തിരുവല്ല താലൂക്ക് ആശുപത്രിയില്‍ കെട്ടിട സമുച്ചയ സമര്‍പ്പണം ഇന്ന്

Saturday 31 December 2016 9:48 pm IST

തിരുവല്ല: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ താലൂക്ക് ആശുപത്രിയിലെ ഐപി ബ്ലോക്ക് പൊതുജനങ്ങള്‍ക്കായി ഇന്ന് സമര്‍പ്പിക്കും. ഒന്നിന് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഐപി ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സമ്മേളനത്തില്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിക്കും. ഐപി ബ്ലോക്കില്‍ ആരംഭിക്കുന്ന ബ്ലഡ് ബാങ്കിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ കെ ഷൈലജ നിര്‍വഹിക്കും. ഒഫ്ത്താല്‍മോളജി കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജലവിഭവമന്ത്രി മാത്യു ടി തോമസ് നിര്‍വഹിക്കും. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി എന്നിവര്‍ ആശംസ അര്‍പ്പിക്കും. 2009 ലാണ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. നബാര്‍ഡിന്റെ സഹകരണത്തോടെ 9.75 കോടി രൂപ ചിലവിട്ട് മൂന്നുനിലകളിലായി നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ അത്യാധുനീക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. താഴത്തെ നിലയില്‍ റിസപ്‌ഷെന്‍, ക്യാഷ്വാലിറ്റി, ട്രോമാ കെയര്‍ യൂണിറ്റ്, എംഐസിയു, പുരുഷന്‍മാരുടെ വാര്‍ഡ്, ഇസിജി, ലാബ് എന്നിവ പ്രവര്‍ത്തിക്കും. ഒന്നാംനിലയില്‍ ഒപി വിഭാഗം, എട്ട് യൂണിറ്റുകളുള്ള ഡയാലിസിസ് സെന്റര്‍, ആധുനിക രീതിയിലുള്ള മെഡിക്കല്‍ റെക്കോഡ് സംവിധാനം, ഫാര്‍മസി സ്‌റ്റോര്‍, എന്‍ഐസി, സിഐസിയു തുടങ്ങിയവ പ്രവര്‍ത്തിക്കും. രണ്ടാംനിലയില്‍ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും സര്‍ജിക്കല്‍ വാര്‍ഡുകളും ആധുനീക രീതിയിലുള്ള തിയേറ്റര്‍ സജ്ജീകരിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മൂന്നുനിലകളെ ബന്ധിപ്പിക്കുന്നതിന് ലിഫ്റ്റും മുടക്കമില്ലാതെ എല്ലാ നിലകളിലും വൈദ്യുതി എത്തിക്കുന്നതിനായി ജനറേറ്ററും ഉണ്ടാകും. സെന്‍ട്രലൈസ്ഡ് ഓക്‌സിജന്‍ സപ്ലൈക്കുവേണ്ടിയുള്ള പ്രാരംഭനടപടികളും സ്വീകരിച്ചുവരുന്നു. ഇരുപത്തിനാല് മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ലബോറട്ടറി, ഒരുമണി വരെ പ്രവര്‍ത്തിക്കുന്ന ഒപി ബ്ലോക്ക്, 173 കിടക്കകളുള്ള വാര്‍ഡ്, രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറുവരെ പ്രവര്‍ത്തിക്കുന്ന ഫാര്‍മസി, ഒരുമണി വരെ പ്രവര്‍ത്തിക്കുന്ന എക്‌സ്‌റേ വിഭാഗം, ഇരുപത്തിനാല് മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഇ.സി.ജി യൂണിറ്റ്, നാലുമണിവരെ പ്രവര്‍ത്തിക്കുന്ന പി.പി യൂണിറ്റ് എന്നിവയെല്ലാം പുതിയ ബ്ലോക്കില്‍ സജ്ജമാക്കിയിട്ടുണ്ട്. രക്തസംഭരണ യൂണിറ്റ്, പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് യൂണിറ്റ്, ഇരുപത്തിനാല് മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് സൗകര്യം, ആധുനീകരീതിയിലുള്ള ഗൈനക്കോളജി വിഭാഗം വേദനരഹിത പ്രസവത്തിനുള്ള സൗകര്യം, താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ എന്നിവയെല്ലാം താലൂക് ആശുപത്രിയെ സംസ്ഥാനത്തെ തന്നെ മികച്ച ആതുരാലയമാക്കും. ഓര്‍ത്തോ, ജനറല്‍മെഡിസിന്‍, സര്‍ജറി, പീഡിയാട്രിക്, നേത്രചികിത്സ, ഇഎന്‍ടി, ദന്തല്‍ വിഭാഗങ്ങളും സജീവമാവുകയാണ്. ഡിസ്ട്രിക്ട് ഏര്‍ളി ഇന്റര്‍വേഷന്‍ സെന്റര്‍ (ഡിഇഐസി), എന്‍സിഡി ക്ലിനിക്ക്, സെക്യൂരിറ്റി സര്‍വീസ് എന്നിവയും സജീവമാകും. 120 വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഡിസ്‌പെന്‍സറിയായാണ് താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. 1990 ല്‍ ഫസ്റ്റ് റഫറല്‍ യൂണിറ്റായി ഉയര്‍ത്തി. ദിവസേന ആയിരത്തോളം രോഗികള്‍ ഒ.പി വിഭാഗത്തിലും നൂറില്‍പ്പരം രോഗികള്‍ ഐ.പി വിഭാഗത്തിലുമായി ചികിത്സ തേടിയെത്തുന്നുണ്ട്. പുതിയ കെട്ടിടത്തിന് മുകളിലായി നാല് നിലകള്‍ കൂടിപണിയുന്നതിന് 9 കോടി രൂപ നബാഡ് മുഖേന അനുവദിച്ചിട്ടുണ്ട്. നിലവിലെ ഒ.പി ബ്ലോക്ക് പുതുക്കി പണിയുന്നതിനും ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മാത്യു ടി തോമസ് പറഞ്ഞു. മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്ത് ശിലാസ്ഥാപനം നടത്തിയ ഐപി ബ്ലോക്കിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സമീപത്തെ ചില സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ ചില ആ സൂ ത്രിത ശക്തികള്‍ ഇ ട പെട്ട് ഇഴഞ്ഞ് നീക്കുകയായിരുന്നു.എന്നാല്‍ ഇതിനെതിരെ മാധ്യമങ്ങളും ബിജെപി അടക്കമുള്ള രാഷ്ട്രീയ പ്ര ഖ്യാപനങ്ങളും സജീവമായി രംഗത്ത് വരു കയാ യിര ു ന്നു. വിഷയം ചൂണ്ടിക്കാട്ടി വന്‍ പ്രക്ഷോഭ പരിപാടികളും നടന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.