അണ്ണാറക്കണന്‍

Saturday 31 December 2016 7:25 pm IST

തോളില്‍ തുണിസഞ്ചിയും തൂക്കി ഇറക്കമിറങ്ങി ബസ്‌സ്‌റ്റോപ്പിലേക്കു നടക്കുമ്പോള്‍ പതിവില്ലാത്ത കിതപ്പ് തോന്നി. മണി പത്തരയായിട്ടും പ്രാതല്‍ കഴിക്കാത്തതിന്റെ ക്ഷീണമാകുമോ? ചെള്ളിനുള്ള മരുന്നുപുരട്ടി അതിനുപുറമെ ലോഷനും തേച്ച് പട്ടിയെ കുളിപ്പിച്ചുകഴിഞ്ഞപ്പോള്‍ തോന്നിത്തുടങ്ങിയതാണ് ശ്വാസകോശത്തിന് കനത്തൊരു ഭാരം. ലോഷനെന്നും പറഞ്ഞുതരുന്നത് മാരകമായ വിഷം വല്ലതുമായിരിക്കുമോ? അങ്ങനെയാണെങ്കില്‍ ഇതൊക്കെ പട്ടി എങ്ങനെ താങ്ങും? ഇറക്കമായിട്ടും നന്നേ പണിപ്പെട്ടു, കാലുകള്‍ പറിച്ചെടുത്ത് മുറയ്ക്കു മുന്നോട്ടു കുത്താന്‍. ബസ്‌സ്‌റ്റോപ്പില്‍ രാവിലത്തെ പതിവു തിരക്കൊഴിഞ്ഞിരിക്കുന്നു. ഒരു ബസ്സ് വന്നു നിന്നു, പത്തു ചുവട് അകലം കഷ്ടിച്ച്, ഒന്നോടിയാല്‍ കയറിപ്പറ്റാം. ഡബിള്‍ബെല്‍ കേള്‍ക്കേണ്ട താമസം ബസ്സ് കുറ്റിയും പറിച്ചു പാഞ്ഞു. ഇരിക്കാനോ ചാരിനില്‍ക്കാനോ ഭാരമിറക്കിവയ്ക്കാനോ ഒന്നും പറ്റാത്ത രീതിയില്‍ പണിതീര്‍ത്തിരിക്കുന്ന സ്റ്റീല്‍ പൈപ്പില്‍ പിടിച്ചുനിന്നു. ആനക്കു കണ്ണെന്നോണം വണ്ടിയുടെ ബോര്‍ഡില്‍ അക്ഷരങ്ങള്‍! വായിച്ചെടുക്കാന്‍ ഭൂതക്കണ്ണാടി വേണം. പ്രായമായവരാകുമ്പോള്‍ പിന്നെ പറയാനുമില്ല. കൈ കാണിച്ചിട്ടും വണ്ടി നിര്‍ത്താതെ പോയി. നിര്‍ത്തുമെന്നു പ്രതീക്ഷിച്ച് ദൂരേന്നോടിയെത്തിയ മധ്യവയസ്‌ക്ക എന്തൊക്കെയോ പിറുപിറുത്തു. തിരക്കില്ലാഞ്ഞിട്ടും നിര്‍ത്താതെ പോയതിലുള്ള അമര്‍ഷം അടുത്തുനിന്ന ചെറുപ്പക്കാരന്റെ മുഖത്തു തെളിഞ്ഞു. ''സര്‍ക്കാര് കടമെടുത്താണ് ശമ്പളം കൊടുക്കുന്നതെന്നുള്ള ഓര്‍മ്മ ഇവന്മാര്‍ക്കില്ല.'' പ്രതികരണം അറിയാന്‍ അയാളെന്റെ നേരെ നോക്കി. ഞാന്‍ ഒന്നു ചിരിച്ചെന്നു വരുത്തി. ദേഹം തളരുന്നതുമാതിരി. മക്കള്‍ പറയാറുണ്ട്, 'അച്ഛന്‍ സമയം തെറ്റാതെ ആഹാരം കഴിക്കണം.' കീശയില്‍ തപ്പിനോക്കി. ബസ്സുകൂലി കഴിഞ്ഞാല്‍ കഷ്ടിച്ച് പ്രഭാതഭക്ഷണത്തിനുള്ള പൈസയേ പക്കലുള്ളൂ. പിന്നെ അസാധുവാക്കപ്പെട്ട അഞ്ഞൂറ് രൂപയുടെ മൂന്നു നോട്ടുകളും. പെന്‍ഷന്‍ കിട്ടിയാല്‍ രക്ഷപ്പെടും, തിരിച്ചു വീട്ടിലെത്താം. ഇല്ലെങ്കിലോ? അടുത്തകാലത്തെങ്ങും അനുഭവപ്പെടാത്ത കലശലായ വിശപ്പ്! ഇല്ലായ്മയനുഭവപ്പെടുമ്പോഴാണല്ലോ ആവശ്യങ്ങളേറെ. കീശ നിറഞ്ഞിരുന്നെങ്കില്‍ ഇത്ര വിശപ്പു തോന്നുമായിരുന്നോ, ആവോ. സിറ്റിയിലോടുന്ന 'ആനവണ്ടി'കള്‍ക്ക് ആകാരം ഏതാണ്ടൊന്നുതന്നെ. ടിക്കറ്റ് വാങ്ങുമ്പോഴാണ് പക്ഷേ വ്യത്യാസം മനസിലാവുക. രണ്ടും മൂന്നും രൂപ കൂടിയും കുറഞ്ഞുമിരിക്കും. കയ്യിലെടുത്തു പിടിച്ചിരുന്ന പത്തിന്റെ നോട്ടു മതിയാകാതെ വന്നു. രണ്ടു രൂപ കൂടി കൊടുക്കണം. ബജറ്റില്‍ രണ്ടു രൂപയുടെ കമ്മിയേറി. സാരമില്ല, കാല്‍ചട്ടയുടെ പട്ട അതിനനുസരിച്ച് മുറുക്കിക്കളയും. മണി പതിനൊന്നേകാലായിട്ടും ആനവണ്ടി സ്റ്റാറ്റിയുവിലെത്തിയില്ല. രാഷ്ട്രീയക്കാരുടെ ജാഥയോ ധര്‍ണയോയല്ല ഇന്നീ താമസത്തിനു കാരണം. ബാങ്കുകളുടെ മുന്നിലെ 'ക്യൂ'വുകള്‍ റോഡിലേക്കു നീണ്ടിരിക്കുന്നത് വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ഒരേപോലെ തടസ്സം സൃഷ്ടിക്കുന്നു. തമാശ കണ്ടുനില്‍ക്കുന്ന തമ്പിയുടെ പ്രതിമക്ക് മാറ്റമൊന്നുമില്ല, പഴയപടി തന്നെ- വാളും തറയിലൂന്നി നെഞ്ചും വിരിച്ച്- പക്ഷേ ഉയര്‍ന്ന തലയിലും വിരിഞ്ഞ മാറിലും ഉണങ്ങിപ്പിടിച്ചുറച്ചുപോയ കാക്കക്കാഷ്ഠം! നെഞ്ചുയര്‍ത്തി നടക്കാന്‍ ശ്രമിച്ചിട്ട് കഴിയുന്നില്ല, അകത്തേക്കു വളഞ്ഞുപോകുന്നു. നിരത്തു മറികടന്ന് ഹോട്ടലിലേക്കു കയറുന്നതിനു മുന്‍പ് പോക്കറ്റില്‍നിന്ന് നോട്ടുകള്‍ കയ്യിലെടുത്ത് ഉറപ്പുവരുത്തി: മുപ്പതു രൂപ- ഇരുപതിന്റെയും പത്തിന്റെയും ഓരോ നോട്ടുകള്‍. ഒരു ദോശയും ചായയും കഴിക്കാനായാല്‍ തല്‍ക്കാലം നില്‍ക്കാം. അകത്തു കടന്ന് വിശദമായി കൈകഴുകി കറങ്ങുന്ന ഫാനിനു താഴെ ഒഴിഞ്ഞ ഒരു കോണിലിരുന്നു. വെയിറ്റര്‍ അരികിലെത്തി ഓര്‍ഡറിനായി കാത്തുനിന്നു. 'ഒരു ദോശ.' ആവശ്യപ്പെടാതെ തന്നെ സാധാരണ ദോശയുടെകൂടെ കൊണ്ടുവയ്ക്കാറുള്ള ഉഴുന്നുവട പ്ലേറ്റിലില്ലെന്നു കണ്ടു സന്തോഷിച്ചു. ''ചായ വേണോ?'' ''ഈ ദോശയ്‌ക്കെത്ര രൂപയാണ്?'' ആദ്യമായാണ് ഹോട്ടലില്‍ കയറി കഴിക്കാന്‍ പോകുന്ന സാധനത്തിന്റെ വില മുന്‍കൂര്‍ ചോദിക്കുന്നത്. ''മുപ്പത്തേഴ്.'' ''ങേ!''