തിരുവനന്തപുരം: ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍പ്പെടുത്തി നഗരസഭയിലെ പാപ്പനംകോട് വാര്‍ഡിനെ ആദ്യഡിജിറ്റല്‍ വാര്‍ഡാക്കാന്‍ ബാങ്ക് ഓഫ് ഇന്ത്യ തയ്യാറെടുക്കുന്നു. സ്റ്റാര്‍ ഡിജിറ്റല്‍ വില്ലേജ് പ്രോഗ്രാം എന്നു പേരിട്ടിരിക്കുന്ന പദ്ധതി ഡിജിറ്റല്‍ ഇന്ത്യയിലെ പൈലറ്റ് പദ്ധതിയായി മുന്നോട്ടു കൊണ്ടുപോകാനാണ് ബാങ്ക് ഓഫ് ഇന്ത്യ ഒരുങ്ങുന്നത്. കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന 1,000, 5,00 നോട്ടുകള്‍ പിന്‍വലിച്ച സാമ്പത്തിക പരിഷ്കരണ നടപടിയുടെ തുടര്‍ച്ചയായാണ് സ്റ്റാര്‍ ഡിജിറ്റല്‍ വില്ലേജ് ആവിഷ്കരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി വാര്‍ഡിലെ ബാങ്ക് ഇടപാടുകള്‍ ഡിജിറ്റല്‍ സംവിധാനത്തില്‍ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍, പിഒഎസ് മെഷീനുകള്‍, ഇ-വാലറ്റസ് എന്നിവ ഉപയോഗിച്ച് ബാങ്ക് ഇടപാടുകള്‍ നടത്താന്‍ വാര്‍ഡിലെ പൗരന്മാര്ക്ക് ബാങ്ക് പ്രത്യേകപരിശീലനം നല്‍കും. ഇതിനായി പ്രത്യേക യോഗങ്ങള്‍ റസിഡന്‍സ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തില്‍ വിളിക്കും. പുറമെ പൊതുയോഗങ്ങളും സംഘടിപ്പിക്കും. ഇത്തരം യോഗങ്ങളില്‍ പൗരന്മാരുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കും. കൂടാതെ ബാങ്ക് നേരിട്ട് പരിശീലന പരിപാടികളും സംഘടിപ്പിക്കും.
ഡിജിറ്റല്‍ ഇടപാടുകളിലേക്ക് വരുന്നതിന് എല്ലാ പൗരന്മാരും ആദ്യപടിയായി ബാങ്ക് അക്കൗണ്ട് ഇല്ലെങ്കില്‍ ഏതെങ്കിലുമൊരു ബാങ്കില്‍ സ്വന്തംപേരില്‍ അക്കൗണ്ട് എടുക്കേണ്ടതുണ്ട്. ഒരു എസ്ബി അക്കൗണ്ട് തുടങ്ങുന്നതിന് ആധാര്‍ കാര്‍ഡും അതിന്റെ ഒരു ഫോട്ടോസ്റ്റാറ്റ് പകര്‍പ്പും മതിയാകും.
നിലവില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനായി വ്യാപാരികള്‍ക്കിടയില്‍ സ്വകാര്യസംവിധാനങ്ങളായ പേ ടി എം, പേ യു മണി തുടങ്ങിയവ ഉണ്ട്. കൂടുതല്‍ പണമിടപാടുകള്‍ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍, പിഒഎസ് മെഷീനുകള്‍ എന്നിവ ഉപയോഗിച്ച് നടത്തണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ താത്പര്യപ്പെടുന്നത്. 2016 ഡിസംബര്‍ വരെ ഇതിനുള്ള കമ്മീഷന് ഉത്തരോത്തരം കുറച്ചു നല്‍കിയിരുന്നു. ആയിരം രൂപയ്ക്ക് താഴെയുള്ള ഇടപാടുകളുടെ കമ്മീഷന് 0.25 % വും ആയിരം മുതല്‍ 2000 വരെ 0.50 % വും ആക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത് വ്യക്തികളെ കറന്‍സി രഹിത ഇടപാടുകള്‍ നടത്താന്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കും.
ചില്ലറ ബുദ്ധിമുട്ടുകളുണ്ടെങ്കിലും ഡിജിറ്റല്‍ ബാങ്കിംഗ് സ്വീകരിക്കണമെന്നാണ് പൗരന്മാരോട് ബാങ്കുകള്‍ അഭ്യര്‍ഥിക്കുന്നത്. ലാന്‍ഡ് ഫോണില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗത്തിലേക്ക് മാറാന്‍ ആദ്യം ചില ബുദ്ധിമുട്ടുകളുണ്ടായെങ്കിലും വൈകാതെ ജനം അത് സ്വീകരിച്ചു. തുടക്കത്തിലെ ചെറിയ തടസ്സങ്ങള്‍ കാര്യമാക്കാതെ ഡിജിറ്റല്‍ ബാങ്കിംഗിലേക്ക് പതുക്കെ ചുവടുവയ്ക്കണമെന്നും ബാങ്കുകള്‍ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: