കായല്‍ ടൂറിസം മേഖലയില്‍ സഞ്ചാരികളുടെ ചാകര

Friday 30 December 2016 8:07 pm IST

ആലപ്പുഴ: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് കേരളം കടുത്ത പ്രതിസന്ധിയിലായെന്ന് ധനമന്ത്രിയുടെ നേതൃത്വത്തില്‍ കുപ്രചാരണം നടക്കുമ്പോള്‍ ടൂറിസം മേഖലയില്‍ വിനോദസഞ്ചാരികളുടെ കുത്തൊഴുക്ക്. കായല്‍ ടൂറിസം രംഗത്ത് ഇതുവരെയുണ്ടാകാത്ത തിരക്കാണ് ആഴ്ചകളായി അനുഭവപ്പെടുന്നതെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. നോട്ട് അസാധുവാക്കല്‍ ടൂറിസം മേഖലയെ തരിമ്പും ബാധിച്ചിട്ടില്ല. സീസണ്‍ കാലയളവില്‍ സഞ്ചാരികളുടെ ധാരാളമായുള്ള വരവ് നവോന്മേഷം പകരുകയാണുണ്ടായതെന്ന് ആലപ്പുഴ സാക്ഷ്യപ്പെടുത്തുന്നു. വിദേശികളും അന്യസംസഥാന സഞ്ചാരികളും ധാരാളമായി ഹൗസ്‌ബോട്ട് യാത്രയ്ക്ക് എത്തുന്നുണ്ടെന്ന് ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി.എന്‍. ശ്രീകുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. ക്രിസ്തുമസും പുതുവത്സരവും കായല്‍ ടൂറിസം മേഖലയ്ക്ക് ചാകരയായി മാറി. ബാറുകള്‍ നിരോധിച്ചതോടെ മാന്ദ്യത്തിലായിരുന്നു കായല്‍ ടൂറിസംരംഗം. വിദേശ സഞ്ചാരികള്‍ കേരളത്തെ ഉപേക്ഷിച്ച് ശ്രീലങ്കയിലേക്ക് കൂടുതലായി പോയിത്തുടങ്ങിയതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ആഭ്യന്തര സഞ്ചാരികള്‍ എത്തുന്നത് മാത്രമായിരുന്നു ആശ്വാസം. എന്നാല്‍ അടുത്തിടെയായി വടക്കേ ഇന്ത്യയില്‍ നിന്നുള്ളവരും വിദേശികളും ധാരാളമായി എത്തുന്നുണ്ട്. മുന്‍കൂട്ടി ബുക്കുചെയ്യാത്തവര്‍ക്ക് ഹൗസ് ബോട്ടുകള്‍ ലഭിക്കാത്ത സ്ഥിതിവിശേഷമാണുള്ളത്. ഓഫ് സീസണ്‍ കാലയളവില്‍ വാങ്ങിയിരുന്നതിനേക്കാള്‍ രണ്ടും മൂന്നും ഇരട്ടി തുകയാണ് ഹൗസ്‌ബോട്ട് യാത്രകള്‍ക്ക് ഈടാക്കുന്നത്. നോട്ടുക്ഷാമം ഉണ്ടെന്ന് പ്രചാരണമുണ്ടെങ്കിലും നിലവില്‍ യാതൊരു പ്രതിസന്ധിയും ഇല്ല. നവംബര്‍ എട്ടിനുശേഷം ഒന്നുരണ്ടാഴ്ചകള്‍ സഞ്ചാരികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിരുന്നു. എന്നാല്‍ ഡിസംബറായതോടെ കാര്യങ്ങള്‍ മാറി. ഇടപാടുകള്‍ ഏതാണ്ട് പൂര്‍ണ്ണമായും ബാങ്കുകള്‍ മുഖേനയായതിനാല്‍ നോട്ടുക്ഷാമം ബാധിക്കുന്നില്ല. വിദേശ സഞ്ചാരികള്‍ നേരത്തെ ബുക്ക് ചെയ്താണ് എത്തുന്നത്. അവരും ഇ-പേമെന്റാണ് നടത്തുന്നത്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. കായല്‍ ടൂറിസത്തിന്റെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന പുന്നമടയിലേക്ക് നടുവൊടിയാതെ സഞ്ചരിക്കാന്‍ കഴിയുന്ന നല്ല റോഡുകള്‍ പോലുമില്ല. മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കിയാല്‍ കായല്‍ ടൂറിസം രംഗത്ത് ഇനിയും മുന്നേറാന്‍ സംസ്ഥാനത്തിന് സാധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.