- ആദ്യമൊന്നു ഞെട്ടി. പിന്നെ കാല്‍ച്ചട്ടയുടെ കീശയിലെ ചില്ലറയെപ്പറ്റി ഓര്‍മ്മിച്ച് ആശ്വസിച്ചു. ''ചായ വേണ്ട.''- പെട്ടെന്നു പറഞ്ഞു. മുന്നിലിരുന്ന വെള്ളം ഒരിറക്കു കുടിച്ചു. ബാങ്കിന്റെ ഉള്ളിലേക്കു കടന്ന് കാര്യങ്ങള്‍ അന്വേഷിക്കാന്‍ തന്നെ പ്രയാസം. സ്ത്രീകളും വൃദ്ധരുമടക്കം നിയന്ത്രിക്കാനാവാത്ത പുരുഷാരം. ബാങ്ക് ജീവനക്കാര്‍ സ്വന്തം ജോലി നിര്‍വ്വഹിക്കാനാവാതെ ബുദ്ധിമുട്ടുന്നു. ഹെല്‍പ്പ് ഡെസ്‌ക്കിന്റെ മുന്‍പില്‍ തിക്കിത്തിരക്കുന്ന പലര്‍ക്കും തങ്ങളെന്തിനാണു വന്നിരിക്കുന്നതെന്നു തിട്ടമില്ല. പത്രത്തില്‍ വാര്‍ത്ത കണ്ടപാടേ കയ്യിലുണ്ടായിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുമെടുത്ത് ഇറങ്ങിപ്പുറപ്പെട്ടതാണ്. താമസിച്ചുപോയാല്‍ പൈസ നഷ്ടപ്പെട്ടുപോകുമോയെന്നുള്ള ആശങ്ക മുഖത്തു വ്യക്തം. പൈസ മാറ്റിവാങ്ങാനാണോ, നിക്ഷേപിക്കാനാണോ പിന്‍വലിക്കാനാണോ വന്നിരിക്കുന്നതെന്ന് അറിഞ്ഞെടുക്കാനുള്ള ത്രതപ്പാടിലാണ് 'ഹെല്‍പ് ഡെസ്‌ക്കി'ലിരിക്കുന്ന ഉദ്യോഗസ്ഥര്‍. കറന്‍സി മാറ്റിവാങ്ങാനുള്ള ഒരു ഫാറം സംഘടിപ്പിച്ചു പൂരിപ്പിച്ചുകഴിഞ്ഞപ്പോള്‍ അടുത്തുനിന്ന ഒരു ചെറുപ്പക്കാരന്‍ അഭിപ്രായപ്പെട്ടു- ഐഡി പ്രൂഫിന്റെ ഫോട്ടോകോപ്പി വേണം. പ്രധാനമന്ത്രി പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായ ആ അഭിപ്രായം അത്രയങ്ങോട്ടു ദഹിച്ചില്ലെങ്കിലും സംശയിച്ചുനിന്നു- സമയം കളയാതെ അര ഫര്‍ലോംഗോളം നടന്ന് ഫോട്ടോകോപ്പിയുമായി മടങ്ങിവന്നപ്പോഴേക്കും ക്യൂവിന്റെ നീളം പതിന്മടങ്ങു വര്‍ധിച്ചുകഴിഞ്ഞിരുന്നു. ഹെല്‍പ് ഡെസ്‌ക്കില്‍നിന്ന് കുറിച്ചുകിട്ടിയ മൂന്നാം നമ്പര്‍ കൗണ്ടറിന് മുന്നില്‍, നേരെയും കുറുകെയും കറങ്ങിയും തിരിഞ്ഞും പലമടക്കുകളായി രൂപംകൊണ്ട് നിരത്തിലേക്കു നീണ്ട 'ക്യൂ'വിന്റെ ഏറ്റവും അവസാനത്തെ കണ്ണിയായി നിലയുറപ്പിച്ചു