മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ദളിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ചു

Sunday 1 January 2017 12:55 am IST

മലപ്പുറം: മഞ്ചേരി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദളിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ചു. മഞ്ചേരി സ്വദേശിനിയാണ് പ്രസവിച്ചത്. അമ്മയെയും കുഞ്ഞിനെയും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഡിസംബര്‍ 30ന് രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനുവരി പതിമൂന്നായിരുന്നു പ്രസവ തീയതി. എന്നാല്‍ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനാല്‍ നേര ത്തെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. വേദനയുള്ളതായി അറിയിച്ചപ്പോള്‍ മൂത്രമൊഴിക്കാത്തതിനാലാണെന്ന് പറഞ്ഞ് നേഴ്സുമാര്‍ കക്കൂസിലേക്ക് പറഞ്ഞയക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. സമയത്ത് ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ലെന്നും നേഴ്സുമാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളെന്നും ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തിനു ശേഷം ഏറെ നേരം കഴിഞ്ഞാണ് ഡോക്ടര്‍ എത്തിയത്. ഇങ്ങനെ ക്ലോസറ്റില്‍ പ്രസവം നടക്കുന്നത് സ്ഥിരമാണെന്നും പ്രശ്നമാക്കേണ്ടതില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞത്രെ. ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും പട്ടികജാതി-ആരോഗ്യവകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കേരളത്തിന് അപമാനം: പട്ടികജാതിമോര്‍ച്ച തിരുവനന്തപുരം: മഞ്ചേരിയില്‍ ദളിത് സ്ത്രീക്ക് ക്ലോസറ്റില്‍ പ്രസവിക്കേണ്ടി വന്നത് കേരളത്തിന് അപമാനമാണെന്ന് പട്ടികജാതി മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ പി. സുധീര്‍. സംഭവം നടന്നത് ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമാണ്. ഇതേപ്പറ്റി സമഗ്ര അന്വേഷണം നടത്തണം. യുവതിയെ ജാതീയമായി ആശുപത്രി ജീവനക്കാര്‍ അപമാനിച്ചു. പ്രസവ വേദന ഉണ്ടെന്ന് പറഞ്ഞപ്പോള്‍ പോലും അധിക്ഷേപിക്കാനാണ് അധികൃതര്‍ ശ്രമിച്ചത്. ഇത് ഞെട്ടിക്കുന്ന സംഭവമാണ്. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുധീര്‍ ആവശ്യപ്പെട്ടു. അടുത്തിടെ കേരളത്തിലുണ്ടാകുന്ന ദളിത് പീഡനങ്ങളുടെ തുടര്‍ച്ചയാണീ സംഭവവും. ഡ്യൂട്ടി നേഴ്‌സുമാര്‍ അപമര്യാദയായി പെരുമാറി മഞ്ചേരി: അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് ക്ലോസറ്റില്‍ പ്രസവിച്ച ദളിത് യുവതിയോട് ഡ്യൂട്ടി നേഴ്‌സുമാര്‍ അപമര്യാദയായി പെരുമാറിയതായി പരാതി. തെറ്റ് മറച്ചുവെക്കാന്‍ അസഭ്യ വാക്കുകളോടെ നേഴ്‌സുമാര്‍ ദേഷ്യപ്പെട്ടെന്നും സംഭവമറിഞ്ഞ് ആശുപത്രിയിലെത്തിയ യുവമോര്‍ച്ച നേതാക്കന്മാരോട് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആശുപത്രി ഉപരോധിച്ചു. സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ മാറ്റിനിര്‍ത്തി അന്വേഷണം നടത്താമെന്ന് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടിന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയതിന് ശേഷമാണ് യുവമോര്‍ച്ച സമരം അവസാനിപ്പിച്ചത്. ചര്‍ച്ചയില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ്, ജില്ലാ പ്രസിഡന്റ് ബി.രതീഷ്, ആശുപത്രി നേഴ്‌സിംഗ് സൂപ്രണ്ട്, മഞ്ചേരി സിഐ, എസ്‌ഐ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.