പതിപ്പള്ളിയില്‍ 105 ലിറ്റര്‍ കോട എക്‌സൈസ് പിടികൂടി നശിപ്പിച്ചു

Friday 30 December 2016 9:44 pm IST

കാഞ്ഞാര്‍: പതിപ്പള്ളി മേമുട്ടത്തിന് സമീപം വനത്തിനുള്ളില്‍ വാറ്റ് കേന്ദ്രത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ കേന്ദ്രം നശിപ്പിച്ചു. 105 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളുമാണ് പിടികൂടി നശിപ്പിച്ചത്. പുതുവര്‍ഷ ആഘോഷത്തിനായി വന്‍ തോതില്‍ വാറ്റ് നടക്കുന്നതായി എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. രണ്ടാഴ്ച മുമ്പും ഇവിടെ സംഘം പരിശോധന നടത്തി കോട ഉള്‍പ്പെടെയുള്ളവ നശിപ്പിച്ചിരുന്നു. ഇടുക്കി എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍മാരായ ലിജോ ഉമ്മന്‍, വി.ജെ ഡൊമിനിക്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബിജു കെ ആര്‍, റോയിച്ചന്‍ കെ.പി, വി സുമേഷ്, ജോര്‍ജ് ടി പോള്‍, ഡ്രൈവര്‍ ശശി എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. പ്രദേശത്ത് വന്‍തോതില്‍ വാറ്റ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ച് വരുന്നതായി റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. നഗരത്തിലേതടക്കം റിസോര്‍ട്ടുകളിലേക്ക് ഇവിടെ നിന്നും ചാരായം വില്‍പ്പന നടത്തുന്നതായും വിവരം ലഭിച്ചിരുന്നു. പട്ടികവര്‍ഗ സെറ്റില്‍മെന്റ് കോളനിയായതിനാല്‍ ഇവിടെ പോലീസും എക്‌സൈസും കാര്യമായ പരിശോധന നടത്തിയിരുന്നില്ല ഇത് മുതലെടുത്തതാണ് മേഖല വാറ്റ് കേന്ദ്രമായി മാറിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന്് എക്‌സൈസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.