തിരിഞ്ഞുനോക്കേണ്ട താമസം പിന്നിലും 'ക്യൂ' അവസാനം കാണാനാവാത്ത അവസ്ഥയിലെത്തിയിരുന്നു. മണിക്കൂറുകള്‍ എത്രയോ കടന്നുപോയെന്നറിഞ്ഞുകൂടാ. എന്നാലും ജനം വളരെ ക്ഷമയോടെ കാത്തുനിന്നു- അവിടവിടെയായി സ്ഥാപിച്ചിട്ടുള്ള കാമറകളെ ഭയന്നാണോ? അതോ കറുത്ത പണം വെളിയില്‍ വരണമെന്നുള്ള ആത്മാര്‍ത്ഥതകൊണ്ടോ? തൊട്ടുമുന്നില്‍ നിന്നിരുന്ന ഒരു വൃദ്ധ മാത്രം ഇടയ്ക്കിടയ്ക്ക്, ആരൊക്കെയോ 'ക്യൂ' നില്‍ക്കാതെ കൗണ്ടറിലിരിക്കുന്നവരെ സ്വാധീനിക്കുന്നെന്നും പെട്ടെന്നു കാര്യം സാധിച്ചുപോകുന്നെന്ന് പരാതി പറഞ്ഞുകൊണ്ടിരുന്നു. ഏതൊക്കെയോ ടെലിവിഷന്‍ ചാനാലുകാരു വന്ന് വിവിധ കോണുകളില്‍നിന്ന് ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. പതുക്കെ പതുക്കെ കോലാഹലം കുറഞ്ഞുവന്നു. അന്തരീക്ഷത്തിലുണ്ടായിരുന്ന ചൂടിന് അയവുവന്ന മാതിരി. ആയിരം രൂപക്ക് കിട്ടിയത് പത്തിന്റെ നൂറു തുട്ടുകളാണ്- അഞ്ഞൂറിന് ഇരുപതിന്റെ നോട്ടുകളും.വെളിയിലിറങ്ങിയ ഉടനെ എതിര്‍വശത്തുള്ള ഹോട്ടലിലേക്കു കാലുകള്‍ നീട്ടിക്കുത്തി. ഉച്ചയൂണിന്റെ സമയമായെങ്കിലും രാവിലെ പ്രാതലിനൊപ്പം കഴിക്കാനൊക്കാതെ പോയ ചായ കഴിച്ചാലേ ദിവസത്തിനു പൂര്‍ണത വരൂ. മനസ്സിന്റെ വെറുമൊരു മായയാണെന്നും വേണമെങ്കില്‍ ഇതിനെ കരുതാം. ഇനി ബസ്സിലെ തിരിച്ചുള്ള അരമണിക്കൂര്‍ യാത്രകൂടി കഴിഞ്ഞാല്‍ ഇന്നനുഭവിച്ച പിരിമുറക്കത്തിനു ചെറുതോതില്‍ മറുമരുന്നാകും. വശങ്ങളിലുള്ള വമ്പന്‍ കെട്ടിടങ്ങളും കടകളും നിര്‍ത്തില്ലാതൊഴുകുന്ന വാഹനങ്ങളും അവയില്‍ യാത്രചെയ്യുന്ന ആളുകളും, സാധാരണ കാല്‍നടക്കാരും, എടുത്താല്‍ പൊങ്ങാത്ത ഭാരവും മുതുകിലേറ്റി പാഠശാലകളില്‍നിന്ന് വീട്ടിലേക്കു മടങ്ങുന്ന സ്‌കൂള്‍-കോളേജ് കുമാരന്മാരും കുമാരികളും എല്ലാമെല്ലാം കണ്‍മുന്നിലൂടെ തെന്നിപ്പായുമ്പോള്‍ പലവട്ടം പ്രക്ഷാളനം ചെയ്യപ്പെട്ട കണ്ണാടിയുടെ പ്രതലം മാതിരി മനസ്സ് മിന്നിത്തിളങ്ങും. മൊബൈല്‍ മുഴങ്ങി- ''ഹല്ലോ!'' ''കണ്ണനാണച്ഛാ, അച്ഛന്‍ വെളിയിലാണോ?'' ''അതെ. ബസ്സില്‍.'' ''എങ്കില്‍, പിന്നെ വിളിക്കാം.'' ''വേണ്ട, പറഞ്ഞോളൂ...