അവാര്‍ഡിന്റെ ഇര

Saturday 31 December 2016 8:48 pm IST

കല്‍ബുര്‍ഗി മുതല്‍ കമാലുദ്ദീന്‍ വരെയുള്ള ഇരകള്‍ക്ക് വേണ്ടിയായിരുന്നല്ലോ ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്റര്‍ പ്രഭാവര്‍മ്മ ഇക്കാലമത്രയും വേദനിച്ചിരുന്നത്. ഗോവിന്ദ് പന്‍സാരെയും ധാബോല്‍ക്കറും എം.എം. കല്‍ബുര്‍ഗിയുമൊക്കെ നരേന്ദ്രമോദിയുടെ അസഹിഷ്ണുതാ രാഷ്ട്രീയത്തിന്റെ ഇരകളാണെന്നും, അതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടത് അനിവാര്യതയാണെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം എത്ര കുറിമാനങ്ങളാണ് തയാറാക്കിയത്. ദാദ്രിയിലും ഫരീദാബാദിലും ഹൈദരാബാദ് സര്‍വകലാശാലയിലെയുമൊക്കെ നടന്ന സംഭവങ്ങളില്‍ കവിയും ഗാനരചയിതാവുമായ വര്‍മ്മയുടെ ഹൃദയം തകര്‍ന്നുപോയിരുന്നു. അതുകൊണ്ടാണ് സംസ്ഥാനത്ത് ഡിവൈഎഫ്‌ഐക്കാരന്‍ പോത്തിറച്ചി ഫെസ്റ്റിവല്‍ നടത്തി പ്രതിഷേധിച്ചപ്പോള്‍ ടി.കെ. നാരായണന്‍ നമ്പൂതിരിയുടെയും എന്‍. പങ്കജാക്ഷിതമ്പുരാട്ടിയുടെയും ഇളയമകന്‍ അതിനെ കയ്യടിച്ച് അഭിനന്ദിച്ചത്. മോദിഭരണത്തില്‍ അസഹിഷ്ണുത പൂണ്ടുവിളയാടുകയാണെന്ന് ആരോപിച്ച് നയന്‍താരാ സൈഗാള്‍ മുതലുള്ള മുപ്പത്തെട്ട് മഹാ പ്രതിഭകള്‍ കേന്ദ്രസാഹിത്യ അക്കാദമിയുടെ പുരസ്‌കാരങ്ങള്‍ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചപ്പോള്‍ ആദ്യം രോമാഞ്ചമണിഞ്ഞവരുടെ കൂട്ടത്തിലാണ് എസ്എഫ്‌ഐ മൂത്ത് റസിഡന്റ് എഡിറ്ററായ പ്രഭാവര്‍മ്മ. ആ രോമാഞ്ചത്തിന്റെ കോള്‍മയിരണിയല്‍ മെയ്യില്‍നിന്നും മനസ്സില്‍ നിന്നും മായുന്നതിനുമുന്നേയാണ് പ്രഭാവര്‍മ്മയും അവാര്‍ഡിന് ഇരയായത്. സൈഗാള്‍ മുതലുള്ള മുപ്പത്തെട്ടുപേര്‍ ഒന്നിനുപിറകെ ഒന്നായി പത്രക്കാരെയും ഫോട്ടോഗ്രഫര്‍മാരെയും വിളിച്ചുവരുത്തി പല പോസില്‍ പടമെടുത്ത് അവാര്‍ഡ് മടക്കിനല്‍കുന്നു എന്ന നെടുങ്കന്‍ പ്രഖ്യാപനം നടത്തി പത്രങ്ങളില്‍ ഇടംപിടിക്കുന്ന