സ്‌കൂള്‍ കലോത്സവം തുടങ്ങും മുമ്പ് അദ്ധ്യാപക സംഘടനകള്‍ തമ്മിലടി തുടങ്ങി

Saturday 31 December 2016 10:33 am IST

തിരൂര്‍: ഇരുപത്തിയൊന്നാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം തുടങ്ങും മുമ്പേ സംഘാടക സമിതിയില്‍ കല്ലുകടി. കലോത്സവ നടത്തിപ്പിന് രൂപവത്കരിച്ച കമ്മിറ്റികള്‍ തമ്മിലുള്ള ഏകോപനക്കുറവ് കാരണം തുടക്കത്തിലേ സംഘാടകര്‍ക്കിടയില്‍ ഭിന്നതരൂപപ്പെട്ടിരിക്കുകയാണ്. മലപ്പുറത്തെ ദേശീയ പാര്‍ട്ടിയായ ലീഗിന്റെ സംഘടനയും സിപിഎം സംഘടനയും മറ്റുള്ളവരെ അടുപ്പിക്കാത്തതാണ് പ്രധാന പ്രശ്‌നം. ഇരുവിഭാഗത്തിന്റെയും വല്ല്യേട്ടന്‍ ചമയല്‍ മറ്റ് സംഘടനകളെ പിന്നോട്ട് വലിക്കുകയാണ്. കലോത്സവത്തിനു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കാര്യമായ പ്രചാരണ പ്രവര്‍ത്തനങ്ങളുമില്ലാത്ത സ്ഥിതിയാണ്. കലോത്സവ നഗരിയായ തിരൂരില്‍ പോലും പ്രചാരണ ബോര്‍ഡുകളില്ല. പന്തല്‍കാല്‍നാട്ടല്‍ കര്‍മം പ്രോഗ്രാം, പ്രചാരണ കമ്മിറ്റികള്‍ പോലും അറിയാതെയാണ് നടത്തിയതെന്നും ഇതിനകം തന്നെ ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. സ്വാഗതസംഘം രൂപീകരണം മുതല്‍ തന്നെ ഉടലെടുത്ത പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായത് കലാമേളയുടെ നടത്തിപ്പിനെ തന്നെ സാരമായി ബാധിക്കുമോ എന്ന ആശങ്കയുണ്ട്. എന്നാല്‍ പ്രശ്‌ന പരിഹാരത്തിന് ഉത്തരവാദപ്പെട്ടവര്‍ ഇടപെടാതെ മാറി നില്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. തിരൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പരിസരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് കലാമേള അരങ്ങേറുന്നത്. എന്നാല്‍ വേദികള്‍ എവിടെയാണെന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ജില്ലാ കലോത്സവ വിവരങ്ങള്‍ മുന്‍കൂട്ടി മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കാന്‍ കാര്യക്ഷമമായ പ്രവര്‍ത്തനമില്ലെന്നതാണ് ഈ പോരായ്മകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം അരീക്കോടും അതിന് മുമ്പ് കോട്ടക്കലിലും ജില്ലാ കലോത്സവം നടന്നപ്പോള്‍ പത്ത് ദിവസത്തിനു മുമ്പ് തന്നെ പ്രചാരണം സജീവമായിരുന്നു. നേരത്തെ വിജയകരമായി സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്തിയ തിരൂരില്‍ ജില്ലാ മേളയെത്തിയപ്പോള്‍ തുടക്കത്തിലേ ഉണ്ടായ കല്ലുകടി ഉടന്‍ പരിഹരിക്കണമെന്നാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരിക്കുന്ന ആവശ്യം. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ജില്ലാ കലോത്സവം കുറ്റമറ്റതാക്കാന്‍ ഡിഡിഇ അടക്കമുള്ളവര്‍ ഇടപെടണമെന്നാണ് ആവശ്യം. അതേസമയം നാളെ നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ താത്പ്പര്യമുള്ള വ്യാപാര സ്ഥാപനങ്ങള്‍, കോളജുകള്‍, സാംസ്‌കാരിക സംഘടനകള്‍, ക്ലബുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയുടെ പ്രതിനിധികള്‍ ഉച്ചയ്ക്ക് രണ്ടിന് തിരൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എത്തണമെന്ന് ഘോഷയാത്ര സംഘാടക സമിതി അറിയിച്ചു. ഫോണ്‍: 9446669543, 8714253390.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.