വായനശാലക്ക് വൈദ്യുതി നല്‍കുന്നതിന് യുഡിഎഫ് ഭരണസമിതിക്ക് എതിര്‍പ്പ്

Thursday 29 December 2016 10:04 pm IST

പെരുമ്പാവൂര്‍: വായനശാലക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി തടസംനില്‍ക്കുന്നതില്‍ പ്രതിഷേധിച്ച് ഓണംകുളത്ത് കോണ്‍ഗ്രസുകാര്‍ കൂട്ടരാജിക്ക് ഒരുങ്ങുന്നു. വെങ്ങോല പഞ്ചായത്തിലെ 22-ാം വാര്‍ഡ് ഓണംകുളത്ത് നിര്‍മിച്ച ഗ്രാമീണ വായനശാലക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനെതിരെ വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും രംഗത്തുവന്നതാണ് പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. പഞ്ചായത്ത് സെക്രട്ടറി ഉടമസ്ഥാവകാശപത്രം നല്‍കിയ കെട്ടിടത്തിന് വൈദ്യുതി നല്‍കുന്നതിനാണ് ഭരണസമിതിയും കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളും തടസംനില്‍ക്കുന്നത്. നാട്ടുകാരുടെ കൂട്ടായ്മയിലാണ് ഓണംകുളത്തിന് സമീപം കാടുകയറി ഉപയോഗശൂന്യമായി കിടന്ന സ്ഥലത്ത് വായനശാല കെട്ടിടം നിര്‍മിച്ചത്. പ്രദേശത്തെ മുഴവന്‍ രാഷ്ട്രീയ-സാമൂഹ്യ സംഘടനകളുടെ സഹകരണത്തോടെയാണ് കെട്ടിടം നിര്‍മിച്ചത്. നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത പൊതുയോഗത്തില്‍വച്ച് എല്ലാവിഭാഗം ആളുകളെയും ഉള്‍പ്പെടുത്തി ഭരണസമിതിയും രൂപീകരിച്ചു. എന്നാല്‍ കെട്ടിടനിര്‍മ്മാണത്തിന്റെ തുടക്കം മുതല്‍ പ്രദേശത്തെ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. ഇവരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് പഞ്ചായത്ത് ഭരണസമിതി നാട്ടുകാര്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്ന വായനശാലക്കെതിരെ കടുത്ത നിലപാടുമായി മുന്നോട്ടുപോകുന്നത്. വൈദ്യുതിയില്ലാത്തതിനാല്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. പഞ്ചായത്ത് സെക്രട്ടറി കെട്ടിടത്തിന് ഉടമസ്ഥാവകാശപത്രം നല്‍കിയെങ്കിലും വൈസ് പ്രസിഡന്റിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് വൈദ്യുതി കണക്ഷനുവേണ്ടിയുള്ള സമ്മതപത്രത്തില്‍ ഒപ്പിട്ട് നല്‍കാന്‍ സെക്രട്ടറി തയ്യാറായില്ല. വൈസ് പ്രസിഡന്റിന്റെ നടപടിയില്‍ യുഡിഎഫിലെ മറ്റ് അംഗങ്ങള്‍ക്കും പ്രതിഷേധമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.