കാലത്ത് പ്രഭാവര്‍മ്മയും കൊതിച്ചിട്ടുണ്ടാവണം കിട്ടിയിരുന്നെങ്കില്‍ തിരിച്ചുനല്‍കി ചര്‍ച്ചയാകാമായിരുന്നുവെന്ന്. ഭാഗ്യത്തിനോ ഭാഗ്യദോഷത്തിനോ അക്കാലംവരെ വര്‍മ്മയെ കേന്ദ്രസാഹിത്യന്മാര്‍ കവിയായി പരിഗണിച്ചിരുന്നില്ല. ഇപ്പോള്‍ കിട്ടിയപ്പോള്‍ വര്‍മ്മ പറയുന്നത് കേന്ദ്രസാഹിത്യ അക്കാദമിയും കേന്ദ്രസര്‍ക്കാരും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല, അതുകൊണ്ട് അവാര്‍ഡ് തനിക്ക് കയ്ക്കില്ല എന്നാണ്. കവി സത്യദര്‍ശിയാണെന്നാണ് വെയ്പ്. അതുകൊണ്ടാണല്ലോ ആചാര്യന്മാര്‍ കവിഋഷി എന്ന് പ്രയോഗിച്ചിട്ടുള്ളത്. എന്നിട്ടും എന്തുകൊണ്ടാണ് തനിക്കുമുന്നേ പോയ മുപ്പത്തെട്ടുപേര്‍ അവാര്‍ഡ് വാപ്പസി ഗ്യാങ് ഉണ്ടാക്കി രാജ്യം ഭരിക്കുന്ന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയതില്‍ അഭിമാനപുളകിതനായിരുന്ന വര്‍മ്മ ഇങ്ങനെ മലക്കം മറിഞ്ഞത്? പാര്‍ട്ടിയും പത്രവും ഈ റസിഡന്റ് എഡിറ്ററോട് ഇത് മര്യാദയാണോ എന്ന മിനിമം ചോദ്യമെങ്കിലും ചോദിക്കേണ്ടതാണ്. കൊടുത്ത അവാര്‍ഡുകളെല്ലാം തിരിച്ചുവരുന്നത് കണ്ട അക്കാദമി മോഹിച്ചത് അവാര്‍ഡിനൊപ്പം നല്‍കിയ ഒരു ലക്ഷം രൂപയും മടങ്ങിവരുമെന്നാണ്. ആം ആദ്മി പാര്‍ട്ടി നേതാവായിരുന്ന സാറാ ജോസഫ് അടക്കം ഒരാളും വാങ്ങിയ പണം മടക്കി നല്‍കിയില്ലെന്നാണ് അക്കാദമി ഭാരവാഹികളുടെ വെളിപ്പെടുത്തല്‍. മോദിവിരുദ്ധ രാഷ്ട്രീയം നുണയുടെ ചോപ്പുകുപ്പായമണിഞ്ഞ് തിണ്ണമിടുക്ക് കാട്ടുന്ന കേരളത്തില്‍ നിന്ന് അവാര്‍ഡ് മടക്കിയത് ആപ്പ് നേതാവ് മാത്രമാണെന്നത് മറ്റൊരുകാര്യം. കയ്യിലിരിക്കുന്നത് കൊണ്ടുക്കളയുന്നത് കണ്ട് കയ്യടിക്കുന്നതാണ് പണ്ടും പ്രഭാവര്‍മ്മയുടെ പാര്‍ട്ടിക്കാര്‍ക്ക് ഹരം. അവാര്‍ഡ് ലഭിച്ചവര്‍ തിരികെക്കൊടുക്കില്ലെന്നും വാങ്ങിയവരാണ് മടക്കി നല്‍കുന്നതെന്നുമുള്ള പി. വത്സലയുടെ കുത്തുവാക്കില്‍ ഉണ്ടായിരുന്ന മാനം കപ്പലുകയറിയ ചിലരെങ്കിലും