ഭാരതത്തില്‍ ഭീകരാക്രമണ സാധ്യതയെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പ്

Saturday 31 December 2016 11:29 am IST

ന്യൂദല്‍ഹി: പുതുവര്‍ഷത്തില്‍ ഭാരതത്തില്‍ ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായി ഇന്ത്യയിലെത്തിയിരിക്കുന്ന ഇസ്രയേല്‍ പൗരന്‍മാര്‍ ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഭാരതത്തിന്റെ തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലെത്തുന്ന സഞ്ചാരികള്‍ക്കാണ് പ്രത്യേക ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുളളത്. ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ ഗോവ, പൂനെ, മുംബൈ, കൊച്ചി എന്നിവിടങ്ങളിലാണ് ആക്രമണസാധ്യതയുള്ള സ്ഥലങ്ങളായി ഇസ്രയേല്‍ സര്‍ക്കാര്‍ പറയുന്നു. ഉത്സവങ്ങള്‍, തിരക്കേറിയ മാളുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ ഇടങ്ങള്‍ ഈ വരും ദിവസങ്ങളില്‍ പരമാവധി ഒഴിവാക്കുന്നതിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ന്യൂ ഇയര്‍ പാര്‍ട്ടികള്‍ നടക്കുന്ന ബീച്ചുകള്‍, ക്ലബ്ബുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആക്രമണസാദ്ധ്യതയുളള സ്ഥലങ്ങളുടെ കൂട്ടത്തില്‍ ഊന്നിപ്പറയുന്നുണ്ട്. വിശേഷിച്ചും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായ ജ്യൂവിഷ് സബ്ബാത്തിനു തൊട്ടു മുന്നോടിയായാണ് ഈ യാത്രാനിര്‍ദ്ദേശം ഇസ്രയേല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുളളതെന്നത് ശ്രദ്ധേയമാണ്. അതേസമയം ഇത്ര ഗൗരവതരമായ ഒരു ജാഗ്രതാനിര്‍ദ്ദേശം ഇസ്രയേല്‍ പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനമെന്താണെന്ന് വ്യക്തമല്ല. ക്രിസ്തുമസിന് ബര്‍ലിനിലെ മാര്‍ക്കറ്റിലുണ്ടായ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകമെമ്പാടും അതീവ ജാഗ്രതയോടെയാണ് പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുന്നത്. ഇസ്രയേലി പൗരന്മാരുടെ പ്രിയപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ് ഭാരതം. പ്രതിവര്‍ഷം 20,000 ത്തിലധികം ഇസ്രയേലി സൈനികരാണ് ഭാരതം തങ്ങളുടെ അവധിക്കാലം ചെലവഴിക്കാനായി തെരഞ്ഞെടുക്കാറുളളതെന്നാണ് വിവരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.