നോട്ട് നിരോധനം കേരളത്തെ ബാധിച്ചില്ലെന്ന് വി.കെ. ഇബ്രാഹിം കുഞ്ഞ് എംഎല്‍എ

Friday 30 December 2016 11:03 pm IST

കളമശേരി: സംസ്ഥാനം നേരത്തെ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറിയതിനാല്‍ നോട്ട് നിരോധനം കേരളത്തെ ബാധിച്ചില്ലെന്ന് വി.കെ. ഇബ്രാഹിം കുഞ്ഞ് എംഎല്‍എ. രാജ്യം ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുകയാണ്. കേരളത്തില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തന്നെ വിവിധ മേഖലകളില്‍ ഡിജിറ്റലായതാണ്. നോട്ട് നിരോധനം വന്നപ്പോള്‍ നമ്മുടെ സംസ്ഥാനത്തിന് ഡിജിറ്റലായതിന്റെ ഗുണം അനുഭവിക്കാന്‍ കഴിഞ്ഞു. കളമശ്ശേരി നഗരസഭയിലെ ബാലസഭ കുട്ടികള്‍ക്കുള്ള സാമ്പത്തിക സാക്ഷരത പരിശീലന പരിപാടി കളമശ്ശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബ ശ്രീ മിഷന്‍ ബാലസഭാ കുട്ടികള്‍ക്ക് നൂറിലധികം ബാങ്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ തയ്യാറായിരിക്കുയാണ്. രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയില്‍ കണ്ണികളാകാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചത് ചരിത്ര മുഹൂര്‍ത്തമാണെന്നും എംഎല്‍എ പറഞ്ഞു. ജില്ലാ കുടുംബശ്രീ മിഷനാണ് പരിശീലനം നല്‍കിയത്. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാജഹാന്‍ കടപ്പളളി അധ്യക്ഷത വഹിച്ചു. പതിനഞ്ച് വയസില്‍ താഴെയുള്ള കുട്ടികളില്‍ സമ്പാദ്യ ശീലം വളര്‍ത്തുന്നതിനും ബാങ്കിംഗ് സംവിധാനത്തെക്കുറിച്ച് അറിവ് നല്‍കുന്നതിനും ക്ലാസുകള്‍ നല്‍കി. പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യമായി ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിനും സൗകര്യമൊരുക്കി. നൂറിലധികം അക്കൗണ്ടുകള്‍ ആരംഭിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസ്സി പീറ്റര്‍ കുട്ടികള്‍ക്ക് സമ്പാദ്യ ശീലത്തെ കുറിച്ച് സന്ദേശം നല്‍കി. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ എ.കെ. ബഷീര്‍, വീമോള്‍ വര്‍ഗീസ്, കുടുംബശ്രീ ജില്ലാ മിഷന്‍ ഭാരവാഹികളായ ഡോ. സ്മിത ഹരികുമാര്‍, കിരണ്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാരായ സമീന റഷീദ്, ഗിരിജ ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. അജിത ഷാജിയും ശാലിനി ബിജുവുമാണ് ക്ലാസ് നയിച്ചത്.