കുടിവെള്ളം ദുരുപയോഗം തടയാന്‍ ശക്തമായ നടപടികള്‍: ജില്ലാ വികസനസമിതി

Saturday 31 December 2016 10:11 pm IST

കൊച്ചി: കുടിവെള്ളം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടറേറ്റില്‍ നടന്ന ജില്ലാ വികസനസമിതിയോഗം. വ്യക്തികളോ സ്ഥാപനങ്ങളോ കുടിവെള്ളം ദുരുപയോഗം ചെയ്യുന്നതു കണ്ടാല്‍ അവരുടെ വാട്ടര്‍കണക്ഷന്‍ വിച്ഛേദിക്കും. കുടിവെളളപദ്ധതികള്‍ക്ക് മുന്‍തൂക്കം നല്കി കോര്‍പസ് ഫണ്ട് വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടര്‍ കെ.മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. കുടിവെള്ള ക്ഷാമം നേരിടുന്ന ഇടങ്ങളില്‍ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ നടപടിയെടുക്കും. വരള്‍ച്ചാ ദുരിതാശ്വാസ ഒരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ 10 പൈപ്പിടല്‍ പദ്ധതികള്‍ക്കായി റോഡ് പൊളിക്കാന്‍ മുന്‍കൂര്‍ അനുവാദം നല്കിയെന്നും ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4400 മീറ്റര്‍ പൈപ്പിടാന്‍ പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായി തേവര എസ്എച്ച് കോളേജിലും വാഴത്തോടും ഓവര്‍ഹെഡ് ടാങ്കുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ പദ്ധിയുടെ വിശദമായ പദ്ധതിരേഖ ഉടന്‍ സമര്‍പ്പിക്കണമെന്ന് ഹൈബി ഈഡന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ജനുവരി 15നകം പദ്ധതിരേഖ സമര്‍പ്പിക്കുമെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ഇട്ട്യാര്‍മല കുടിവെള്ള പദ്ധതി എസ് സി കോര്‍പസ് ഫണ്ടുപയോഗിച്ച് ഉടന്‍ പൂര്‍ത്തിയാക്കാനുള്ള നടപടികളെടുക്കാനും യോഗം തീരുമാനിച്ചു. പിറവം നഗരസഭാ ചെയര്‍മാന്‍ സാബു കെ. ജേക്കബാണ് വിഷയം യോഗത്തില്‍ അവതരിപ്പിച്ചത്. പിറവത്ത് വെള്ളം തുറന്നു വിട്ടപ്പോള്‍ കനാലിന്റെ അരിക് രണ്ടടി ഇടിഞ്ഞു പോയെന്നും ഇത് ഉടന്‍ ശരിയാക്കി കനാല്‍ തുറന്നു വിടണമെന്നും നഗരസഭാ ചെയര്‍മാന്‍ ആവശ്യപ്പെട്ടു. ചിത്തിരപ്പുഴയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോര്‍ പ്രവര്‍ത്തനരഹിതമാകുന്നുണ്ടെന്നും ഇത് മാറ്റി സ്ഥാപിച്ച് തൃപ്പുണിത്തുറയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ ചന്ദ്രികാ ദേവി ആവശ്യപ്പെട്ടു. താത്കാലിക തടയണ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ യോഗം തീരുമാനിച്ചു. മുളംകുളംപിറവം ഭാഗത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടികളെടുക്കണമെന്ന് അനൂപ് ജേക്കബ് എംഎല്‍എയുടെ പ്രതിനിധി ആവശ്യപ്പെട്ടു. തിരുമാറാടി കൂത്താട്ടുകുളം ഭാഗത്തെ കുടിവെള്ളലഭ്യതയ്ക്ക് ഇടയ്ക്കിടെ ഉണ്ടാകുന്ന തടസം ഉടന്‍ പരിഹരിക്കുമെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചോറ്റാനിക്കര പഞ്ചായത്തില്‍ മലിനജലസംസ്‌കരണ പ്ലാന്റ് തുടങ്ങാനും നടപടികളെടുക്കും. എറണാകുളം കച്ചേരിപ്പടിയിലുള്ള ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ ലിഫ്റ്റ് പ്രവര്‍ത്തനരഹിതമാണ്. ഇതുമൂലം രോഗികള്‍ക്ക് പ്രയാസമനുഭവപ്പെടുന്നുണ്ടെന്നും ലിഫ്റ്റ് നന്നാക്കാനുള്ള നടപടികള്‍ അടിയന്തരമായി എടുക്കണമെന്നും ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു. സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി വൈദ്യുതകണക്ഷനുകള്‍ നല്കി വരികയാണെന്നും മാര്‍ച്ച് മാസത്തിനു മുമ്പ് ജില്ല മുഴുവന്‍ വൈദ്യുതകണക്ഷന്‍ നല്കുമെന്നും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. അസിസ്റ്റന്റ് കളക്ടര്‍ രേണുരാജ്, ജില്ലാ പ്ലാനിംഗ് ഓഫിസര്‍ സാലി ജോസഫ്, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.