എനിക്കു കേള്‍ക്കാം.'' ''എന്റെ ട്രെയിനിംഗ് തീരുന്ന മുറക്ക് അതുവഴി വന്ന് കൗമാരകോവിലില്‍ പോയി മോന് ചോറും കൊടുത്ത് ജോലിസ്ഥലത്തേക്കു മടങ്ങിയാല്‍ കൊള്ളാമെന്നുണ്ട്. കോവിലിലെ കാര്യങ്ങളെപ്പറ്റി അച്ഛന്‍ ഒന്നന്വേഷിക്കുമോ? മുന്‍കൂട്ടി ബുക്കു ചെയ്യണോ? അമ്പലനട എപ്പോഴാണ് അടയ്ക്കുക? ഇക്കാര്യങ്ങളൊക്കെ അറിഞ്ഞാല്‍ അതനുസരിച്ച് പ്ലാന്‍ ചെയ്യാമായിരുന്നു. ജോയിന്‍ ചെയ്യുന്നതിനു മുന്‍പു കിട്ടുന്ന സമയംകൊണ്ട് പല കാര്യങ്ങളും ചെയ്യാനുണ്ട്; പറ്റിയാല്‍ മലയ്ക്കുമൊന്നു പോകണം.....'' ''നിനക്കെവിടെയാണ് പോസ്റ്റിംഗ്?'' ''കുഞ്ഞും തള്ളയും, നിന്റെമ്മയുമൊക്കെ സുഖമായിരിക്കുന്നോ?'' ''മോന്റെ ഫോട്ടോ ഞാന്‍ മൊബൈലില്‍ അയച്ചിരുന്നല്ലോ....'' ''ങാ, കണ്ടു- നന്നായിരിക്കുന്നു; ശരി, ഞാന്‍ കാര്യങ്ങള്‍ അന്വേഷിച്ചു പറയാം.'' വീടിനടുത്തുള്ള ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജില്‍ അഡ്മിഷന്‍ കിട്ടി, രണ്ടുമാസം ക്ലാസും അറ്റെന്‍ഡു ചെയ്തതിനുശേഷമായിരുന്നു കണ്ണന് എന്‍ഡിഎയില്‍ പ്രവേശനം തരമായത്. ഇതിലേതു സ്വീകരിക്കണമെന്ന് അന്നവന്‍ തന്നോടു ചോദിച്ചതോര്‍മ്മയുണ്ട്. വീടിനടുത്തുള്ള ബി.ടെക് മതിയെന്നു പറയാമായിരുന്നു. 'കാമ്പസ് ഇന്റര്‍വ്യൂ'വില്‍ ജോലി ഉറപ്പാണ്. എങ്കിലും അച്ഛന്റെ സ്വാര്‍ത്ഥം മകന്റെ താല്‍പര്യത്തിന് തടസ്സമാവേണ്ടെന്നു കരുതി. ''ഒരുപാടു പാടുപെട്ടു കിട്ടിയതല്ലേ എന്‍ഡിഎ അഡ്മിഷന്‍....ഞാന്‍ ഒന്നിനും നിര്‍ബന്ധിക്കുന്നില്ല, നിന്റെ ഇഷ്ടംപോലെ ചെയ്യുക.'' അവന്റെ അമ്മയും മകന്‍ വിളിപ്പുറത്തുതന്നെയുണ്ടാവണമെന്നു വാശിപിടിച്ചില്ല. എന്നാലും യുദ്ധവിമാനത്തിലേക്കാണവന്‍ പറന്നുകയറുന്നതെന്ന് അവര്‍ ഊഹിച്ചിരുന്നേയില്ല. ഇന്നും വിലപ്പെട്ട ജീവിതങ്ങള്‍ വീണടിയുന്ന കശ്മീര്‍ താഴ്‌വര രാജ്യത്തിന്റെ ഉറക്കം കെടുത്തുന്നു. അതിര്‍ത്തിയിലുടനീളം അപ്രഖ്യാപിത യുദ്ധം. വിഘടനവാദികളെയും ഭീകരവാദികളെയും കരുവാക്കിക്കൊണ്ട് പാക്കിസ്ഥാന്‍ നടത്തുന്ന തീക്കളി. കള്ളപ്പണവും