പുടിനെ പുകഴ്ത്തി ട്രംപിന്റെ ട്വീറ്റ്

Saturday 31 December 2016 11:22 am IST

വാഷിങ്‌ടണ്‍: റഷ്യ- അമേരിക്ക നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ പുകഴ്ത്തി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. റഷ്യയുടെ 35 നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയ യുഎസ് നടപടിക്കു പകരമായി യുഎസിന്റെ 35 നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള നീക്കം മരവിപ്പിച്ചതിനാണ് ട്രംപ് പുടിനെ പുകഴ്ത്തിയത്. അല്‍പം വൈകിയെങ്കിലും പുടിന്റേത് മികച്ച നീക്കമാണെന്ന് ട്രംപ് പറഞ്ഞു . തെരഞ്ഞെടുപ്പ് തിരിമറി വിവാദത്തില്‍ റഷ്യയും അമേരിക്കയും കൊമ്പ് കോര്‍ക്കുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം. അമേരിക്ക 35 റഷ്യന്‍ നയതന്ത്രജ്ഞരെ വെള്ളിയാഴ്ച പുറത്താക്കിയിരുന്നു. രാജ്യം വിടാന്‍ ഇവര്‍ക്ക് 72 മണിക്കൂര്‍ സമയം നല്‍കിയിട്ടുണ്ട്. കൂടാതെ ന്യൂയോര്‍ക്കിലും മേരിലാന്‍ഡിലുമുള്ള റഷ്യന്‍ ഓഫീസുകള്‍ പൂട്ടുകയും ചെയ്തു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തീരെ വഷളായിരുന്നു. റഷ്യക്കെതിരെ അമേരിക്ക നിരവധി കടുത്ത നടപടികളാണ് കൈക്കൊണ്ടതും. മോസ്‌ക്കോയില്‍ അമേരിക്കന്‍ നയതന്ത്രജ്ഞരെ ശല്യം ചെയ്‌തെന്നാരോപിച്ചാണ് യുഎസ് നടപടി. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഡൊണാള്‍ഡ് ട്രംപിനുവേണ്ടി നേരിട്ട് ഇടപെട്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതോടെയാണ് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഉലഞ്ഞുതുടങ്ങിയത്. അതിനിടെയാണ് മോസ്‌ക്കോയിലെ യുഎസ് നയതന്ത്രജഞര്‍ക്കെതിരെ നീക്കമുണ്ടായത്. രണ്ടും ഒബാമ ഭരണകൂടത്തെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്. ഇതിനുള്ള തിരിച്ചടിയെന്ന നിലയ്ക്കാണ് റഷ്യക്കെതിരെ കടുത്ത നടപടി എടുത്തത്. റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന നിലപാടുള്ള ട്രംപ് ജനുവരി 20ന് പ്രസിഡന്റ് പദവി ഏറ്റെടുക്കാനിരിക്കെയാണ് ഒബാമ സര്‍ക്കാര്‍ റഷ്യക്കെതിരെ നീക്കമാരംഭിച്ചത്. ട്രംപ് വന്നാല്‍ ഒബാമ ഭരണകൂടമെടുത്ത നടപടികള്‍ തിരുത്തുമോയെന്ന് വ്യക്തമല്ല. റഷ്യന്‍ സുരക്ഷാ ഏജന്‍സികളും ട്രാഫിക് പോലീസും യുഎസ് നയതന്ത്രജ്ഞരെ നിരന്തരം ശല്യം ചെയ്യുകയാണെന്ന് യുഎസ് വിദേശകാര്യ മന്ത്രാലയം നിരന്തരം പരാതിപ്പെട്ടുവരികയാണ്. വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഇക്കാര്യം റഷ്യന്‍ പ്രസിഡന്റ് പുടിനെ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. പുറത്താക്കിയ നയതന്ത്രജ്ഞരുടെ പേരുകള്‍ അമേരിക്ക വെളിപ്പെടുത്തിയിട്ടില്ല. റഷ്യന്‍ അംബാസിഡര്‍ സെര്‍ജി കിസ്‌ലിയാക്കിനെ പുറത്താക്കിയിട്ടില്ല. തിരിച്ചടിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.