എലിവേറ്റഡ് ഹൈവേയ്ക്കുള്ള സാധ്യത പരിശോധിക്കാന്‍ നിര്‍ദേശം

Friday 30 December 2016 11:04 pm IST

കാക്കനാട്: ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ കൂടിയ നാഷണല്‍ ഹൈവേ അതോറിട്ടി യോഗത്തില്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനുള്ള സാധ്യത പരിശോധിക്കാന്‍ നിര്‍ദേശം. ദേശീയപാത17 ല്‍ ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെ ഏറ്റെടുത്തിട്ടുള്ള 30 മീറ്റര്‍ സ്ഥലത്ത് എംഎല്‍എമാരാണ് എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനുള്ള സാധ്യത പഠിക്കാന്‍ നിര്‍ദേശിച്ചത്. ദേശീയപാതയുടെ മുകളിലൂടെ നാലുവരി എലിവേറ്റഡ് ഹൈവേ നിര്‍മിക്കുന്നതിലൂടെ ഭൂമി ഏറ്റെടുക്കലും കുടിയൊഴിക്കലും 90 ശതമാനം കുറയ്ക്കാനാകുമെന്നു ദേശീയപാത 17, 47 സംയുക്ത സമരസമിതി മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ജനപ്രതിനിധികള്‍ എലിവേറ്റഡ് ഹൈവേ നിര്‍മാണത്തിനുള്ള സാധ്യത പഠിക്കാന്‍ നിര്‍ദേശിച്ചത്. ഹൈവേക്ക് ഇരു വശത്തുമായി 15 മീറ്റര്‍ കൂടി ഏറ്റെടുക്കാന്‍ ഹൈവേ അതോറിട്ടി ആവശ്യപ്പെട്ടത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥലമെടുപ്പും ഹൈവേ നിര്‍മാണവും തടസ്സപ്പെട്ടിരിക്കുകയാണ്. 15 മീറ്റര്‍ കൂടി ഏറ്റെടുത്ത് 45 മീറ്ററില്‍ ഹൈവേ നിര്‍മിക്കുമ്പോഴുണ്ടാകുന്ന ചെലവും എലിവേറ്റഡ് ഹൈവേ നിര്‍മിക്കുമ്പോഴുണ്ടാകുന്ന ചെലവും സംബന്ധിച്ച് വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജനപ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. പാതയോരത്തെ നിലവിലെ നിര്‍മിതികള്‍ തകര്‍ത്ത് ജനങ്ങളെ വഴിയാധാരമാക്കുന്നതിനേക്കാള്‍ നല്ലത് ബദലാണെന്നാണ് ജനപ്രതിനിധികള്‍ നിര്‍ദേശിക്കുന്നത്. ഇനിയും 30 മീറ്റര്‍ തികയാത്ത ഇടങ്ങളില്‍ നാലുവരിപ്പാതക്ക് ആവശ്യമായ ഭൂമി പുനരധിവാസവും കമ്പോളവിലയും മുന്‍കൂര്‍ നല്‍കി ഏറ്റെടുക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ദേശീയപാത17 ന്റെ വികസനത്തിനായി മൂത്തകുന്നം മുതല്‍ ഇടപ്പള്ളി വരെയുള്ള 25 കിലോ മീറ്ററില്‍ സ്ഥലം ഏറ്റെടുത്തിട്ട് പതിറ്റാണ്ടുകളായി. 25 കിലോമീറ്ററില്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കാന്‍ 3000 കോടി വേണ്ടി വരുമെന്നാണ് നാഷണല്‍ ഹൈവേ അതോറിട്ടി പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെയുള്ള നാല് നിയോജക മണ്ഡലങ്ങളിലെ എംഎല്‍എമാരുടെ യോഗമാണ് സിവില്‍ സേറ്റഷനിലെ സ്ഥലമെടുപ്പ് വിഭാഗം വെള്ളിയാഴ്ച വിളിച്ചു ചേര്‍ത്തത്. എംഎല്‍എമാരായ വി.ഡി. സതീശന്‍, ഹൈബി ഈഡന്‍, പി.ടി. തോമസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, സ്ഥലമെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എന്‍.പി.ജോസഫ്, നാഷണല്‍ ഹൈവേ അതോറിട്ടി ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.