ജലസംരക്ഷണത്തില്‍ മാതൃകയായി അമ്പലവയല്‍ ആര്‍എആര്‍എസ്

Saturday 31 December 2016 10:45 pm IST

കല്‍പ്പറ്റ: കേരളം വരള്‍ച്ചയിലേക്ക് നീങ്ങുമ്പോള്‍ ജലസംരക്ഷണത്തിന് രാജ്യത്തിനു മാതൃകയാവുകയാണ് വയനാട് അമ്പലവയലിലെ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം (ആര്‍എആര്‍എസ്). മുപ്പത് കോടി ലിറ്റര്‍ ജലം സംഭരിക്കാവുന്ന 14 സ്വാഭാവിക കുളങ്ങളാണ് കേന്ദ്രത്തിലുള്ളത്. 28 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കാവുന്ന ഇവയിലൊന്നിന് ചെലവായത് ഒരുലക്ഷം രൂപയില്‍ താഴെ. വയനാട്ടില്‍ ഈ വര്‍ഷം 60 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും കുറവ് മഴ ലഭിച്ച ജില്ലയാണ് വയനാട്. കാലാവസ്ഥാ വ്യതിയാനം വയനാടിന്റെ ഭൂമികയെതന്നെ മാറ്റിമറിക്കുമെന്ന ഭയപ്പാടിലാണ് നാട്ടുകാര്‍. 87.3 ഹെക്ടറിലാണ് ആണ് അമ്പലവയല്‍ ആര്‍എആര്‍എസ്. വിമുക്തഭട പുനരധിവാസമെന്ന നിലയില്‍ 1946ല്‍ മദ്രാസ് സര്‍ക്കാരാണ് കേന്ദ്രം തുടങ്ങിയത്. 1972ല്‍ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സ്റ്റിയായും 1983ല്‍ ആര്‍എആര്‍എസുമായും രൂപാന്തരപ്പെട്ടു. കാര്‍ഷിക ഗവേഷണ രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ച കേന്ദ്രം കഴിഞ്ഞ മൂന്ന് വര്‍ഷമായാണ് രാജ്യശ്രദ്ധയിലേക്ക് വന്നത്. അസോസിയേറ്റ് ഡയറക്ടറായി ചുമതലയേറ്റ ഡോക്ടര്‍ പി.രാജേന്ദ്രന്റെ നേതൃത്വത്തിലാണ് നശിച്ച് നാമാവശേഷമായികൊണ്ടിരുന്ന കേന്ദ്രത്തിന് പുനര്‍ജ്ജനി നല്‍കിയത്. 2014 ഫെബ്രുവരിയില്‍ ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ പ്രഥമ പൂപ്പൊലി പ്രദര്‍ശനത്തിലൂടെ 42 ലക്ഷം രൂപ വരുമാനമായി ലഭിച്ചു. 27 ലക്ഷം രൂപ ചെലവും. കഴിഞ്ഞ വര്‍ഷം നടത്തിയ പൂപ്പൊലിയില്‍ 147 ലക്ഷം രൂപ വരുമാനവും 72 ലക്ഷം ചെലവുമായിരുന്നു. ഒരു സര്‍ക്കാര്‍ സംവിധാനം വഴി സ്വകാര്യ സംരംഭങ്ങളെ വെല്ലുന്ന തരത്തിലാണ് പൂപ്പൊലി ഒരുങ്ങുന്നത്. വയനാടിനുതന്നെ അഭിമാനമാകുന്ന ആര്‍എആര്‍എസ് ജലസംരക്ഷണ പ്രവര്‍ത്തനത്തിലൂടെ രാജ്യത്തിന് മാതൃകയാവുകയാണ്. ഇവിടുത്തെ കുളങ്ങളിലെ ജലമുപയോഗിച്ച് ഏത് വരള്‍ച്ചയും നേരിടാനാകുമെന്ന് ഡയറക്ടര്‍ കെ.രാജേന്ദ്രന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.