവരണ്ട അവസ്ഥയാണ്. കുടിവെള്ളത്തിനായി വാട്ടര്‍ അതോറിട്ടിയുടെ ഭൂഗര്‍ഭ പൈപ്പിനെയാണ് ആശ്രയിക്കുന്നത്. ഭൂഗര്‍ഭ പൈപ്പില്‍ ചോര്‍ച്ചയുണ്ടായതിനാല്‍ ഒരാഴ്ച്ചയോളം ഈ മേഖലയില്‍ വാട്ടര്‍ അതോറിട്ടിയുടെ കുടിവെള്ള വിതരണവും നിലച്ചിരുന്നു. കിണറുകളില്‍ ഉറവയില്ലാത്ത ഘട്ടത്തിലായിരുന്നുവെങ്കില്‍ ജനജീവിതം താറുമാറായേനെ. എടയപ്പുറത്തും കനാല്‍ ശുചീകരണം നാമമാത്രമായാണ് നടന്നിട്ടുള്ളത്. കനാല്‍ വെള്ളം ലഭിക്കാത്തതിനാല്‍ ജാതി, വാഴ, നെല്‍ കര്‍ഷകരെല്ലാം വിഷമത്തിലാണ്. അടിയന്തരമായി കനാല്‍ ശുചീകരിച്ച് വെള്ളം തുറന്നുവിടാനുള്ള നടപടിയുണ്ടാകണമെന്ന് എടയപ്പുറം ടൗണ്‍ഷിപ്പ് റോഡ് റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാബുഖാന്‍, സെക്രട്ടറി സൈല്യഘോഷ് നാരായണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.