കള്ളനോട്ടുമാണ് അവര്‍ക്കു വളം. അതിനറുതി വരുത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നൂറ്റാണ്ടിലെ ഏറ്റവും ധീരമായ നീക്കത്തിന്റെ ബാക്കിപത്രമാണ് ബാങ്കുകളുടെ മുന്‍പില്‍ കണ്ടത്. അവിടെയുണ്ടായ ബുദ്ധിമുട്ടില്‍ ഭാഗഭാക്കാവാന്‍ കഴിഞ്ഞതുമുതല്‍ താനൊരു പടച്ചട്ടയണിഞ്ഞ പോരാളിയാണെന്ന തോന്നല്‍. നെഞ്ചില്‍ കല്ലെടുത്തുവച്ച ഭാരം ഇപ്പോഴില്ല. ശരീരം മുന്നോട്ടു വളഞ്ഞു കുത്തുന്നില്ല. തനിക്കും ഇപ്പോള്‍ വേലുത്തമ്പിയുടെ നെഞ്ചളവുതന്നെ. മനസ്സിലെങ്ങും പാടുകളോ പോടുകളോ ഇല്ല. മൂടിക്കെട്ടിയ ആകാശം പെട്ടെന്നു തെളിഞ്ഞപോലെ. ബസ്സില്‍നിന്നിറങ്ങിയപ്പോള്‍ കാലുകള്‍ പൊക്കിയെടുത്തു വയ്‌ക്കേണ്ടിവന്നില്ല. മണി മൂന്നര കഴിഞ്ഞെങ്കിലും ഉച്ചയാഹാരം കഴിക്കാത്തതിന്റെ ക്ഷീണവുമില്ല. എന്നുവച്ച് ഉപവാസമിരിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ. സമീപത്തുള്ള ഹോട്ടലിനെ ലക്ഷ്യമാക്കി നടന്നു. കിട്ടുന്നതെന്തെങ്കിലും കഴിച്ചിട്ടുപോകാം. ചൂടു ചപ്പാത്തിയും വെജിറ്റബിള്‍ കുറുമയും കിട്ടി. ഇരുപതിന്റെ മൂന്നു നോട്ടുകള്‍ കൊടുത്ത്, കിട്ടിയ ചില്ലറ എണ്ണി നോക്കാതെ കീശയിലിട്ടു വീട്ടിലേക്കു നടന്നു. നാലുമണിയായെങ്കിലും വെയിലിന്റെ കാഠിന്യം കുറഞ്ഞിട്ടില്ല. തണലേകുന്ന മരച്ചില്ലകള്‍ നിരത്തിലേക്കു നീണ്ടു കാണാനേയില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ്, തഴച്ചുവളര്‍ന്നു നിന്നിരുന്ന തണല്‍ മരങ്ങളുടെ സാമിപ്യം കൊതിച്ചാണ് നഗരത്തിരക്കില്‍നിന്നൊഴിഞ്ഞ്, അഞ്ചെട്ടു കിലോമീറ്റര്‍ അകലെ, താരതമ്യേന ശാന്തമായ ഈ പ്രദേശത്ത് വസ്തു വാങ്ങിയത്. വീടുവച്ച് താമസമാകാന്‍ വളരെ വൈകി. വീടുവയ്ക്കുന്നതിന് മുന്‍പുതന്നെ നട്ട ചെടികളും മരത്തൈകളും പണിപൂര്‍ത്തിയാകുമ്പോഴേക്കും പൂക്കാനും കായ്ക്കാനും തുടങ്ങിയിരുന്നു. മരച്ചില്ലകളിലാകെ കലപില കൂട്ടുന്ന വാലാട്ടിക്കിളികള്‍ കൂടുകൂട്ടി. തൊട്ടടുത്തുള്ള അമ്പലത്തില്‍ നിന്നുയരുന്ന ശംഖധ്വനിയും തുടര്‍ന്നുള്ള മണിനാദവും....