പിന്നീട് മിണ്ടാതായി. മാനമെന്നത് ചക്കയോ മാങ്ങയോ എന്ന് അറിയാത്ത പുരോഗമനവായാടികള്‍ പിന്നെയും കുറേനാള്‍ കൂക്കുവിളിച്ചുനടന്നു. അക്കാലത്ത് അവാര്‍ഡിതയായ ഒരു മലയാളി വനിതയ്ക്ക് പുരസ്‌കാര വാര്‍ത്ത കേട്ടപ്പോള്‍ അങ്ങേയറ്റം നാണക്കേടാണുപോലും തോന്നിയത്. നാണക്കേടുകൊണ്ടാകെ ചൂളിപ്പോയ അവര്‍ അങ്ങേയറ്റത്തെ അപമാനഭീതിയോടെയാണ് പുരസ്‌കാരം വാങ്ങുന്നതെന്ന് ഒരു ഉളുപ്പുമില്ലാതെ പത്രക്കാരുടെ മുന്നില്‍ കുഴഞ്ഞുനില്‍ക്കുന്നതിനും കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഗൂഗിളില്‍ സെര്‍ച്ച് ചെയ്താണ് ബംഗാളിലെ പല സ്ഥലങ്ങളുടെ പേരുകളും താന്‍ മനസ്സിലാക്കിയതെന്ന് അനുഭവകഥനം നടത്തിയ ആ എഴുത്തുകാരിക്ക് അവാര്‍ഡ് ലഭിച്ചപ്പോള്‍ ചൂളിപ്പോയത് മലയാളികളാണ്. ആരെങ്കിലും എഴുതിയതൊന്ന് മുന്നിലുള്ളപ്പോള്‍ പേരുമാറ്റി, സ്ഥലം മാറ്റി അത് പകര്‍ത്തിയെഴുതുന്നവര്‍ക്കും കേന്ദ്രന്റെ പുരസ്‌കാരം വന്നുചേരുമെന്നത് അത്ര പുതിയ വര്‍ത്തമാനമൊന്നുമല്ല താനും. കിട്ടാത്ത മുന്തിര പുളിക്കുമെന്ന് പറഞ്ഞ കുറുനരിയുടെ ഇച്ഛാഭംഗം മാത്രമാണ് കേരളത്തിലെ പാര്‍ട്ടി സാഹിത്യകാരന്മാരുടെ അസഹിഷ്ണുതാപ്രചാരണത്തിന്റെ കാതലെന്ന് വളരെ എളുപ്പത്തില്‍ തെളിയിച്ച ഒന്നാവുകയാണ് പ്രഭാവര്‍മ്മയുടെ പുരസ്‌കാര ലബ്ധി. ഇത്രയേറെ പുകിലുണ്ടാക്കി കോലാഹലം സൃഷ്ടിച്ച പത്രവും പാര്‍ട്ടിയും റസിഡന്റ് എഡിറ്റര്‍ അവാര്‍ഡ് വാങ്ങുമ്പോഴെങ്കിലും കേരളത്തോട് മാപ്പുപറയണം. രാജ്യത്തെ സര്‍ക്കാരിനെ അപമാനിക്കാനും ലോകത്തിനുമുന്നില്‍ പച്ചക്കള്ളങ്ങള്‍ വിളിച്ചുപറഞ്ഞ് അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചതിന് ഏത്തമിട്ട് മാപ്പുപറയണം. അവാര്‍ഡിനും പണത്തിനും പദവിക്കും വേണ്ടിയാണ് പുരോഗമനക്കാരന്റെ സര്‍ഗസൃഷ്ടിയെന്ന് അറിയുന്നവര്‍ക്ക് പ്രഭാവര്‍മ്മമാരുടെ മാനസികാവസ്ഥ എളുപ്പത്തില്‍ മനസ്സിലാകും. ഒരു അവാര്‍ഡ് അങ്ങോട്ടുകൊടുത്ത് മറ്റൊരു