പ്രതീക്ഷയുടെ 2017

Sunday 1 January 2017 12:37 am IST

അസോസിയേഷനുകളിലെ പടലപ്പിണക്കങ്ങളും കസേരകളികളും വാള്‍മുനയായി നിന്നില്ലെങ്കില്‍ പ്രതീക്ഷിക്കാനും ആഘോഷിക്കാനും ഏറെയുണ്ടാകും 2017ല്‍ ഇന്ത്യന്‍ കായിക ലോകത്ത്. ക്രിക്കറ്റും, ഹോക്കിയും ബാഡ്മിന്റണും ടെന്നീസും ജിംനാസ്റ്റിക്‌സുമെല്ലാം ഏറെ പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്. അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ്, ലോക ബാഡ്മിന്റണ്‍ സൂപ്പര്‍ സീരിസ്, ഹോക്കി വേള്‍ഡ് ലീഗ് ഫൈനല്‍സ് എന്നീ ലോക ചാമ്പ്യന്‍ഷിപ്പുകള്‍ക്കും വേദിയാകുന്ന ഇന്ത്യയിലേക്ക് ലോകത്തിന്റെ കണ്ണുകളുമെത്തും. ക്രിക്കറ്റിലെ അശ്വമേധം 2016ലെ തകര്‍പ്പന്‍ പ്രകടനം തുടരാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഈ മാസം ഇംഗ്ലണ്ടിനെതിരെ ഏകദിന, ട്വന്റി20 പരമ്പരകളുണ്ട്. ഫെബ്രുവരിയില്‍ ബംഗ്ലാദേശുമായി ഒരു ടെസ്റ്റ്. അതേ മാസം അവസാനം നാലു ടെസ്റ്റുകള്‍ക്കായി ഓസ്‌ട്രേലിയ എത്തും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി മൂന്നു ടെസ്റ്റുകള്‍ക്കായി ഇംഗ്ലണ്ടിലേക്കും ഉഭയകക്ഷി പരമ്പരയ്ക്കായി ശ്രീലങ്കയിലേക്കും പോകുന്നു ഇന്ത്യന്‍ ടീം. വിരാട് കോഹ്‌ലിയും ആര്‍. അശ്വിനും തേരോട്ടം തുടരുമോയെന്നതിനും മറുപടിയുണ്ടാകും. രവീന്ദ്ര ജഡേജ, കരുണ്‍ നായര്‍, കെ.എല്‍. രാഹുല്‍, ജയന്ത് യാദവ് തുടങ്ങിയ ഒട്ടേറെ താരങ്ങളുടെ മികവ് അളക്കുന്നതു കൂടിയാകും ഈ വര്‍ഷം. ആഭ്യന്തര ക്രിക്കറ്റിലെ നിരവധി യുവതാരങ്ങള്‍ ദേശീയ ടീമിലേക്കുള്ള വിളിക്ക് കാതോര്‍ക്കുന്നതും ഈ വര്‍ഷം മത്സരോന്മുഖമാക്കും. ഈ ആഴ്ച നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനല്‍ മത്സരങ്ങളോടെ ആഭ്യന്തര സീസണ്‍ സജീവമാകും. എം.എസ്. ധോണിയെന്ന വിജയ നായകന്റെ ഭാവിയും 2017 നിര്‍ണയിക്കും. വനിതകള്‍ നയിക്കും ഇന്ത്യന്‍ വനിതകള്‍ തിളങ്ങി നിന്ന ഒരു വര്‍ഷമാണ് വിട പറയുന്നത്. അവരുടെ കുതിപ്പിന് സാക്ഷിയാകാന്‍ 2017 തയാറെടുക്കുന്നു. ഒളിമ്പിക് വെള്ളി മെഡല്‍ ജേത്രി ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു, വെങ്കല മെഡല്‍ നേടിയ ഗുസ്തി താരം സാക്ഷി മാലിക്ക്, നാലാം സ്ഥാനത്തെത്തിയ ജിംനാസ്റ്റിക്‌സ് താരം ദിപ കര്‍മാക്കര്‍, ടെന്നീസ് താരം സാനിയ മിര്‍സ, ഗോള്‍ഫ് താരം അദിതി അശോക് തുടങ്ങിയവര്‍ ഇവരില്‍ ചിലര്‍ മാത്രം. സിന്ധുവും പരിക്കില്‍ നിന്ന് തിരിച്ചെത്തുമ്പോള്‍ സൈനയും ബാഡ്മിന്റണില്‍ കരുത്താകും. അശ്വിനി പൊന്നപ്പയെ പോലുള്ള മറ്റു ചിലരുമുണ്ട്. ഗുസ്തിയില്‍ സാക്ഷിയുടെ വഴി പിന്തുടരാന്‍ ശേഷിയുള്ള ബബിത കുമാരി, ഫോഗട്ട് സഹോദരിമാര്‍ തുടങ്ങിയവരുണ്ട്. ടെന്നിസീല്‍ കുതിപ്പ് തുടരാമെന്ന പ്രതീക്ഷയില്‍ സാനിയ. വനിതാ ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സില്‍ കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടാമെന്ന പ്രതീക്ഷയുണ്ട് സാനിയയ്ക്ക്. ഒളിമ്പിക്‌സിന് യോഗ്യത നേടിയ ആദ്യ വനിതാ താരമായ അദിതി അശോകിനും കീഴടക്കാന്‍ ഏറെ. അമ്പെയ്ത്തില്‍ ദീപിക കുമാരി, ബൊംബെയ്‌ലാ ദേവി തുടങ്ങിയ ഒട്ടേറെ പേരുണ്ട്. വേറെയും താരങ്ങള്‍ ബാഡ്മിന്റണില്‍ പുരുഷ താരങ്ങള്‍ പി. കശ്യപ്, അജയ് ജയറാം, എച്ച്.എസ്. പ്രണോയ് തുടങ്ങിയവര്‍ വര്‍ഷം തങ്ങളുടേതാക്കാനുള്ള പ്രയത്‌നത്തില്‍. ടെന്നീസിലാകട്ടെ ഡേവിസ് കപ്പ് ടീമിലില്ലെങ്കിലും രാജ്യാന്തര സര്‍ക്യൂട്ടില്‍ തിളങ്ങാന്‍ ഒരുങ്ങുന്നു രോഹന്‍ ബൊപ്പണ്ണ. രാംകുമാര്‍ രമാനാഥന്‍, യുകി ഭാംബ്രി, സോംദേവ് ദേവ് വര്‍മന്‍ തുടങ്ങിയവരുമുണ്ട് പട്ടികയില്‍. പ്രതീക്ഷകളില്ലാതെയാണ് അത്‌ലറ്റിക്‌സിന് 2016 വിട നല്‍കിയതെങ്കിലും തിരിച്ചുവരവിന് കഴിവുണ്ട് താരങ്ങള്‍ക്ക്. ആഗസ്തില്‍ ലണ്ടനില്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനായി ഒരുങ്ങാം. ഒളിമ്പിക്‌സ് സ്റ്റീപ്പിള്‍ചേസില്‍ ദേശീയ റെക്കോഡ് മറികടന്ന പ്രകടനം നടത്തിയ ലളിത ബാബര്‍, ഒ.പി. ജെയ്ഷ, ടിന്റു ലൂക്ക, കെ.ടി. ഇര്‍ഫാന്‍, സുധ സിങ്, ദ്യുതി ചന്ദ് അടക്കം നിരവധി താരങ്ങളുണ്ട് പ്രതീക്ഷയോടെ. കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസിന് വേദിയാകുന്ന വര്‍ഷം മലയാളി അത്‌ലറ്റുകള്‍ക്കടക്കം ഏറെ പ്രതീക്ഷ. എന്നാല്‍, പ്രതീക്ഷയോടെ ഒളിമ്പിക്‌സിനു പോയ അത്‌ലറ്റിക്‌സ് സംഘത്തിനുണ്ടായ ദുരവസ്ഥ കാണാതിരുന്നുകൂട. വിദേശ പരിശീലനമടക്കം ലഭിച്ചിട്ടും തീര്‍ത്തും നിരാശപ്പെടുത്തി അത്‌ലറ്റിക് സംഘം. രാജ്യാന്താര മത്സര പരിചയമില്ലായ്മയാണ് മികവിനു തടസമെന്ന വാദം പൊളിഞ്ഞു. ഹോക്കിയില്‍ തിരിച്ചുവരവിന്റെ പാതയിലാണ് ഇന്ത്യ. സീനിയര്‍ തലത്തില്‍ വലിയ കിരീട നേട്ടങ്ങളൊന്നുമില്ലെങ്കിലും പല കരുത്തരെയും ഞെട്ടിക്കാനായി. അണ്ടര്‍ 19 ലോകകപ്പില്‍ ജേതാവായി ഭാവിയും ഭദ്രമെന്ന് ഉറപ്പിച്ചു. യുവനിരയിലെ പലര്‍ക്കും സീനിയര്‍ ടീമിലേക്കുള്ള വാതില്‍ തുറക്കും. ലോക വേദി കായികരംഗത്ത് ഇന്ത്യയെ സ്ഥിരം വേദിയാക്കുന്നതിനുള്ള ചുവടുവയ്പ്പ് ഊര്‍ജ്ജിതമാകും. നാളെ തുടങ്ങുന്ന ചെന്നൈ ഓപ്പണ്‍ ടെന്നീസോടെ ഇന്ത്യയിലെ രാജ്യാന്തര കായിക വേദി ഉണരും. ഫെബ്രുവരിയില്‍ ഏഷ്യന്‍ ട്രാക്ക് സൈക്കിളിങ് ചാമ്പ്യന്‍ഷിപ്പ്. മാര്‍ച്ചില്‍ ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍. വര്‍ഷത്തിന്റെ രണ്ടാം പകുതിയിലാണ് ലോക ശ്രദ്ധ കൂടുതലെത്തുക. സെപ്തംബറില്‍ ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെ സീനിയര്‍ ചാമ്പ്യന്‍ഷിപ്പ്. ലോക ബാഡ്മിന്റണിലെ മുന്‍നിരക്കാര്‍ എത്തും. ഒക്ടോബറിലാണ് വലിയ മാമാങ്കം, ഫിഫ അണ്ടര്‍ 17 ലോകകപ്പ്. ഫിഫയുടെ രാജ്യാന്തര മത്സരത്തിന് ആദ്യമായി വേദിയാകുമ്പോള്‍ നടത്തിപ്പ് ഏറ്റവും മികച്ച രീതിയിലാക്കാനാണ് കേന്ദ്ര സര്‍ക്കാരും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും ശ്രമിക്കുന്നത്. കൊച്ചിയടക്കം ആറു വേദികളില്‍ പോരാട്ടം. ആതിഥേയരെന്ന നിലയില്‍ ഇന്ത്യയുമുണ്ട്. ഡിസംബറില്‍ ലോക ഹോക്കി ലീഗിന്റെ ഫൈനലും നടക്കും. ഐപിഎല്‍, ഐഎസ്എല്‍, പ്രൊ കബഡി ലീഗ്, ഐ ലീഗ്, പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ്, പ്രൊ ഗുസ്തി ലീഗ്, ദേശീയ ഗെയിംസ് തുടങ്ങിയവയുമായി ആഭ്യന്തര സീസണും കൊഴുക്കും. വിവാദങ്ങള്‍ സംഘടനയിലെ വിവാദങ്ങളാണ് കായിക നേട്ടങ്ങളേക്കാള്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുള്ളത്. ബിസിസിഐയുടെ പ്രവര്‍ത്തനത്തിന് ജസ്റ്റിസ് ലോധ സമിതി നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ സുപ്രീം കോടതി ഈ മാസം തീരുമാനമെടുക്കും. എല്ലാ നിര്‍ദേശങ്ങളും നടപ്പാക്കണമെന്ന് ജസ്റ്റിസ് ലോധയും കേസിലെ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യവും വാദിക്കുമ്പോള്‍, ചിലതിനാകില്ലെന്ന് ബിസിസിഐ നിലപാട്. ഇന്ത്യന്‍ ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒഎ) അംഗീകാരം കായിക മന്ത്രാലയും റദ്ദാക്കിയതാണ് ഏറ്റവും പുതിയ നടപടി. അഴിമതിക്കേസില്‍ പ്രതികളായ സുരേഷ് കല്‍മാഡി, അഭയ് സിങ് ചൗതാല എന്നിവരെ ആജീവനാന്ത പ്രസിഡന്റാക്കിയ നടപടിയാണ് ഐഒഎയെ കുരുക്കിലായത്. വ്യാപക പ്രതിഷേധമുയര്‍ന്നതോടെ സ്ഥാനമേല്‍ക്കില്ലെന്ന് കല്‍മാഡിയും രാജ്യാന്തര ഒളിമ്പിക് കൗണ്‍സിലിന്റെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് ചൗതാലയും വ്യക്തമാക്കിയെങ്കിലും വിവാദങ്ങള്‍ അടങ്ങിയില്ല. നടപടി റദ്ദാക്കണമെന്ന് ഐഒഎയിലെ അംഗങ്ങള്‍ പലരും ആവശ്യപ്പെട്ടു. ഹോക്കി ഇന്ത്യ അധ്യക്ഷന്‍ നരീന്ദര്‍ ബത്ര ഐഒഎ അംഗത്വം രാജിവച്ചു. കായിക മന്ത്രാലയത്തിന്റെ നടപടി രാജ്യത്തെ മിക്ക കായിക അസോസിയേഷനുകളുടെയും പ്രവര്‍ത്തനത്തെ ബാധിക്കും. സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കില്ല. കായികരംഗത്തെ അഴിമതിയില്ലാതാക്കാന്‍ പ്രവര്‍ത്തിക്കുന്ന കായിക മന്ത്രാലയത്തെ ഗൗനിക്കില്ലെന്ന നിലപാടിലാണ് അസോസിയേഷന്‍ ഭാരവാഹികള്‍. രാജ്യാന്തര മത്സരങ്ങള്‍ കൂടുതലെത്തുന്നത് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. കൂടുതല്‍ പേരെ ആ മേഖലയിലേക്ക് ആകര്‍ഷിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.