എല്ലാംകൂടി ഒരു ഗ്രാമാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇന്നു പക്ഷേ, നിരനിരയായി നിന്നിരുന്ന മരങ്ങളൊക്കെയും നിരത്തുകളില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. പകരം പണിതീര്‍ന്നതും, തീര്‍ന്നുകൊണ്ടിരിക്കുന്നതുമായ കോണ്‍ക്രീറ്റ് സൗധങ്ങളുടെ ഗോപുരങ്ങള്‍! വീടിനോടടുക്കുമ്പോള്‍ കാണുന്ന അത്തിമരമാണ് ഈ നിരത്തിലെ ഏക ആശ്വാസം. ചുട്ടുപഴുത്ത വെയിലില്‍ നിന്ന് അതിന്റെ ചുവട്ടിലെത്തുമ്പോഴേക്കുണ്ടാകുന്ന സുഖം പറഞ്ഞറിയിക്കാന്‍ പ്രയാസം.അത്തിമരത്തില്‍നിന്ന് ഒരു ചെറുപഴം തന്റെ തൊട്ടുമുന്നില്‍ വന്നു വീണ് റോഡരികിലേക്കുരുണ്ടുപോയി. അതിനു പിന്നാലെ ഒരു അണ്ണാറക്കണ്ണന്‍ നിരത്തിലേക്കിറങ്ങി വന്ന് പഴവുമെടുത്ത് മരത്തിലേക്കു തന്നെ മടങ്ങി. അണ്ണാറക്കണ്ണന്റെ ധൃതിപിടിച്ച വരവും അത്തിപ്പഴം ഉയര്‍ത്തിപ്പിടിച്ചുള്ള പോക്കും നോക്കി ഞാന്‍ ഒരു നിമിഷം നിന്നു. എത്ര ചുണക്കുട്ടിയാണവന്‍, സുന്ദരന്‍! അതോ സുന്ദരിയോ? മുതുകിലൂടെ ഒഴുകിയിറങ്ങിയ മൂന്നു വരകളിലല്ലേ അതിന്റെ സൗന്ദര്യം മുഴുവന്‍? സേതുബന്ധന കാലത്ത് തന്നേക്കൊണ്ടാവുന്ന സഹായമെത്തിച്ച അണ്ണാറക്കണ്ണനെ വാത്‌സല്യപൂര്‍വ്വം മടിയിലെടുത്ത് മുതുകില്‍ തലോടിയ ശ്രീരാമചന്ദ്രന്റെ വിരല്‍പ്പാടുകള്‍....! രാവിലെ കിതച്ചുകൊണ്ടിറങ്ങിയ ഇറക്കം, മടക്കത്തില്‍ കയറ്റമായി മാറിയെങ്കിലും ഓടിക്കയറാനും ബുദ്ധിമുട്ടില്ലെന്ന തോന്നല്‍. മുന്നിലും പിറകിലും ആളാരുമില്ല, ഒന്നോടി നോക്കിയാലോ? വീട്ടിലെത്തി വാതില്‍ തുറന്ന് അകത്തു കയറിയപ്പോള്‍ വിയര്‍ത്തു കുളിച്ചിരുന്നു. ഷര്‍ട്ടൂരി 'ഹാംഗറി'ല്‍ തൂക്കി. ദേഹത്തോടൊട്ടിക്കിടക്കുന്ന ബനിയന്‍ ഊരാന്‍ നന്നേ പണിപ്പെട്ടു. വിയര്‍പ്പ് പിഴിഞ്ഞെടുക്കാം. തോര്‍ത്തുമുണ്ടെടുത്ത് കണ്ണാടിയുടെ മുന്നില്‍ ചെന്നു നിന്നു മുഖവും മുതുകും തുടച്ചു. സാവധാനം തിരിഞ്ഞു നിന്ന്, വിയര്‍പ്പു വറ്റിയ മുതുകില്‍ ശ്രീരാമചന്ദ്രന്റെ വിരല്‍പ്പാടുകള്‍ തെളിയുന്നുണ്ടോയെന്നു സാകൂതം ശ്രദ്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.