ശിവഗിരി തീര്‍ഥാടനത്തിന് ഇന്ന് തുടക്കം

Thursday 29 December 2016 11:54 pm IST

വര്‍ക്കല: വിശ്വമാനവികതയുടെ മാതൃകാ സ്ഥാനമായ ശിവഗിരി കുന്നുകളില്‍ ഇനി മൂന്നു നാള്‍ ഉത്സവകാലം. എണ്‍പത്തിനാലാമത് ശിവഗിരി തീര്‍ഥാടനത്തിന് ഇന്ന് തുടക്കമാകും. പത്ത് ദിവസത്തെ പഞ്ചശുദ്ധി വ്രതത്തോടെ പീതാംബരധാരികളായി എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ തീര്‍ഥാടന ലക്ഷ്യങ്ങളില്‍ അറിവ് നേടി മഹാ സമാധിമന്ദിരത്തിലെത്തി പ്രണാമങ്ങള്‍ അര്‍പ്പിച്ച് മടങ്ങും. ഇന്ന് രാവിലെ 7.30ന് സ്വാമി പ്രകാശാനന്ദ ധര്‍മ്മ പതാക ഉയര്‍ത്തുന്നതോടെ എണ്‍പത്തിനാലാമത് തീര്‍ത്ഥാടനത്തിന് ആരംഭം കുറിക്കും. രാവിലെ 10 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡണ്ട് സ്വാമി വിശുദ്ധാനന്ദയുടെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഒ.രാജഗോപാല്‍ എംഎല്‍എ, രമേശ് ചെന്നിത്തല എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ആദിവാസി ഗോത്ര മഹാസഭ പ്രസിഡന്റ് സികെ.ജാനു മുഖ്യ പ്രഭാഷണം നടത്തും. സ്വാമി സാന്ദ്രാനന്ദ, സ്വാമി വിശാലാനന്ദ തുടങ്ങിയവര്‍ സംബന്ധിക്കും. ഉച്ചക്ക് 1.30 നു നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം കേന്ദ്ര പ്രകൃതി വാതക പെട്രോളിയം മന്ത്രി ഡോ.ധര്‍മ്മേന്ദ്ര പ്രധാന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. വൈകുന്നേരം 6.30 നു നടക്കുന്ന ആദ്ധ്യാത്മിക സമ്മേളനത്തില്‍ മന്ത്രി കെ.റ്റി.ജലീല്‍ അധ്യക്ഷത വഹിക്കും. ഗുരുദേവന്റെ ജാതിയില്ലാ വിളംബരത്തിന്റെ ശതാബ്ദി ആഘോഷം ചിന്മയ മിഷന്‍ മേധാവി സ്വാമി വിപിക്താനന്ദ സരസ്വതിയും ദര്‍ശനമാല ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം സ്വാമി ചിദാനന്ദ പുരിയും നിര്‍വ്വഹിക്കും. ഗുരുസ്തവം ശതാബ്ദി ആഘോഷം സ്വാമി സച്ചിദാനന്ദയും നിര്‍വൃതി പഞ്ചകം ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം സ്വാമി ബ്രഹ്മ സ്വരൂപാനന്ദയും നിര്‍വ്വഹിക്കും. തീര്‍ത്ഥാടനം ജനുവരി 1ന് സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.