മരം കടപുഴകി വീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Thursday 29 December 2016 9:59 pm IST

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്‍ഡിന് സമീപം മരം കടപുഴകി റോഡിലേക്ക് വീണു. മരം വീഴുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പാണ് നിറയെ യാത്രക്കാരുമായി ഒരു ബസ് ഇതുവഴി കടന്നുപോയത്. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. ഇന്നലെ രാവിലെ 10മണിയോടുകൂടി യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ അനക്‌സിന്റെ വളപ്പില്‍നിന്നിരുന്ന മരമാണ് റോഡിലേക്ക് വീണത്. ബസ് സ്റ്റാന്‍ഡില്‍നിന്നും ബസുകള്‍ പുറത്തേക്ക് പോകുന്ന ഭാഗമാണിത്. മറ്റുവാഹനങ്ങളും കാല്‍നടയാത്രക്കാരുമായി എപ്പോഴും തിരക്കനുഭവപ്പെടുന്ന സ്ഥലത്തുമാണ് മരം വീണത്. സംഭവ സമയത്ത് സ്റ്റാന്‍ഡില്‍ തിരക്ക് കുറവായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. നാളുകളായി ഉണങ്ങി നിന്നിരുന്ന മരം അപകടാവസ്ഥയിലായിരുന്നു. മരത്തിന്റെ ഉണങ്ങിയ ചില്ലകള്‍ റോഡിലേയ്ക്ക് വീഴുന്നതും പതിവായിരുന്നു. ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അപകടാവസ്ഥയിലായ മരങ്ങള്‍ ഉടന്‍ വെട്ടിമാറ്റണമെന്ന് നാട്ടുകാര്‍ അധികൃതരോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ചെവിക്കൊള്ളുവാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയ്യാറായിരുന്നില്ലായെന്നാണ് നാട്ടുകാര്‍ പറയുന്നത്. മരം കടപുഴകി റോഡില്‍ വീണ് ഇത് വഴിയുള്ള ഗതാഗതം തടസ്സപ്പെടാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കോട്ടയത്തുനിന്നും അഗ്നിശമനസേനയും സ്ഥലത്തെത്തി മരം മുറിച്ച് നീക്കുവാനുള്ള ശ്രമം ആരംഭിച്ചു. അസ്സിസ്റ്റന്റ് സ്‌റ്റേഷന്‍ മാസ്റ്റര്‍ ജയദേവന്‍, ലീഡിംഗ് ഫയര്‍മാന്‍മാരായ അജിത്ത് കുമാര്‍, പ്രവീണ്‍രാജ്, രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റോഡില്‍ നിന്ന് മരംമുറിച്ച് നീക്കി ഗതാഗതതടസ്സം ഒഴിവാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.