അഭിപ്രായ സ്വാതന്ത്ര്യം താരവും ഭാരവും

Friday 30 December 2016 10:42 pm IST

പ്രശസ്ത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നോട്ടുപിന്‍വലിക്കല്‍ നടപടിയുടെ പേരില്‍ വിമര്‍ശിച്ചിരിക്കുന്നു. നോട്ടു പിന്‍വലിച്ച നടപടി ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയെന്നും അതിനുപിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും എംടി പറഞ്ഞു. ഇതിനെതിരെ ബിജെപി രംഗത്തുവന്നു. നോട്ടു പിന്‍വലിക്കല്‍ നടപടിയില്‍ അഭിപ്രായം പറയാന്‍ എംടിക്ക് യോഗ്യതയില്ലെന്ന് ബിജെപി അഭിപ്രായപ്പെട്ടു. എംടിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ആര് എന്തുപറയണമെന്ന് രാഷ്ട്രീയ കക്ഷികളല്ല തീരുമാനിക്കുന്നതെന്നും എംജിഎസ് അഭിപ്രായപ്പെട്ടു. എംടിയെ വിമര്‍ശിക്കുക വഴി ബിജെപിയുടെ ഫാസിസ്റ്റു മുഖമാണ് പുറത്തുവന്നിരിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയിറക്കി. ധനമന്ത്രി തോമസ് ഐസക് കുറച്ചുകൂടി മുന്നോട്ടു പോയി. ബിജെപിക്ക് കേരളത്തില്‍ എന്ത് സ്വാധീനമാണുള്ളതെന്ന ചോദ്യവും ധനമന്ത്രി ഉന്നയിച്ചു. ചുരുക്കത്തില്‍ 1) അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുള്ളതാണ് 2) എംടിയെ വിമര്‍ശിച്ച ബിജെപിക്ക് ഫാസിസ്റ്റ് മുഖമാണുള്ളത്. 3) കേരളത്തില്‍ സ്വാധീനമില്ലാത്ത ബിജെപിക്ക് അഭിപ്രായം പറയാന്‍ അര്‍ഹതയില്ല. പ്രശസ്ത നടന്‍ മോഹന്‍ലാല്‍ നോട്ടു പിന്‍വലിക്കലിനെ പിന്താങ്ങി സോഷ്യല്‍ മീഡിയയില്‍ എഴുതിയപ്പോള്‍ കോടിയേരി ഉള്‍പ്പെടെയുള്ള ഇടതുപക്ഷ നേതാക്കള്‍ അദ്ദേഹത്തെ അധിക്ഷേപിച്ചത് കേരളം മറന്നിട്ടില്ല. മോഹന്‍ലാലിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും അത് തടയാന്‍ ഏതെങ്കിലും രാഷ്ട്രീയ കക്ഷിക്ക് അധികാരമില്ലെന്ന് എംജിഎസ് പറഞ്ഞില്ല. എംടിയെ വിമര്‍ശിക്കുമ്പോള്‍ ബിജെപിയുടെ ഫാസിസ്റ്റു മുഖമാണ് പുറത്തുവരുന്നത് എങ്കില്‍ മോഹന്‍ലാലിനെ വിമര്‍ശിച്ചപ്പോള്‍ സിപിഎമ്മിന്റെ ഏതുമുഖമാണ് പുറത്തുവന്നത്? കേരളത്തില്‍ സ്വാധീനമില്ലാത്തതിനാല്‍ ബിജെപിക്ക് അഭിപ്രായം പറയാന്‍ അവകാശമില്ലെങ്കില്‍ ഭാരതത്തില്‍ തുച്ഛ സ്വാധീനം മാത്രമുള്ള സിപിഎമ്മിന് അഭിപ്രായം പറയാന്‍ അവകാശമുണ്ടാകുന്നതെങ്ങനെ? ജനാധിപത്യവിരുദ്ധ മനഃസ്ഥിതി പ്രകടമാക്കുന്നതാണ് ഈ നിലപാട്. എംടിയെ പിന്തുണക്കുന്നതിലും മോഹന്‍ലാലിനെ എതിര്‍ക്കുന്നതിലും ഗൂഢലക്ഷ്യമുണ്ട്. ബിജെപിയെ ഫാസിസ്റ്റെന്ന് വിളിക്കുന്നതും ഈ ഗൂഢലക്ഷ്യം വച്ചുകൊണ്ടാണ്. അതാകട്ടെ ന്യൂനപക്ഷങ്ങളെ ബിജെപി ഉമ്മാക്കിക്കാണിച്ചു തങ്ങളോടൊപ്പം നിര്‍ത്താനാണ്. ബിജെപിയുടെ മുഖം ഫാസിസ്റ്റാണോ എന്നത് ജനങ്ങള്‍ തീരുമാനിക്കട്ടെ. ബിജെപിയെ വിമര്‍ശിക്കുന്നവര്‍ക്ക് താലിബാന്‍ മുഖമുണ്ടെന്ന് ചിലര്‍ക്കെങ്കിലും സംശയം ഉണ്ടായേക്കാം. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാര്‍ ചമയുന്ന സിപിഎം, സല്‍മാന്‍ റുഷ്ദി, തസ്ലീമ തുടങ്ങിയവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം നിഷേധിച്ചപ്പോള്‍ ആ ജനാധിപത്യ വിരുദ്ധ നടപടിക്ക് പിന്തുണ നല്‍കിയവരാണ് സിപിഎം. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഫലമാണിത്. ഇനിയെങ്കിലും ഇതേ കക്ഷികളും സഹയാത്രികരും ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. എംടി ഒന്നാംകിട പൗരനും മോഹന്‍ലാല്‍ രണ്ടാംകിട പൗരനുമല്ലല്ലോ?

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.