കോട്ടയം: പള്ളിക്കത്തോട് അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റിയുടെ അരവിന്ദ കീര്‍ത്തിമുദ്ര ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പത്മശ്രീ പി.പരമേശ്വരന് സമര്‍പ്പിച്ചു. സൊസൈറ്റിയുടെ സാംസ്കാരിക വിഭാഗമായ സാരംഗിയുടെയും സേവാ വിഭാഗമായ സേവയുടെയും രജതജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഭാഗവത സപ്താഹയജ്ഞ വേദിയിലായിരുന്നു പുരസ്കാര സമര്‍പ്പണം.
യജ്ഞാചാര്യന്കൂടിയായ സ്വാമി ഉദിത് ചൈതന്യ പുരസ്കാര സമര്‍പ്പണം നിര്‍വ്വഹിച്ചു. അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് പ്രൊഫ. സി.എന്‍.പുരുഷോത്തമന് അദ്ധ്യക്ഷത വഹിച്ചു. പി.പരമേശ്വരന് ദീപപ്രോജ്ജ്വലനം നടത്തി. ഗാനരചയിതാവ് ആര്.കെ.ദാമോദരന്‍, അരവിന്ദാ ചാരിറ്റബിള്‍ സൊസൈറ്റി ജോയിന്റ് സെക്രട്ടറി എസ്.അനിരുദ്ധന്,വൈസ് പ്രസിഡന്റ് ആര്.സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ പി.പരമേശ്വരന് രചിച്ച കവിത അരവിന്ദവിദ്യാമന്ദിരത്തിലെ കുട്ടികള്‍ ആലപിച്ചത് സദസ്സിന് ഏറെ ഹൃദ്യമായി.
കേരളത്തില്‍ വലിയമാറ്റം ആവശ്യം: പി. പരമേശ്വരന്
കോട്ടയം: കേരളത്തില്‍ വലിയ മാറ്റം ആവശ്യമായിരിക്കുന്നതായി ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പത്മശ്രീ പി.പരമേശ്വരന്. പള്ളിക്കത്തോട് അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റിയുടെ അരവിന്ദ കീര്‍ത്തിമുദ്ര സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം സിപിഎമ്മിന്റെയും മാവോവാദികളുടെയും വിഹാരരംഗമായി മാറി. ഇതിന് മാറ്റം വരണം. അതിന് മഹര്‍ഷി അരവിന്ദനേയും സ്വാമി വിവേകാനന്ദനെയും പോലുള്ള മഹാന്മാരുടെ സന്ദേശം ജനത ഉള്‍ക്കൊള്ളണം. അതിനുള്ള പശ്ചാത്തലമൊരുക്കാന്‍ കഴിയട്ടേയെന്നും അദ്ദേഹം പറഞ്ഞു.
സന്യാസത്തിനുള്ള ഉത്തമ ഉദാഹരണമാണ് പി.പരമേശ്വരനെന്ന് സ്വാമി ഉദിത് ചൈതന്യ പറഞ്ഞു. അരവിന്ദ കീര്‍ത്തിമുദ്ര പി.പരമേശ്വരന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍മ്മയോഗിയും ജ്ഞാനയോഗിയുമായ കാവി ഉടുക്കാത്ത സന്യാസിയാണ് അദ്ദേഹം. തൊണ്ണൂറാമത്തെ വയസ്സിലും തന്റെ ആത്മീയ ശക്തികൊണ്ട് ജ്ഞാനം പകര്‍ന്നും സേവനം ചെയ്തും ജീവിതം ധന്യമാക്കിയ സന്യാസിയാണ് പി.പരമേശ്വരനെന്നും സ്വാമി ഉദിത് ചൈതന്യ പറഞ്ഞു.
സന്യാസത്തിന്റെ ആത്മീയത മുഴുവന്‍ ഉള്‍ക്കൊണ്ട് വൈജ്ഞാനികമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് കേരളത്തിന്റെ നവോത്ഥാന നായകനായി മാറിയ വ്യക്തിത്വമാണ് പി.പരമേശ്വരന്റേതെന്ന് ചടങ്ങില്‍ പ്രസംഗിച്ച ഗാനരചയിതാവ് ആര്.കെ.ദാമോദരന്‍ അഭിപ്രായപ്പെട്ടു. ദേശീയ ചിന്തയുള്ള ആദ്ധ്യാത്മികതയുടെ കവിയാണ്.
ആദിശങ്കരന്റെ അദ്വൈതവും സ്വാമി വിവേകാനന്ദന്റെ യുക്തിബോധവും അരവിന്ദ മഹര്‍ഷിയുടെ ആത്മജ്ഞാനവും ബങ്കിംചന്ദ്രന്റെയും സുബ്രഹ്മണ്യ ഭാരതിയുടേയും കവിത്വവുമൊക്കെ മൂര്‍ത്തിമദ്ഭാവം പൂണ്ട വിശിഷ്ട വ്യക്തിത്വമാണ് പി.പരമേശ്വരനെന്നും ആര്.കെ.ദാമോദരന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: