ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരമായിരുന്ന സെറീന വില്യംസ് വിവാഹിതയാവുന്നു. അമേരിക്കയിലെ സോഷ്യല്‍ മീഡിയ വാര്‍ത്താ പ്ളാറ്റ്ഫോം ആയ റെഡ്ഡിറ്റിന്റെ സഹസ്ഥാപകന്‍ അലെക്സിസ് ഒഹാനിയന് ആണ് സെറീനയുടെ മനം കവര്‍ന്നത്.
റെഡ്ഡിറ്റിലൂടെ സെറീന തന്നെയാണ് കാമുകനുമായി തന്റെ വിവാഹ നിശ്ചയം നടക്കാന്‍ പോകുന്ന കാര്യം പുറത്ത് വിട്ടത്. വിവാഹ തീയതി നിശ്ചയിച്ചിട്ടില്ല. മുപ്പത്തിയഞ്ചുകാരിയായ സെറീനയും മുപ്പത്തിമൂന്നുകാരനുമായ ഒഹാനിയനും റോമില്‍ വച്ചാണ് ആദ്യം കാണുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറി.
പക്ഷേ, പ്രണയബന്ധം ഇരുവരും രഹസ്യമായി തന്നെ സൂക്ഷിച്ചു. മാദ്ധ്യമങ്ങളിലൂടെയുള്ള അഭ്യൂഹങ്ങളോടും ഇരുവരും പ്രതികരിച്ചില്ല. പ്രണയം സഫലമാവാന്‍ പോവുന്ന കാര്യം സെറീന പങ്ക് വച്ചത് കവിതയുടെ രൂപത്തിലായിരുന്നു:
അന്ന് ഞാന്‍ വീട്ടിലെത്തിയത് അല്പം വൈകിയായിരുന്നു. ആരോ ഒരാള്‍ എന്റെ ബാഗുകള്‍ പായ്ക്ക് ചെയ്തു വച്ചിരുന്നു. ഒരു വണ്ടി എന്നെ കാത്ത് കിടപ്പുണ്ടായിരുന്നു. റോമായിരുന്നു ലക്ഷ്യസ്ഥാനം: എന്നിങ്ങനെയാണ് കവിതയിലെ ചില വരികള്‍. ഇതിന് മറുപടിയായി ഒഹാനിയന് കുറിച്ചത് നിങ്ങള്‍ എന്നെ ഭൂഗോളത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യനാക്കി എന്നായിരുന്നു.
ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ കിരീടം നേടിയ സെറീന, 71 സിംഗിള്‍സ് കിരീടങ്ങളാണ് കരിയറില്‍ ആകെ സ്വന്തമാക്കിയിട്ടുള്ളത്. തുടര്‍ച്ചയായി 186 ആഴ്ച ലോക ഒന്നാം നമ്പര്‍ താരത്തിന്റെ പദവി കൈവശം വച്ചിരുന്നെന്ന റെക്കോര്‍ഡും സെറീനയ്ക്കാണ്. എന്നാല്‍ സെപ്തംബറില്‍ സെറീന പിന്തള്ളി ഏഞ്ജലിക് കെര്‍ബര്‍ ഒന്നാം സ്ഥാനത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: