വീട്ടമ്മയ്ക്കുനേരെ വധഭീഷണി; വീടിന് മുന്‍പില്‍ കോഴി ഗുരുതി

Saturday 31 December 2016 10:03 pm IST

കൊച്ചി: വിധവയായ വീട്ടമ്മയ്ക്കു നേരെ വധഭീഷണി മുഴക്കിയ സംഘം വീടിന് മുന്‍പില്‍ കോഴിയെ അറുത്ത് വെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പരാതി. അങ്കമാലി വടക്കേ കിടങ്ങൂര്‍ കല്ലം തേമാലിയില്‍ പരേതനായ ദേവദാസന്റെ ഭാര്യ ഇന്ദിരയുടെ വീടിന്റെ മുന്‍വശത്താണ് കോഴി ഗുരുതി നടത്തിയത്. രണ്ട് ദിവസം മുന്‍പ് തുറവൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.വി. സന്തോഷ് പണിക്കര്‍ക്കെതിരെ ഇന്ദിരയുടെ അയല്‍വാസി ശകുന്തള കൊടുത്ത പരാതിയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പരാതി പിന്‍വലിക്കണമെന്നും, കേസില്‍ ജയിലില്‍ പോകേണ്ടി വന്നാല്‍ തിരിച്ചുവരുമ്പോള്‍ കൊല്ലുമെന്നും സന്തോഷ് പണിക്കര്‍ ശകുന്തളയെ ഭീഷണിപ്പെടുത്തിയതായി പറയുന്നു. ഇതിനു തുടര്‍ച്ചയായി ശകുന്തളയുടെ മകന്‍ സുനിലിനെ വീട്ടില്‍ വിളിച്ചുവരുത്തി ഫോട്ടൊ എടുത്ത്, ഇന്ദിരയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നു പരാതി നല്‍കണമെന്ന് സന്തോഷ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിന് ഇന്ദിര തയാറായില്ല. ഇത് ചെയ്യാന്‍ തയ്യാറാകാത്തതിന്റെ വിരോധം മൂലമാണ് വധഭീഷണി മുഴക്കി കോഴിയെ അറുത്ത് വച്ചതെന്ന് ഇന്ദിര പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.