ഗുരുധര്‍മ്മത്തില്‍ ലയിച്ച് ജനലക്ഷങ്ങള്‍ ശിവഗിരിയിലേക്ക്

Friday 30 December 2016 10:54 pm IST

 

84-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെഭാഗമായി നടന്ന വിദ്യാഭ്യാസ സമ്മേളനം കേന്ദ്ര പ്രകൃതിവാതക പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഉദ്ഘാടനം ചെയ്യുന്നു

വര്‍ക്കല: 84-ാമത് ശിവഗിരി തീര്‍ഥാടനത്തിന് പ്രൗഢോജ്ജ്വല തുടക്കം. ഗുരുധര്‍മത്തിന്റെ കേളികൊട്ടുയര്‍ത്തി ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് ശിവഗിരിയിലേക്ക് ഒഴുകിയെത്തിയത്. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ സനാതന ധര്‍മത്തിന്റെ മന്ത്രങ്ങള്‍ ഉരുവിട്ട് ഭക്തലക്ഷങ്ങള്‍ ശിവഗിരിക്കുന്നുകളെ മഞ്ഞക്കടലാക്കി.

നാടിന്റെ നാനാദിക്കുകളില്‍ നിന്നെത്തിയ ഭക്തര്‍ ശ്രീനാരായണ മന്ത്രങ്ങളാല്‍ പവിത്രമായ ശിവഗിരി മഹാസമാധിയെ വലംവച്ചു. രാവിലെ 7.30ന് ധര്‍മസംഘം മുന്‍പ്രസിഡന്റും മുതിര്‍ന്ന സന്ന്യാസിവര്യനുമായ സ്വാമി പ്രകാശാനന്ദ ധര്‍മപതാക ഉയര്‍ത്തിയതോടെയാണ് തീര്‍ഥാടന പരിപാടികള്‍ക്ക് ഔദ്യോഗികമായി തുടക്കമായത്. 10ന് നടന്ന ആദ്യസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഒ. രാജഗോപാല്‍ എംഎല്‍എ, സ്വാമി പ്രകാശാനന്ദ, സച്ചിദാനന്ദ, സാന്ദ്രാനന്ദ, വിശാലാനന്ദ, എം.ഐ. ദാമോദരന്‍, ഗോകുലം ഗോപാലന്‍, എ. സമ്പത്ത് എംപി, ഡിഐജി പി. വിജയന്‍, ടി.എസ്. പ്രകാശ്, ബിന്ദു ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ സച്ചിദാനന്ദ രചിച്ച ശ്രീനാരായണ ദര്‍ശനം ആശാന്റെ ഗുരുസ്തവത്തിലൂടെ എന്ന പുസ്തകം മുഖ്യമന്ത്രി പ്രകാശിപ്പിച്ചു.

ഉച്ചയ്ക്ക് വിദ്യാഭ്യാസസമ്മേളനം കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി അടൂര്‍പ്രകാശ്, ഡോ കെ.എസ് രാധാകൃഷ്ണന്‍, ധര്‍മചൈതന്യ സ്വാമി, ഡോ കെ.ജി സുരേഷ് എന്നിവര്‍ സംസാരിച്ചു. വൈകിട്ട് നടന്ന ആദ്ധ്യാത്മിക സമ്മേളനത്തിന് മന്ത്രി കെ.ടി. ജലീല്‍ അധ്യക്ഷത വഹിച്ചു.

ജാതിയില്ലാ വിളംബര ശതാബ്ദിയുടെ ഉദ്ഘാടനം സ്വാമി വിവിക്താനന്ദ സരസ്വതിയും ദര്‍ശനമാലാ ശതാബ്ദിയുടെ ഉദ്ഘാടനം സ്വാമി ചിദാനന്ദപുരിയും ഗുരുസ്തവം ശതാബ്ദി ഉദ്ഘാടനം സ്വാമി സച്ചിദാനന്ദയും നിര്‍വൃതി പഞ്ചകം ശതാബ്ദി ഉദ്ഘാടനം സ്വാമി ബ്രഹ്മസ്വരൂപാനന്ദയും നിര്‍വഹിച്ചു. സ്വാമി വിശുദ്ധാനന്ദ, ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം, സെയ്ത് ഇബ്രാഹിം ഖലീല്‍ അല്‍ ബുഹാരി, സജീവ് നാരായണന്‍, വി. ജോയി എംഎല്‍എ, സുരേഷ് മുംബൈ എന്നിവര്‍ പ്രസംഗിച്ചു. സ്വാമി സംപ്രസാദാനന്ദ രചിച്ച മാണ്ഡൂക്യകാരികയുടെ വ്യാഖ്യാനം ചടങ്ങില്‍ പ്രകാശിപ്പിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം രാവിലെ 9.30ന് ചലച്ചിത്ര നടി മഞ്ജുവാര്യര്‍ നിര്‍വഹിച്ചു.

ഇന്ന് പുലര്‍ച്ചെ 4.30ന് ആരംഭിക്കുന്ന തീര്‍ഥാടനഘോഷയാത്രയാണ് പ്രധാന ചടങ്ങ്. ഗുരുദേവ റിക്ഷയ്ക്ക് പതിനായിരങ്ങള്‍ അകമ്പടി സേവിക്കും. 10ന് നടക്കുന്ന തീര്‍ഥാടന മഹാസമ്മേളനം കേന്ദ്ര ടൂറിസംമന്ത്രി ഡോ മഹേഷ് ശര്‍മ ഉദ്ഘാടനം ചെയ്യും. സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിക്കും. കാര്‍ഷിക, വ്യാവസായിക സമ്മേളനം കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറും ശാസ്ത്ര സാങ്കേതിക സമ്മേളനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.