കടലിലെ കാടുകളില്‍ ചൂടുപടരുമ്പോള്‍

Saturday 31 December 2016 3:03 pm IST

കടലിലുമുണ്ട് മഴക്കാടുകള്‍. വിവിധ വര്‍ണ്ണത്തില്‍, വിവിധ വലിപ്പത്തില്‍ അവ പൂത്തുലഞ്ഞു നില്‍ക്കുന്നു. വര്‍ണ്ണ വൈവിധ്യമാര്‍ന്ന ആയിരക്കണക്കിന് മത്സ്യങ്ങളും പതിനായിരക്കണക്കിന് പേരറിയാ ജലജീവികളുമാണ് ആ കാട്ടിലെ മൃഗങ്ങള്‍. കാട്ടിലെ ഈ മഴക്കാടുകള്‍ നല്ല കടുപ്പക്കാരാണ്. കരയോരത്ത് ഒരു നെടുംകോട്ടപോലെ അവ രാക്ഷസത്തിരകളെ തടുത്തുനിര്‍ത്തുന്നു. കടലിന്റെ ജൈവ വൈവിധ്യത്തിന് കാവല്‍ നില്‍ക്കുന്നു. കടലിലെ ആ മഴക്കാടുകളെ നാം വിളിക്കുന്നത് പവിഴപ്പുറ്റുകള്‍!. ലോക സമുദ്ര വിസ്തീര്‍ണ്ണത്തിന്റെ കാല്‍ ശതമാനം വിസ്തൃതിയില്‍ മാത്രമാണ് പവിഴപ്പുറ്റുകള്‍ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്നത്. അത്രയും ഭാഗത്ത് അവ ആശ്രയമരുളുന്നത് ഇരുപത് ലക്ഷത്തോളം ജീവജാതികള്‍ക്ക്. ആ 20 ലക്ഷം എന്നാല്‍ ആകെ കടല്‍ ജീവികളുടെ നാലിലൊന്ന് എന്ന് മറ്റൊരു കണക്ക്. ദീര്‍ഘമായ കടല്‍ത്തീരമുള്ള രാജ്യങ്ങള്‍ക്ക് പവിഴപ്പുറ്റ് അഥവാ കോറല്‍ റീഫുകള്‍ സംരക്ഷണ ഭിത്തിയാണ്. കൊടും തിരമാലകളെ ചെവിക്ക് പിടിച്ച് ശാന്തമാക്കാന്‍ അവയ്ക്ക് പ്രത്യേക കഴിവുണ്ട്. അപാരമായ ജനിതക ശേഖരം സംരക്ഷിക്കുന്നതിനൊപ്പം വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച് രാജ്യവരുമാനം വര്‍ധിപ്പിക്കുന്നതിലും പവിഴപ്പുറ്റുകള്‍ മുന്നിലുണ്ട്. മത്സ്യബന്ധനം, വിനോദ സഞ്ചാരം, പരിസ്ഥിതി, തീരസംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ നൂറിലേറെ രാജ്യങ്ങള്‍ക്ക് സംരക്ഷണ കവചമാണ് പവിഴപ്പുറ്റുകള്‍. 'വേള്‍ഡ് വൈഡ് ഫോര്‍ നേച്ചറി'ന്റെ കണക്കനുസരിച്ച് അവയുടെ ആഗോള വാണിജ്യമൂല്യം 800 സഹസ്രകോടി ഡോളര്‍. അവയെ ആശ്രയിച്ച് ലോകമെമ്പാടും ജീവിക്കുന്നവരുടെ എണ്ണം 850 ദശലക്ഷം. ചില ദ്വീപ് രാജ്യങ്ങളിലെ മൊത്തം വരുമാനത്തിന്റെ 15 ശതമാനം വരെ നല്‍കുന്നത് പവിഴപ്പുറ്റുകളത്രെ. പക്ഷെ, പറഞ്ഞിട്ടെന്ത് കാര്യം? കടലിലെ ഈ മഴക്കാടുകളിലാകെ മഴു വീഴുകയാണ്. ഇരുമ്പുകൊണ്ടുള്ള മഴുവല്ല, മറിച്ച് കടല്‍വെള്ളം ചൂടുകൂടുന്നതാണ് പവിഴപ്പുറ്റുകളെ ഇഞ്ചിഞ്ചായി കൊന്നൊടുക്കുന്നത്. പവിഴപ്പുറ്റുകള്‍ക്ക് പോഷണവും ഭക്ഷണവും നല്‍കുന്നത് ഡൈനോ ഫ്‌ലബുലേറ്റ് വര്‍ഗ്ഗത്തില്‍പ്പെട്ട ആല്‍ഗകളാണ്. പേര് സൂക്‌സാന്‍ തില്ല. കടല്‍വെള്ളത്തിന് ചൂട് കയറുമ്പോള്‍ ആല്‍ഗകള്‍ പവിഴപ്പുറ്റിന് പുറത്താവും. അതോടെ മുഴുപ്പട്ടിണിയാകുന്ന പവിഴപ്പുറ്റുകള്‍ നിറം മാറി വെളുത്ത അസ്ഥികൂടം പോലെ നിര്‍ജീവ വസ്തുവായി മാറും. ഈ പ്രക്രിയ അറിയപ്പെടുന്നത് കോറല്‍ ബ്ലീച്ചിങ്. നിര്‍ജീവിമായ പവിഴപ്പുറ്റുകളില്‍ ശല്യക്കാരായ നോണ്‍-സിംബയോട്ടിക് ആല്‍ഗകള്‍ പൊതിയുന്നതോടെ അതിന്റെ തകര്‍ച്ച പൂര്‍ണ്ണമാകും. ലോകത്തെ അറിയപ്പെടുന്ന പവിഴപ്പുറ്റുകളില്‍ 