ദേവസ്വം ബോര്‍ഡ് പന്തളം കൊട്ടാരത്തോട് നീതി പുലര്‍ത്തുന്നില്ല

Thursday 29 December 2016 10:30 pm IST

പത്തനംതിട്ട: ദേവസ്വം ബോര്‍ഡ് പന്തളം കൊട്ടാരത്തോട് നീതി പുലര്‍ത്തുന്നില്ലെന്ന് കൊട്ടാരം പ്രതിനിധി വിശാഖം തിരുനാള്‍ രാജരാജ വര്‍മ്മ. ശബരിമല ക്ഷേത്രസന്നിധിയില്‍ വരുത്തുന്ന മാറ്റങ്ങളൊന്നും ബോര്‍ഡ് കൊട്ടാരത്തോട് ആലോചിക്കാറില്ല. ആചാരങ്ങളെ തകിടം മറിക്കുന്ന രീതിയിലാണ് ബോര്‍ഡിന്റെ പ്രവര്‍ത്തനം. അയ്യപ്പ സന്നിധിയിലെത്തുമ്പോള്‍ പന്തളം രാജാവ് വിശ്രമിച്ചിരുന്ന മണി മണ്ഡപം പൊളിച്ചു നീക്കി.പകരം സംവിധാനം ഏര്‍പ്പെടുത്തിയില്ല. പന്തളം കൊട്ടാരത്തിന് അര്‍ഹമായ സ്ഥാനം നല്‍കുന്നില്ല. കൊട്ടാരത്തിന്റെ അറിയിപ്പുകള്‍ വകവെക്കാറില്ല. ബോര്‍ഡ് പ്രസിഡന്റ് വിവാദം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. സ്ത്രീ പ്രവേശനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിന് ഉദാഹരണമാണ്. കല്ലും മുള്ളും നിറഞ്ഞ കാനന പാതയായിരുന്നുവെങ്കില്‍ ശബരിമലയില്‍ സ്ത്രീകള്‍ എത്താന്‍ ആഗ്രഹിക്കില്ലായിരുന്നു. സ്ത്രീ പ്രവേശനം സംബന്ധിച്ച് കോടതിയാണ് തീരുമാനമെടുക്കേണ്ടത്. ക്ഷേത്രത്തിന്റെ പേരുമാറ്റം സംബന്ധിച്ച് വിവാദങ്ങള്‍ക്കൊന്നും പ്രസക്തിയില്ല. പരമ്പരാഗതമായി കാനന ക്ഷത്രത്തിലുണ്ടായിരുന്ന ശ്രീധര്‍മ്മശാസ്താവിലേക്ക് അയ്യപ്പചൈതന്യ ലയിച്ച് ചേരുകയായിരുന്നു. ക്ഷേത്രത്തിന്റെ പേരുമാറ്റം കൊണ്ട് അയ്യപ്പന്റെ ബ്രഹ്മചര്യം ഇല്ലാതാകുന്നില്ല. രാജഭരണ കാലത്ത് ക്ഷേത്രം എങ്ങനെ നടത്തികൊണ്ടുപോയോ അതുപോലെ തുടര്‍ന്ന് പോകുമെന്ന് പറഞ്ഞാണ് ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുത്തത്. എന്നാല്‍ അധികാരികള്‍ ക്ഷേത്രത്തെ ലാഭ നഷ്ടം കണക്കാക്കുന്ന കച്ചവടകേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. ബോര്‍ഡ് മെമ്പറുമാരുടെ നിയമനം സംബന്ധിച്ച് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.