റേഷന്‍ മുന്‍ഗണനാ പട്ടിക: അനര്‍ഹരെ ഒഴിവാക്കാന്‍ നടപടി തുടങ്ങി

Friday 30 December 2016 11:47 am IST

കോഴിക്കോട്: റേഷന്‍ കാര്‍ഡ് മുന്‍ ഗണനാ പട്ടികയില്‍ അനധികൃമായി കടന്നു കൂടിയവരെ കണ്ടെത്താന്‍ ജില്ലാ ഭരണകൂടം നടപടികള്‍ തുടങ്ങി. റേഷന്‍ കാര്‍ഡ് മുന്‍ഗണന പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചപ്പോള്‍ നിരവധി അനര്‍ഹര്‍ തെറ്റായ വിവരം നല്‍കി മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടതായി അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇത്തരത്തില്‍ അനധികൃതമായി പട്ടികയില്‍പ്പെട്ടവരോട് താലൂക്ക് സപ്ലൈ ഓഫസിലോ, സിറ്റി റേഷനിംങ്ങ് ഓഫീസിലോ നേരിട്ടോ തപാലിലോ അപേക്ഷകൊടുത്ത് ലിസ്റ്റില്‍ നിന്ന് പേര് നീക്കം ചെയ്യാനുളള കര്‍ശന നിര്‍ദ്ദേശം നല്‍കി. എന്നാല്‍ നിരവധി പേര്‍ ഇനിയും ഇതിന് തയ്യാറായിട്ടില്ല. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുന്നവരുടെ എണ്ണം സര്‍ക്കാര്‍ നിജപ്പെടുത്തിയതിനാല്‍ അര്‍ഹതയില്ലാത്തവര്‍ പട്ടികയില്‍ സ്ഥലം പിടിക്കുമ്പോള്‍ അര്‍ഹരായ നിരാലംബരായ, മാരക അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്ന നിരവധിപേര്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടാതെ പോവും. ജില്ലാ ഭരണകൂടം ഇത് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അനര്‍ഹരായവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി അര്‍ഹരായവര്‍ക്ക് നീതി ഉറപ്പാക്കാന്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതായി ജില്ലാ കലക്ടര്‍ എന്‍, പ്രശാന്ത് പറഞ്ഞു. അനര്‍ഹരെ കണ്ടെത്താനുള്ള സ്‌ക്വാഡ് ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഇതിനകം 54 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അര്‍ഹതയില്ലാത്ത ആരെങ്കിലും റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയില്‍ കയറിക്കൂടിയിട്ടുണ്ടെങ്കില്‍ അവരുടെ പേരും, വിലാസവും, അവരുള്‍പ്പെടുന്ന റേഷന്‍ കടയുടെ പേര്‍, കാര്‍ഡ് നമ്പര്‍, അനര്‍ഹരാവാനുള്ള കാരണം എന്നിവ സഹിതം അയച്ച് നല്‍കുകയോ കലക്ട്രേറ്റില്‍ സ്ഥാപിച്ചിരിക്കുന്ന പരാതിപ്പെട്ടിയില്‍ പരാതി ആയി നിക്ഷേപിക്കുകയോ ചെയ്യാം. ഉപഭോക്താക്കളെ നേരില്‍ അറിയാവുന്ന റേഷന്‍ ഷോപ്പ് ഉടമകള്‍ക്കും വിവരങ്ങള്‍ നല്‍കാം. പരാതിയില്‍ പരാതിക്കാരന്റെ പേരും വിലാസവും നിര്‍ബന്ധമില്ല. പരാതി നല്‍കുന്നതിന് മുമ്പ് മാനദണ്ഡങ്ങള്‍ പരിശോധിക്കണം. സംസ്ഥാന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, അദ്ധ്യാപകര്‍, പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളില്‍ സ്ഥിരം ജോലിയുള്ളവര്‍, സര്‍വ്വീസ് പെന്‍ഷണര്‍മാര്‍ ,ആയിരം ചതുരശ്ര അടിക്ക് മീതെ വീട്, ഫ്‌ളാറ്റുള്ളവര്‍, ആദായനികുതി കൊടുക്കുന്നവര്‍, സ്വന്തമായി നാല് ചക്രവാഹനമുള്ളവര്‍ ( നാല് ചക്രമുള്ള ഓട്ടോ ഒഴിവാക്കിയിട്ടുണ്ട്). സ്വന്തമായി ഒരേക്കറിലധികം ഭൂമിയുള്ളവര്‍ . പ്രതിമാസം 25000 ത്തിലധികം സ്ഥിരവരുമാനമുള്ളവര്‍ എന്നിവര്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ യോഗ്യരല്ല. അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടും ഇത്തരത്തില്‍ ആനുകൂല്യം കൈപ്പറ്റുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ക്കു വകുപ്പുണ്ട്. അനര്‍ഹരെന്നു തെളിഞ്ഞാല്‍ 1955 ലെ അവശ്യ സാധനനിയമം 7 (മ) (1) പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 120 പ്രകാരവും ഒരു വര്‍ഷം തടവ് ശിക്ഷയും, പിഴയും ഈടാക്കാവുന്നതും, റേഷന്‍ കാര്‍ഡ് സ്ഥിരമായി റദ്ദ് ചെയ്യാവുന്നതും, കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ മാര്‍ക്കറ്റ് വിലയീടാക്കാവുന്നതുമായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.