മെട്രോ റെയില്‍ വന്നാല്‍ കൊച്ചിയിലെ ഗതാഗത കുരുക്ക് അഴിയില്ല: പി.ടി. തോമസ് എംഎല്‍എ

Friday 30 December 2016 11:00 pm IST

  കൊച്ചി: മെട്രോ റെയില്‍ വന്നാല്‍ മാത്രം കൊച്ചിയിലെ ഗതാഗത കുരുക്ക് അഴിയില്ലെന്ന് പി.ടി. തോമസ് എംഎല്‍എ. വര്‍ഷങ്ങളായി മുടങ്ങി കിടക്കുന്ന തമ്മനം പുല്ലേപ്പടി റോഡ് മെട്രോയ്‌ക്കൊപ്പം പൂര്‍ത്തിയാക്കിയാല്‍ മാത്രമെ മെട്രോ റെയില്‍ ജനങ്ങള്‍ക്ക് പൂര്‍ണമായും ഗുണം ചെയ്യൂ. മെട്രോയ്‌ക്കൊപ്പം എം.ജി റോഡു മുതല്‍ കാക്കനാട് വരെയുള്ള റോഡ് വരുന്നതോടെ കൊച്ചിയുടെ ഗതാഗത കുരുക്ക് ശമിക്കും. അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് കേരളയുടെ നേതൃത്വത്തില്‍ നടത്തിയ കൊച്ചിമെട്രോ നഗര ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോ കൊച്ചിയുടെ മുഖഛായ മാറ്റുമെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു. ഗതാഗത കുരുക്കിന് പരിഹാരം, വിദേശ നഗരങ്ങളോട് കിടപിടിക്കുന്ന അനുബന്ധ ഗതാഗത സംവിധാനം, സൈക്കിള്‍ ട്രാക്കും നടപ്പാതകളും പോലുള്ള പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗങ്ങള്‍, നോക്കുകുത്തിയായി ശേഷിക്കുന്ന ജലപാതകളുടെ കാര്യക്ഷമമായ ഉപയോഗം മെട്രോക്കൊപ്പം ഇവയെല്ലാം എത്തുന്നതോടെ ലോകോത്തര നിലവാരത്തിലേക്ക് കൊച്ചി സിറ്റി ഉയരുമെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു. ഒറ്റക്ക് കാര്‍ ഓടിച്ച് വരുന്നവര്‍ മെട്രൊ റെയിലിനെ ആശ്രയിക്കുന്നതോടെ ഗതാഗതം സുഗമമാകും. അറിയപ്പെടാതെ കിടന്ന ആലുവയിലെ അമ്പാട്ടുകാവും കമ്പനിപ്പടിയും സംസ്ഥാനം മുഴുവന്‍ അറിഞ്ഞത് മെട്രോയുടെ വരവോടെയാണെന്നും സെമിനാറില്‍ അഭിപ്രായം ഉയര്‍ന്നു. എം. ശിവാനന്ദന്‍, കെ. സുന്ദരന്‍, ബിനാ സി. ബാലകൃഷ്ണന്‍, സൂസന്‍ തോമസ്, ഡാനി തോമസ്, കുര്യന്‍ മാത്യു, റോസ് മേരി ഫ്രാന്‍സിസ്, സി.ടി. എബ്രഹാം, യാക്കൂബ് മോഹന്‍ ജോര്‍ജ്, ടി. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.