സോളാര്‍ ബോട്ടുമായി ജലഗതാഗത വകുപ്പും ഹൈടെക്കാകുന്നു

Friday 30 December 2016 11:23 pm IST

ആലപ്പുഴ: ജലഗതാഗത വകുപ്പ് കേന്ദ്ര സഹായത്തോടെ ഹൈടെക്കായി. ഡീസല്‍ ബോട്ട് പഴങ്കഥയാക്കി സൗരോര്‍ജ്ജയാത്രാബോട്ട് സര്‍വീസിനാണ് തയ്യാറെടുക്കുന്നത്. ആദ്യ സോളാര്‍ യാത്രാ ബോട്ട് ജനുവരി 12 ന് വൈക്കം കായലില്‍ നീരണിയും. വൈകിട്ട് അഞ്ചിന് വൈക്കം ബോട്ട്‌ജെട്ടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബോട്ടിന്റെ ആദ്യയാത്ര ഉദ്ഘാടനം ചെയ്യും. കേന്ദ്രഊര്‍ജ്ജമന്ത്രി പീയൂഷ് ഗോയല്‍ മുഖ്യാതിഥിയാകും. വൈക്കം തവണക്കടവ് റൂട്ടിലാവും പരീക്ഷണസര്‍വീസ്. കൂടുതല്‍ സൗരോര്‍ജ ബോട്ടുകളിറക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ കേന്ദ്രസഹായം തേടിയിരുന്നു. കേന്ദ്രമന്ത്രി പീയൂഷ് ഗോയലുമായി മന്ത്രി മുമ്പ് ചര്‍ച്ച നടത്തി. കൂടുതല്‍ ബോട്ടുകള്‍ ഇറക്കാന്‍ കേന്ദ്രസഹായം ലഭ്യമാക്കാമെന്നും പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ജലഗതാഗത വകുപ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രണ്ടു കോടി രൂപ മുടക്കില്‍ ആലുവ തോട്ടയ്ക്കാട്ടുകരയിലെ യാര്‍ഡിലാണ് ബോട്ട് നിര്‍മ്മിച്ചത്. ഫ്രഞ്ച് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഫ്രഞ്ച് കമ്പനിയും കേരളത്തിലെ ഒരു സ്വകാര്യ കമ്പനിയും സംയുക്തമായാണ് നിര്‍മ്മാണം. യന്ത്രഭാഗങ്ങള്‍ ഫ്രാന്‍സില്‍ തയ്യാറാക്കി സെറ്റ് ചെയ്ത ശേഷമാണ് കൊച്ചിയില്‍ കൊണ്ടുവന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ സൗരോര്‍ജ്ജ ബോട്ട് സാധാരണമാണെങ്കിലും ഇന്ത്യയില്‍ ആദ്യം. നിലവില്‍ 49 ബോട്ടുകളാണ് ജലഗതാഗത വകുപ്പിനുള്ളത്. പരമ്പരാഗത തടിബോട്ടുകള്‍ക്ക് കാലപ്പഴക്കമേറിയതോടെ ഇവ ക്രമേണ പിന്‍വലിച്ച് പകരം സ്റ്റീല്‍ ബോട്ടുകളാണ് ഇറക്കിയത്. സ്റ്റീല്‍ ബോട്ടിന് 75 ലക്ഷം രൂപയോളം നിര്‍മ്മാണച്ചെലവുവരും. തടിബോട്ടിന് ഒരു മണിക്കൂര്‍ ഓടാന്‍ ഒമ്പതു ലിറ്റര്‍ ഡീസല്‍ വേണം. സ്റ്റീല്‍ ബോട്ടിന് പത്തു ലിറ്ററാണ് വേണ്ടത്. നേരത്തെ ഫൈബര്‍ ബോട്ടുകള്‍ പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. 75 സീറ്റുള്ള സോളാര്‍ ബോട്ട് ജലഗതാഗത വകുപ്പില്‍ ആധുനികതയ്ക്ക് അടിത്തറപാകുമെന്നും കൂടുതല്‍ ബോട്ട് ഇറക്കുന്നതോടെ 40 ശതമാനം ചെലവ് കുറയ്ക്കാന്‍ കഴിയുമെന്നും ജലഗതാഗതവകുപ്പ് പ്രതീക്ഷിക്കുന്നു. ആദ്യ ഒരു വര്‍ഷം ബോട്ടിന് കമ്പനിയുടെ ഗ്യാരണ്ടിയുണ്ട്. തുടര്‍ന്നുള്ള അഞ്ചു വര്‍ഷം എല്ലാവിധ അറ്റകുറ്റപ്പണിയും കമ്പനി നിര്‍വ്വഹിക്കും. ലിഥിയം ബാറ്ററിയിലേക്കാണ് സൗരോര്‍ജ്ജം ശേഖരിക്കപ്പെടുന്നത്. ടിക്കറ്റ് നിരക്ക് നിലവിലുള്ള ബോട്ടുകള്‍ക്ക് സമാനമായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.