ഗുരുദേവന്‍ വിദ്യാഭ്യാസ രംഗത്ത് കേരളത്തെ മാതൃകാ സംസ്ഥാനമാക്കി: കേന്ദ്ര മന്ത്രി

Friday 30 December 2016 11:22 pm IST

ശിവഗിരി: വിദ്യാഭ്യാസ രംഗത്ത് കേരളത്തെ മാതൃകാ സംസ്ഥാനമാക്കിയത് ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളാണെന്ന് കേന്ദ്ര പ്രകൃതിവാതക പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. 84-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെഭാഗമായി നടന്ന വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതത്തിന് മാതൃകയായ രണ്ടു സംസ്ഥാനങ്ങളാണ് ഗുജറാത്തും കേരളവും. ഗുജറാത്ത് കൃഷിയിലും വ്യാവസായത്തിലും മാതൃകയായപ്പോള്‍ കേരളം വിദ്യാഭ്യാസരംഗത്ത് മാതൃകയായി. സാമൂഹിക ഉച്ഛനീചത്വങ്ങള്‍ നിലനില്‍ക്കുന്ന കാലഘട്ടത്തില്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന സങ്കല്‍പം മുന്നോട്ടുവച്ച സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു ഗുരുദേവന്‍. ഗുരുദേവന്റെ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടക്കം കുറിക്കാന്‍ പ്രചോദനമായത്. വിദ്യാഭ്യാസ പുരോഗതിയിലൂടെ മേഖലയിലും മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്ന് കണ്ടെത്തിയ ധാര്‍ശികനായിരുന്നു അദ്ദേഹം. കേരളത്തിലുണ്ടായ ആ സാമൂഹിക നവോത്ഥാനത്തിന്റെ ഫലമായാണ് കേരളം സാക്ഷരതയിലും സ്ത്രീവിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും സ്ത്രീപുരുഷ അനുപാതത്തിനും ജനന മരണനിരക്കുകളിലുമെല്ലാം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്ന തരത്തില്‍ മാറിയത്. സാമൂഹിക വിദ്യാഭ്യാസ രംഗത്ത് കേരളം നേടിയ വിപ്ലവകരമായ പരിവര്‍ത്തനം വ്യാവസായിക മേഖലയില്‍ ഉണ്ടായില്ല. മാറിമാറി കേരളം ഭരിച്ച സര്‍ക്കാരുകളുടെ നയം മൂലം വ്യാവസായിക വളര്‍ച്ച മുരടിച്ചു. സാക്ഷരതയിലും വിഭവശേഷിയിലും കേരളം മുന്നിലെത്തിയെങ്കിലും തൊഴിലിലില്ലായ്മ സൃഷ്ടിക്കപ്പെട്ടു. കേരളത്തിലെ യുവതലമുറ തൊഴിലിനായി മറ്റു സംസ്ഥാനങ്ങളെയും രാജ്യങ്ങളെയും ആശ്രയിക്കേണ്ട അവസ്ഥ വന്നു. ആഭ്യന്തര ഉല്പാദനരംഗത്ത് കേരളം പിന്തള്ളപ്പെട്ടു. വ്യവസായികവളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടു. ആഗോളവിപണിക്ക് അനുസൃതമായ മാറ്റങ്ങള്‍ഉള്‍ക്കൊണ്ട് പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനുള്ള സംവിധാനം കേരളത്തില്‍ ഉണ്ടാകണം. ടൂറിസം, ഐടി, വിദ്യാഭ്യാസം, നിര്‍മ്മാണം, ഖനനം തുടങ്ങിയ മേഖലകളില്‍ കേരളം തങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്രപ്രധാപ് പറഞ്ഞു. മഹാന്‍മാര്‍ സന്ദര്‍ശിച്ച പുണ്യസ്ഥലമാണ് ശിവഗിരി. ശിവഗിരിയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുതവണ ശിവഗിരിയില്‍ എത്തിയത്. രാജ്യത്ത് ഏറ്റവും പവിത്രമായ പുണ്യസ്ഥലങ്ങളില്‍ ഒന്നാണ് ശിവഗിരി. ഇവിടെ വരാന്‍ ആയതില്‍ സന്തോഷമുണ്ടെന്നും ധര്‍മ്മേന്ദ്രപ്രധാപ് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി പി. രവീന്ദ്രനാഥ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി അടൂര്‍ പ്രകാശ്, ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം വി. മുരളീധരന്‍, ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ കുഞ്ചറിയ ടി ഐസക്, ആരോഗ്യ സര്‍വകലാശാല പ്രോ വിസി ഡോ. എ. നളിനാക്ഷന്‍, ശുചിത്വമിഷ ഡെപ്യൂട്ടി ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ ഷാജി ക്ലമന്റ്, മുന്‍ പിഎസ് സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ഡോ. എ.സമ്പത്ത് എംപി, വി. ജോയി എംഎല്‍എ, ശ്രീനാരായണ ഗ്ലോബല്‍ മിഷന്‍ പ്രസിഡന്റ് ആര്‍. ബാലശങ്കര്‍, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി ധര്‍മ്മ ചൈതന്യ, ഡോ. കെ.ജി. സുരേഷ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.