30 മുതല്‍ 40 ശതമാനം വരെ ബ്ലീച്ചിങ് മൂലം നിര്‍ജീവമായി കഴിഞ്ഞതായി പഠനങ്ങള്‍ പറയുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ മൂന്നുവട്ടമാണത്രെ കടുത്ത ബ്ലീച്ചിങ് സംഭവിച്ചത്. പക്ഷെ കടല്‍വെള്ളത്തിന് ചൂടേറിയത് മാത്രമല്ല കാരണം. ആഗോള താപനത്തിന്റെ ഉപോത്പന്നമായ അംമ്ലവത്കരണം. കടല്‍ വെള്ളത്തില്‍ അസിഡിറ്റി അഥവാ അമ്ലത ഏറുന്നുവെന്ന് സാരം. വ്യവസായ വിപ്ലവത്തിന് ശേഷം മനുഷ്യജന്യമായി അന്തരീക്ഷത്തിലെത്തിയ ഹരിതഗൃഹ വാതകങ്ങള്‍ വലിയൊരളവും വിലയം പ്രാപിച്ചത് കടലുകളിലാണ്. കടലില്‍ ലയിച്ച കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വെള്ളവുമായി ചേര്‍ന്ന് കാര്‍ബോണിക് ആസിഡായി മാറുന്നു. അങ്ങനെ കടലിന്റെ അമ്ല-ക്ഷാര തുലനനിലയില്‍ മാറ്റം വരുന്നു. ആയിരത്താണ്ടുകള്‍ സ്ഥിരമായി നിന്ന അംമ്ല-ക്ഷാര സംതുലനം അമ്ലതയ്ക്ക് വഴിമാറിയത് ദുര്‍ബല ശരീരികളായ കോറലുകള്‍ക്ക് താങ്ങാവുന്നതിലേറെയായിരുന്നു. നഗരപ്രദേശങ്ങളില്‍ നിന്നൊഴുകിയെത്തുന്ന നാനാതരം മാലിന്യങ്ങളും അഴുക്കുചാലുകളും വ്യാവസായിക വിഷ പദാര്‍ത്ഥങ്ങളും കൃഷിയിടത്തിലെ അമിത വളപ്രയോഗത്തിന്റെ അവശിഷ്ടങ്ങളും കക്കാ ശേഖരണത്തിനുള്ള ഡ്രഡ്ജിങ്ങും വിനോദസഞ്ചാരവുമൊക്കെ പവിഴപ്പുറ്റുകള്‍ക്ക് ഭീഷണിയുയര്‍ത്താറുണ്ട്. പവിഴപ്പുറ്റ് നിര്‍മാണത്തിലെ പ്രധാന കണ്ണികള്‍ കാര്‍ബണേറ്റുകളാണ്. അതിലെ വ്യതിയാനം കാല്‍സ്യം കാര്‍ബണേറ്റിന്റെ നിര്‍മാണശേഷി കുറയ്ക്കുകയും ചെയ്യും. ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് ശൃംഖലയായ ഗ്രേറ്റ് ബാരിയര്‍ റീഫ് വന്‍ ഭീഷണിയാണെന്നാണ് വ്യോമ നിരീക്ഷണ വിശകലനം വ്യക്തമാക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ആയിരത്തോളം പവിഴപ്പുറ്റുകളില്‍ നടത്തിയ നിരീക്ഷണം നല്‍കുന്ന സുചനയിതാണ്. അവയില്‍ മൂന്നിലൊന്നും കടുത്ത ബ്ലീച്ചിങ് ഭീഷണിയെ അഭിമുഖീകരിക്കുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് സമീപമുള്ള ആന്‍ഡമാന്‍-നിക്കോബാര്‍ മേഖലയിലെ കോറല്‍ വലിയ കുഴപ്പമില്ലാതെ നിലകൊളുന്നുവെന്നാണ് സമുദ്ര ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. പക്ഷെ, നാച്വറല്‍ കണ്‍സര്‍വേഷന്‍ ഫണ്ട്, ലക്ഷദ്വീപ് തീരക്കടലില്‍ നടത്തിയ ഗവേഷണം വ്യക്തമാക്കുന്നത് ഏഴ് ദ്വീപുകളിലെ 80 ശതമാനം പവിഴപ്പുറ്റുകളും കടുത്ത ബ്ലീച്ചിങിനെ അഭിമുഖീകരിക്കുന്നുവെന്നുതന്നെയാണ്. കാരണം ആ ഭാഗത്ത് സമുദ്രജലത്തിന്റെ ഊഷ്മാവ് 32-34 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരിക്കുന്നു. ഗള്‍ഫ് ഓഫ് മാന്നാറില്‍ പകുതിയോളം കോറലുകളും ബ്ലീച്ചിങില്‍ പിടഞ്ഞുമരിക്കുകയാണ്. ശേഷിക്കുന്ന പവിഴപ്പുറ്റുകളെയെങ്കിലും നാശത്തില്‍ നിന്ന് രക്ഷിക്കാന്‍ മനുഷ്യന്‍ കുറേക്കൂടി ഉത്തരവാദിത്തബോധം കാണിക്കേണ്ടിയിരിക്കുന്നു.