ദേശീയ സീനിയര്‍ വോളിബോള്‍ :പുരുഷന്മാരില്‍ കേരളം

Friday 30 December 2016 10:00 pm IST

ചെന്നൈ: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ കിരീടം കേരളത്തിന്. അഞ്ചു സെറ്റ് നീണ്ട കളിയില്‍ റെയില്‍വേയുടെ കനത്ത വെല്ലുവിളി അതിജീവിച്ചാണ് കേരളം കിരീടം സ്വന്തമാക്കിയത്, സ്‌കോര്‍: 25-17, 20-25, 26-24, 25-27, 15-9. അതേസമയം, വനിതകളില്‍ റെയില്‍വേയുടെ കരുത്തിനു മുന്‍പില്‍ ഒരിക്കല്‍ കൂടി അടിപതറി കേരളം, സ്‌കോര്‍: 25-21, 21-25, 25-15, 25-21. പുരുഷന്മാരില്‍ ആദ്യ സെറ്റ് നേടിയ ശേഷം രണ്ടാം സെറ്റ് കൈവിട്ടു കേരളം. മൂന്നാം സെറ്റ് കേരളവും നാലാമത്തേത് റെയില്‍വേയും നേടിയത് കടുത്ത പോരാട്ടത്തിനൊടുവില്‍. വിധി നിര്‍ണയിച്ച അഞ്ചാം സെറ്റ് അനായാസം സ്വന്തമാക്കിയാണ് ഒരിക്കല്‍ കൂടി കേരളം ദേശീയ ജേതാക്കളായത്. വനിതകളില്‍ രണ്ടാം സെറ്റ് നേടിയതൊഴിച്ചാല്‍ നിരാശജനകമായിരുന്നു പ്രകടനം. ഒന്നാമത്തേയും അവസാനത്തേയും സെറ്റില്‍ പൊരുതിയാണ് കീഴടങ്ങിയതെന്നു മാത്രം ആശ്വാസം. പുരുഷന്മാരില്‍ തമിഴ്‌നാടും വനിതകളില്‍ മഹാരാഷ്ട്രയും മൂന്നാം സ്ഥാനം നേടി. സെമിയില്‍ തോറ്റവരുടെ മത്സരത്തില്‍ തമിഴ്‌നാട് ഒന്നിനെതിരെ മൂന്നു സെറ്റിന് പഞ്ചാബിനെ കീഴടക്കി, സ്‌കോര്‍: 20-25, 25-20, 34-32, 25-21. കടുത്ത പോരാട്ടത്തിനൊടുവിലാണ് പഞ്ചാബ് കീഴടങ്ങിയത്. ആദ്യ ഗെയിം നേടിയ അവര്‍ മൂന്നാം ഗെയിമില്‍ ഇഞ്ചോടിഞ്ച് പൊരുതി. വനിതകളില്‍ ആന്ധ്രപ്രദേശിനെ നേരിട്ടുള്ള സെറ്റുകളില്‍ തുരത്തി മഹാരാഷ്ട്ര മൂന്നാം സ്ഥാനം നേടിയത്. ആധികാരികമായിരുന്നു മഹാരാഷ്ട്രയുടെ ജയം. സ്‌കോര്‍: 25-15, 25-17, 25-9.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.