തെളിവ് ലഭിച്ചിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആക്ഷേപം

Saturday 31 December 2016 10:08 pm IST

കൊച്ചി: കുടുംബത്തിനൊപ്പം യാത്രചെയ്ത യുവാവിനെ പട്ടാപ്പകല്‍ വെട്ടിവീഴ്ത്തിയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടും കൊച്ചി പോലീസ് പ്രതികളെ പിടികൂടുന്നില്ലെന്ന് ആക്ഷേപം. വല്ലാര്‍പാടം സ്വദേശി നിഖില്‍ ജോസ് എന്ന യുവാവിനു നേരെയാണ് ആക്രമണം നടന്നത്. ഭാര്യയും ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞുമൊത്ത് ജീപ്പില്‍ വരുമ്പോള്‍ പെട്രോള്‍ പമ്പില്‍ വച്ചാണ് ആക്രമണം നടന്നത്. പിന്നാലെയെത്തിയ ബൈക്കിന് കടന്നുപോകാന്‍ വഴി കൊടുത്തില്ല എന്നുപറഞ്ഞ് പമ്പിലേക്ക് ബൈക്കിലെത്തിയ രണ്ടുപേര്‍ നിഖിലിനെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അക്രമം നടന്ന് നാലുദിവസമായിട്ടും പോലീസ് അലംഭാവം തുടരുന്നതായാണ്് ആക്ഷേപം. കൊച്ചി എടവനക്കാട്ടെ പെട്രോള്‍ പമ്പിലേക്ക് ഇന്ധനം നിറയ്ക്കാന്‍ വാഹനം കയറ്റിയതിനു പിന്നാലെ ബൈക്കിലെത്തിയ സംഘം പൊടുന്നനെ ആക്രമണം തുടങ്ങുകയായിരുന്നു. ജീപ്പിന് പിന്നിലിരുന്ന യുവാവിന് നേരെയായിരുന്നു ആദ്യ ആക്രമം. രക്ഷിക്കാന്‍ നിഖില്‍ ഇടപെട്ടതോടെ രംഗം വഷളായി. ആക്രമണം നിഖിലിന് നേരെയായി. പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോഴേക്ക് അക്രമികള്‍ കത്തി എടുത്ത് പ്രയോഗിക്കുകയായിരുന്നു. പിന്നാലെ കയ്യിലും ഒടുവില്‍ മുഖത്തും കൂടി സാരമായി വെട്ടിപ്പരിക്കേല്പ്പിച്ചശേഷമാണ് അക്രമിസംഘം പിന്‍വാങ്ങിയത്. വധശ്രമം അടക്കം വകുപ്പുകള്‍ ചുമത്തി ഞാറയ്ക്കല്‍ പോലീസ് കേസെടുത്തുവെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. നിഖിലിന്റെ ഭാര്യയെക്കൂടാതെ പെട്രോള്‍ പമ്പ് ജീവനക്കാരും ദൃസാക്ഷികളായി മൊഴി നല്‍കി. പ്രതികളെത്തിയ ബൈക്ക്, നമ്പര്‍ സഹിതം ഈ ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നായരമ്പലം സ്വദേശി സരുണ്‍, കണ്ണന്‍, ഇവരുടെ മറ്റൊരു സുഹൃത്ത് എന്നിവരാണ് കേസില്‍ പ്രതികളായുള്ളത്. മൂവരും ഒളിവിലാണെന്ന് പോലീസ് പറയുന്നു. മൂന്നുപേരുടെയും മൊബൈല്‍ ഫോണ്‍ നിരീക്ഷണത്തിലാണെങ്കിലും സംഭവത്തിന് ശേഷം സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ചൊവ്വാഴ്ച വൈകീട്ടാണ് ആക്രമണം നടന്നത്. മുഖത്തും പുറത്തും പരിക്കേറ്റ നിഖില്‍ ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടു. അക്രമത്തിനിടെ സ്ഥലത്തെത്തി പ്രതികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച യുവാവില്‍ നിന്നും വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്. ഇത്രയൊക്കെ ഉണ്ടായിട്ടും നാല് ദിവസമെത്തിയിട്ടും ഒന്നും ചെയ്യാന്‍ പോലീസിനായിട്ടില്ല. ഗുണ്ടാ സംഘങ്ങളെ അമര്‍ച്ച ചെയ്യാനെന്ന പേരില്‍ പ്രത്യേക സംഘത്തെ കൊച്ചി പോലീസില്‍ രൂപീകരിച്ചത് രണ്ടുമാസം മുന്‍പാണ്.