ബിയര്‍ പാര്‍ലര്‍ ജീവനക്കാരനെ അക്രമിച്ച എക്‌സൈസ് ഓഫീസര്‍ക്കെതിരേ നടപടി

Saturday 31 December 2016 9:54 pm IST

പത്തനംതിട്ട: ബിയര്‍ പാര്‍ലര്‍ ജീവനക്കാരനെ അക്രമിച്ച എക്‌സൈസ് സിവില്‍ ഓഫീസര്‍ക്കെതിരേ നടപടി. റാന്നി റേഞ്ച് ഓഫീസിലെ കെ. ഹാരിസിനെയാണ് ഡപ്യൂട്ടി കമ്മിഷണര്‍ മല്ലപ്പള്ളിയിലേക്ക് സ്ഥലം മാറ്റിയത്. റാന്നിയിലുള്ള ബിയര്‍പാര്‍ലറിന്റെ മാനേജിങ് പാര്‍ട്ണര്‍ നല്‍കിയ പരാതിയിലാണ് നടപടി. 28 ന് ഉച്ചയ്ക്ക് 12.30 നാണ സംഭവം നടന്നത്. ഹോട്ടലിലെ എ.സി റസ്‌റ്റോറന്റില്‍ വന്ന് രണ്ട് ബിയര്‍ കഴിച്ച ശേഷം എക്‌സൈസ് റേഞ്ച് ഓഫീസിലേക്കെന്ന് പറഞ്ഞ് ആറ് ഫിഷ് കറി മീല്‍സും നാല് ചില്ലി ചിക്കനും ആറ് ഫിഷ് ഫ്രൈയും നാല് ചിക്കന്‍ 65 ഉം നാല് ബീഫ് കറിയും ഓര്‍ഡര്‍ ചെയ്യുകയും ഇത് പാഴ്‌സലാക്കി നല്‍കാനും ആവശ്യപ്പെട്ടു. ഇത്രയും സാധനങ്ങള്‍ സൗജന്യമായി നല്‍കാന്‍ കഴിയില്ലെന്ന് ജീവനക്കാരന്‍ അറിയിച്ചതിനെത്തുടര്‍ന്ന് കഴിച്ചു കൊണ്ടിരുന്ന ബിയറിന്റെ ബാക്കി ഭാഗം ഗ്ലാസോടു കൂടി ജീവനക്കാരന്റെ ശരീരത്തിലേക്ക് വലിച്ചെറിഞ്ഞു. തുടര്‍ന്ന് മര്‍ദിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്തു. ഹാരിസ് പതിവായി ഇവിടെയെത്തി സൗജന്യമായി ബിയര്‍ കുടിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യാറുണ്ടെന്ന് എക്‌സൈസ് കമ്മിഷണര്‍ക്ക് അനൂപ് നല്‍കിയ പരാതിയില്‍ പറയുന്നു. പണം ചോദിച്ചാല്‍ ഭീഷണി മുഴക്കുന്നതാണ് ഇയാളുടെ രീതി. ഡെപ്യൂട്ടി കമ്മിഷണറുടെ നിര്‍ദേശ പ്രകാരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ നടത്തിയ അന്വേഷണത്തില്‍ പരാതി ശരിയാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.