എന്നെക്കാള്‍ വലിയ ഭക്തനുണ്ടോ?

Saturday 31 December 2016 8:17 pm IST

വൈകുണ്ഠത്തിലെത്തിയ നാരദമുനിയോടു ഭഗവാന്‍ ചോദിച്ചു: ''എന്തൊക്കെയുണ്ടു നാരദമഹര്‍ഷേ വിശേഷങ്ങള്‍? ഭൂമിയിലെ മനുഷ്യരില്‍ ദൈവഭക്തി വളരുന്നുണ്ടോ? അതോ കുറയുകയാണോ?'' ''കുറയുകയാണ് ഭഗവാനേ! എല്ലാവരും ഭൗതികനേട്ടങ്ങള്‍ക്കായി ഓടുകയാണ്. നാമജപംപോലും എങ്ങുനിന്നും കേള്‍ക്കാനില്ല!'' അതു പറയുമ്പോള്‍ നാരദനില്‍ വലിയ അഹംഭാവം കാണപ്പെട്ടു. എല്ലാനേരവും ഭഗവാന്റെ നാമംചൊല്ലി നടക്കുന്ന എന്നെപ്പോലെ ഒരു ഭക്തന്‍ എവിടെ ഉണ്ടാകാനാണ് എന്ന ഭാവം! അതു ഭഗവാന്‍ ശ്രദ്ധിച്ചു; അര്‍ത്ഥഗര്‍ഭമായി ഒന്നു ചിരിച്ചു. ''ഞാനൊന്നു ചോദിച്ചോട്ടെ ഭഗവാനേ? അങ്ങയുടെ ഏറ്റവും വലിയ ഭക്തനായി അങ്ങ് കരുതുന്ന ആരെങ്കിലും ഉണ്ടോ?'' തന്നെ പ്രശംസിച്ചുകൊണ്ടാവും ഭഗവാന്റെ മറുപടി ഉണ്ടാവുക എന്നു നാരദന്‍ ഉറപ്പിച്ചിരുന്നു. പക്ഷേ, ഭഗവാന്‍ പറഞ്ഞു: ''കൃഷ്ണപുരം എന്ന ഗ്രാമത്തില്‍ ഒരു സാധു കര്‍ഷകന്‍ ഉണ്ട്. അയാളാണ് എന്റെ വലിയ ഭക്തന്‍!'' നാരദനുണ്ടായ അദ്ഭുതത്തിനും മോഹഭംഗത്തിനും അളവില്ലായിരുന്നു. അങ്ങനെ ഒരു ഭക്തനുണ്ടോ? എങ്കില്‍ അയാളെ കണ്ടിട്ടേയുള്ളൂ വേറെ കാര്യം. കൂടുതലൊന്നും പറയാതെ ഭഗവാനോടു യാത്ര ചോദിച്ചു, നാരദന്‍ നേരെ ചെന്നത് കൃഷ്ണപുരം ഗ്രാമത്തിലെ കര്‍ഷകന്റെ വീട്ടിലേക്കാണ്. കര്‍ഷകന്‍ വളരെ ബഹുമാനത്തോടെ നാരദനെ സ്വീകരിച്ച് ഇരുത്തി. ഭക്തോത്തമനായ മഹര്‍ഷിയെ അതിഥിയായി ലഭിച്ചതിലുള്ള സന്തോഷം കര്‍ഷകന്‍ അറിയിച്ചു; ഏതാനും ദിവസം ഇവിടെ താമസിക്കണമെന്നു അഭ്യര്‍ത്ഥിക്കുകയും ചെയ്തു. നാരദനു സന്തോഷമായി. ഇയാളുടെ ഓരോ ചലനവും നിരീക്ഷിച്ചറിയാന്‍ അവസരം കിട്ടിയല്ലോ. ''നാരായണ! നാരായണ!'' എന്നു ജപിച്ചുകൊണ്ടാണ് കര്‍ഷകന്‍ രാവിലെ ഉണരുന്നത്. ഒരുനിമിഷം കണ്ണടച്ചിരുന്നു ധ്യാനിക്കുകയും ചെയ്യും. പിന്നെ ഓരോരോ ജോലികളിലും കൃഷിപ്പണികളിലും മുഴുകയായി.... വീട്ടുകാരിയെ സഹായിക്കണം, കുട്ടികളുടെ കാര്യങ്ങള്‍ നോക്കണം, പ്രായമായ അച്ഛനമ്മമാരെ പരിപാലിക്കണം, പശുക്കളെ നോക്കണം, കൃഷിസ്ഥലത്തും വേണ്ടതു ചെയ്യണം.... ഇങ്ങനെ വിവിധങ്ങളായ ജോലികള്‍... ഒടുവില്‍, ഉറങ്ങാന്‍ കിടക്കുമ്പോള്‍ വീണ്ടും ''നാരായണ! നാരായണ!'' ജപവും ധ്യാനവും മാത്രം! ഓ! ഇതാണോ ഭഗവാന്റെ ഇഷ്ടഭക്തന്‍? നാരദന്‍ അദ്ഭുതപ്പെട്ടു. ഇതിനിടയില്‍ അതിഥിയുടെ കാര്യങ്ങളിലും കര്‍ഷകന്‍ ശ്രദ്ധിച്ചിരുന്നു. രണ്ടുദിവസം അവിടെ താമസിച്ച നാരദന്‍ കര്‍ഷകനോട് യാത്ര പറഞ്ഞ് വൈകുണ്ഠത്തിലെത്തി. കൃഷ്ണപുരത്തെ വിശേഷങ്ങളെല്ലാം നിരത്തിയ നാരദന്‍ ഭഗവാനോട് ചോദിച്ചു: ''ഈ കര്‍ഷകന്‍ അങ്ങയുടെ ഏറ്റവും വലിയ ഭക്തനാകുന്നത് എങ്ങനെയാണ് ഭഗവാനേ?'' ''ഞാന്‍ പറയാം നാരദാ. അതിന് മുന്‍പ് അങ്ങ് ഒരു കാര്യം ചെയ്യണം-ഈ വൈകുണ്ഠത്തെ ഒന്നു പ്രദക്ഷിണം ചെയ്തു വരണം. അത്രയേ വേണ്ടൂ.'' ''അതിനെന്താ പ്രയാസം? ഇവിടെ വരുമ്പോള്‍ എല്ലായ്‌പ്പോഴും ചെയ്യാറുള്ളതല്ലേ?'' ''ശരിയാണ്. ഇപ്പോള്‍ പക്ഷെ ഒരു പ്രത്യേകതയുണ്ട്. ഇതാ ഈ ചെറിയ പാത്രത്തിലെ എണ്ണ കൈയില്‍ വച്ചോളൂ. വക്കോളമുണ്ട്. ഒരു തുള്ളിപോലും തുളുമ്പി വീഴാതെ പ്രദക്ഷിണം പൂര്‍ത്തിയാക്കി എണ്ണ മുഴുവന്‍ കെടാവിളക്കിലേക്ക് ഒഴിക്കണം.'' ഭഗവാന്‍ പരന്ന ഒരു പാത്രം നിറയെ എണ്ണ, നാരദന്റെ വലതുകൈയില്‍ വച്ചുകൊടുത്തു. ''നാരായണ! നാരായണ! എന്ന നാമജപത്തോടെയാണ് നാരദന്‍ പാത്രം ഏറ്റുവാങ്ങിയത്. പിന്നെ എണ്ണയിലായി ശ്രദ്ധ. ഒരു തുള്ളിപോലും പുറത്തേക്ക് തുളുമ്പാതെ നോക്കണം. അങ്ങനെ വൈകുണ്ഠത്തിനെ ചുറ്റിവരികയെന്നത് നൂല്‍പാലത്തിലൂടെയുള്ള നടത്തംപോലെ ശ്രമകരമാണ്. എങ്കിലും നാരദന്‍ വൈകുണ്ഠ പ്രദക്ഷിണം പൂര്‍ത്തിയാക്കി; കെടാവിളക്കിലേക്ക് എണ്ണ പകര്‍ന്നുകൊണ്ട് പറഞ്ഞു: ''ഹാവൂ! ആശ്വാസമായി!'' ''എന്താ നാരദരേ? അങ്ങ് നാരായണ നാമം മറന്നുവോ?'' എന്നായിരുന്നു അപ്പോള്‍ പുഞ്ചിരിയോടെയുള്ള ഭഗവാന്റെ ചോദ്യം. ''വൈകുണ്ഠത്തെ ചുറ്റിവരുന്നതിനിടയില്‍ അങ്ങ് എത്ര തവണ എന്നെ സ്മരിച്ചു? എന്റെ നാമം ജപിച്ചു? എന്നുകൂടി പറയാന്‍ പറ്റുമോ?'' നാരദന്‍ ഇളിഭ്യതയോടെ തല താഴ്ത്തി നിന്നു. അതുകണ്ടു ഭഗവാന്‍ കാര്യങ്ങള്‍ ഇങ്ങനെ വിശദീകരിച്ചു: '' ആ കര്‍ഷകന്‍ പരമഭക്തനാണെന്ന് ഞാന്‍ പറഞ്ഞതുവെറുതെയല്ല നാരദ മഹര്‍ഷേ! ലൗകിക ജീവിതം നയിക്കുന്നവര്‍ക്ക് പല കടമകളും നിര്‍വഹിക്കാനുണ്ട്. കര്‍മങ്ങളോടാണ് അവരുടെ ഭക്തി. ആ ഭക്തിയില്‍ അയാള്‍ മുഴുകുന്നു. ഉണരുമ്പൊഴും ഉറങ്ങാന്‍ കിടക്കുമ്പോഴും അയാള്‍ എല്ലാം ഭഗവാനില്‍ സമര്‍പ്പിച്ചുകൊണ്ട് ഭഗവന്നാമം ഉരുവിടുന്നു; വളരെ ആത്മാര്‍ത്ഥമായി. അതിനാല്‍ അയാള്‍ എന്റെ പ്രിയഭക്തനാണ്; കര്‍മയോഗിയാണ്!'' ഭഗവാന്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.