അവാര്‍ഡ് തരപ്പെടുത്തുന്ന പത്രമുതലാളിമാരുള്ള നാടാണ് കേരളം. അര്‍ഹതയുള്ളവനെ അംഗീകരിക്കാന്‍ മടിക്കുകയും അടിമപ്പണി ചെയ്യുന്നവനെ അക്കാദമിക പ്രതിയാക്കുകയും ചെയ്യുന്ന ബേബിയന്‍ സാംസ്‌കാരികതയ്ക്കാണ് ഇവിടെ കായ്ഫലം കൂടുതല്‍. അധികാരത്തിന്റെ ഇടനാഴികളില്‍ പദവികള്‍ മണത്ത് നടക്കുന്നവര്‍ക്ക് കിട്ടുന്ന പുരസ്‌കാരങ്ങള്‍ക്ക് പുല്ലുവില കല്‍പിച്ച ഋഷികവികള്‍ ഇപ്പോഴും ജീവിക്കുന്ന നാട്ടിലാണ് അസഹിഷ്ണുതയുടെ നുണക്കഥകള്‍ വിളയിച്ച് നൂറുമേനികൊയ്യാന്‍ കച്ചകെട്ടിയവര്‍ കുമ്പിട്ടുനിന്ന് അവാര്‍ഡിതരാകുന്നത്. വയലാര്‍ അവാര്‍ഡുമായി വീട്ടിലേക്ക് വരുന്നെന്ന് പറഞ്ഞ കമ്മറ്റിക്കാരോട്, കേള്‍ക്കാന്‍ സമയമില്ല, റേഷന്‍കടയില്‍ മണ്ണെണ്ണ തീര്‍ന്നുപോകുമെന്ന് വിളിച്ചുപറഞ്ഞ അയ്യപ്പപ്പണിക്കരുടെ നാടാണിതെന്ന് ഇത്തരക്കാര്‍ ഓര്‍ക്കുന്നത് നല്ലതാണ്. അര്‍ഹിക്കുന്നതല്ല പതിച്ചുകിട്ടുന്നതെന്ന തിരിച്ചറിവ് ഉണ്ടാക്കിയെടുക്കാന്‍ ആവില്ലല്ലോ. വയലാറും പി. ഭാസ്‌കരനും ഒഎന്‍വിയും വിപ്ലവകവിത്രയങ്ങളാണെന്ന് ബേബിയുടെ പാണന്മാര്‍ നീട്ടിപ്പാടി നടന്ന കാലത്ത് കേട്ട ഒരു പരിഹാസമുണ്ട്, 'ഈ വാദങ്ങള്‍ നിഷേധിക്കാന്‍ വയലാറും ഭാസ്‌കരന്‍ മാഷും ഇന്നില്ല. ജീവിച്ചിരിക്കുന്ന മൂന്നാമന്‍ ആ വിശേഷണം തലകുനിച്ചേറ്റുവാങ്ങുന്നു. ഓന്ത് ഒരു തുള്ളി മുതലയാണെന്ന് അവകാശപ്പെടുന്നതുപോലെ ഒരു അവകാശവാദമാണതെന്നേ പറയാനാവൂ...'’ പ്രഭാവര്‍മ്മയുടെ കവിതയോ സാഹിത്യമോ അല്ല നിലപാടാണ് പ്രശ്‌നം. അന്ന് കയ്ച്ച കാഞ്ഞിരത്തിന് ഇപ്പോള്‍ മധുരമുണ്ടെന്ന് തോന്നുന്നതിന്റെ പിന്നിലെ ചേതോവികാരമാണ് പ്രശ്‌നം. എഴുതിയതെല്ലാം തിരുത്തി പെരുമാള്‍ മുരുകന്‍ വീണ്ടും എഴുത്ത് തുടങ്ങിയിട്ടുണ്ട്. അന്ന് ആത്മഹത്യ ചെയ്ത മുരുകന്റെ ചിതാഭസ്മം ഇപ്പോഴും ദേശാഭിമാനിയുടെ ലോക്കറിലുണ്ടാവുമല്ലോ. അവാര്‍ഡും വാങ്ങി മടങ്ങിവന്നിട്ട് അതിനും വേണം ഒരു പരിഹാരക്രിയ.