പ്രതിരോധരംഗത്തെ അഴിമതികളുടെ തെളിവുമായി ഹസാരെ സംഘം

Friday 27 April 2012 10:47 pm IST

ന്യൂദല്‍ഹി: കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പ്രതിരോധ, വാണിജ്യമേഖലകളില്‍ അനധികൃതമായി കരാറുകള്‍ ഒപ്പുവെച്ചതിന്‌ തെളിവുകളുമായി ഹസാരെ സംഘം. നാവികസേനയിലെ യുദ്ധരഹസ്യങ്ങള്‍ ചോര്‍ന്ന കേസുമായി ബന്ധപ്പെട്ട്‌ പ്രതിചേര്‍ക്കപ്പെട്ട ഒരാള്‍ക്കും ഈ അനധികൃത കരാറില്‍ പങ്കുണ്ട്‌. എന്നാല്‍ തെളിവുകളടങ്ങിയ രേഖകള്‍ തങ്ങളുടെ കൈവശമുണ്ടെങ്കിലും അതിന്റെ അവകാശികള്‍ തങ്ങളല്ലെന്നും സംഘം വ്യക്തമാക്കി.
ഇന്ത്യയില്‍ വ്യവസായം തുടങ്ങാന്‍ താല്‍പ്പര്യമുള്ള നിരവധി വിദേശ കമ്പനികള്‍ രാജ്യത്തെ ഇടപാടുകാരനുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അനധികൃത ഇടപാടുകളെത്തുടര്‍ന്ന്‌ വിലക്കേര്‍പ്പെടുത്തിയിട്ടുള്ള കമ്പനികളുടെ പട്ടികയില്‍നിന്നും ഇക്കൂട്ടരെ ഒഴിവാക്കണമെന്ന്‌ ഇടപാടുകാരനോട്‌ ആവശ്യപ്പെട്ടതായും രേഖകളില്‍ സൂചിപ്പിക്കുന്നുണ്ട്‌. അമേരിക്കന്‍ പൗരനായ സി.എഡ്മണ്ട്‌ അലനാണ്‌ കൈവശരേഖ തങ്ങള്‍ക്ക്‌ കൈമാറിയതെന്ന്‌ ഹസാരെ സംഘാംഗമായ അരവിന്ദ്‌ കേജ്‌രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
നൂറ്‌ മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുള്ള, വിലക്കേര്‍പ്പെടുത്തിയിട്ടുള്ള കമ്പനിക്ക്‌ തുടര്‍ പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചാല്‍ ഒരു മില്യണ്‍ ഡോളര്‍ ഇടപാടുകാരന്‌ നല്‍കാമെന്ന്‌ ഇസ്രായേല്‍ പൗരന്‍ വാഗ്ദാനം നല്‍കിയിരുന്നതായും കേജ്‌രിവാള്‍ വ്യക്തമാക്കി. 112 പേജുകള്‍ വരുന്ന ഈ രേഖകള്‍ ഇസ്രായേലി പൗരന്‍ ഇന്ത്യന്‍ ഇടപാടുകാരന്‌ എഴുതി അയച്ചതാണെന്നും അദ്ദേഹം വാര്‍ത്താലേഖകരെ അറിയിച്ചു.
2012 ജനുവരിയില്‍ കേന്ദ്രമന്ത്രി ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന വിവരം ഇടപാടുകാരന്‌ അറിയാമായിരുന്നെന്നും കരിമ്പട്ടികയില്‍നിന്നും കമ്പനിയെ നീക്കാന്‍ ഇടപാടുകാരന്‍ സ്വാധീനം ചെലുത്തിയതായും രേഖ വ്യക്തമാക്കുന്നുണ്ട്‌.
അഴിമതി തടയാന്‍ ലോകായുക്ത പര്യാപ്തമാണെന്നും മഹാരാഷ്ട്രയില്‍ ലോകായുക്തയ്ക്കുള്ള ജനപിന്തുണ ഇത്‌ തെളിയിക്കുന്നതായും എംഎന്‍എസ്‌ നേതാവ്‌ രാജ്‌ താക്കറെയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം വാര്‍ത്താലേഖകരോട്‌ സംസാരിക്കവെ അണ്ണാ ഹസാരെ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍, ഹൈക്കോടതി, സുപ്രീംകോടതി എന്നിവയിലൊന്നും സര്‍ക്കാര്‍ ഇടപെടലുകള്‍ സാധ്യമല്ലെന്നും അതുപോലെതന്നെ ഉന്നതാധികാരമുള്ള സ്ഥാപനമാണ്‌ ലോകായുക്തയെന്നും ഹസാരെ പറഞ്ഞു.
മഹാരാഷ്ട്രയില്‍ കാര്യക്ഷമതയുള്ള ലോകായുക്തയ്ക്ക്‌ എല്ലാ പിന്തുണയും നല്‍കുമെന്ന്‌ രാജ്‌ താക്കറെ ഉറപ്പ്‌ നല്‍കിയതായി ഹസാരെ വ്യക്തമാക്കി. പാര്‍ട്ടി അംഗീകരിക്കുന്ന എല്ലാ സ്ഥാനാര്‍ത്ഥികളും ജനങ്ങള്‍ക്ക്‌ സ്വീകാര്യരാകണമെന്നില്ലെന്നും നിരാകരിക്കാനുള്ള അവകാശം (റൈറ്റ്‌ ടു റിജെക്ട്‌) ജനങ്ങള്‍ക്ക്‌ അനുവദിക്കണമെന്നും രാഷ്ട്രീയത്തില്‍ സുതാര്യത കൈവരിക്കാന്‍ ഇത്‌ സഹായകമാകുമെന്നും ഹസാരെ അഭിപ്രായപ്പെട്ടു.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.