പ്രതിദിന നഷ്ടം 10 ലക്ഷം

Sunday 1 January 2017 12:50 am IST

പാലക്കാട്: കുതിരാനിലെ തുരങ്ക നിര്‍മാണം മുടങ്ങിയതോടെ പ്രതിദിനം 10 ലക്ഷം രൂപയുടെ നഷ്ടം. ദേശീയപാതയിലെ ഗതാഗതക്കുരുക്കഴിക്കുന്നതിനാണ് കേരളത്തിലെ ആദ്യ ആറുവരി പാതയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി കുതിരാനില്‍ ഒരു വര്‍ഷം മുന്‍പ് തുരങ്ക നിര്‍മ്മാണം ആരംഭിച്ചത്. കെഎംസി ഉപകരാര്‍ നല്‍കിയിട്ടുള്ള പ്രഗതി എന്‍ജിനീയറിങ് ഗ്രൂപ്പാണ് തുരങ്കം നിര്‍മിക്കുന്നത്. പലതവണ നിര്‍മ്മാണ സ്തംഭനം ഉണ്ടായെങ്കിലും അടുത്തിടെ നിര്‍മ്മാണം അതിവേഗതയില്‍ പുരോഗമിച്ചു. 925 മീറ്റര്‍ നീളമുള്ള ഒന്നാം തുരങ്കം ഈ വര്‍ഷം മാര്‍ച്ചോടെ പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. കുതിരാന്‍മല തുരന്ന് നിര്‍മിക്കുന്ന രണ്ട് തുരങ്കങ്ങളില്‍ ഒന്നിന്റെ രണ്ടറ്റവും കൂട്ടിമുട്ടാന്‍ 55 മീറ്റര്‍ മാത്രം ബാക്കിനില്‍ക്കെയാണ് നിര്‍മാണം സ്തംഭിച്ചത്. പാറപൊട്ടിക്കല്‍ നിലച്ച് രണ്ടാഴ്ച്ച പിന്നിടുമ്പോഴും അനിശ്ചിതത്വം തുടരുന്നു. പാറപൊട്ടിച്ചതുമൂലം വീടുകള്‍ക്കുണ്ടായ നാശത്തിന് നഷ്ടപരിഹാരം നല്‍കാത്തതിലും, തീവ്രത കുറച്ച് പൊട്ടിക്കണമെന്നുള്ള ആവശ്യം പരിഗണിക്കാത്തതിലും പ്രതിഷേധിച്ചാണ് നാട്ടുകാര്‍ പാറപൊട്ടിക്കുന്നത് തടഞ്ഞത്. പട്ടിക്കാടിനു സമീപം പാറ പൊട്ടിക്കുമ്പോള്‍ വീടിന് തകരാര്‍ സംഭവിച്ചെന്നു പറഞ്ഞ് കല്ലിടുക്കില്‍ സ്വകാര്യ വ്യക്തി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തുടര്‍ന്ന് പാറപൊട്ടിക്കുന്നതിനുള്ള അനുമതി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ കരാറുകാരായ കെഎംസിയോട് കോടതി നിര്‍ദേശിച്ചു. വിധിക്കെതിരെ മൂന്നിന് കരാര്‍ കമ്പനി അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചു. അനുമതിയില്ലാതെയാണ് കരാര്‍ കമ്പനി അധികൃതര്‍ പാറ പൊട്ടിക്കുന്നതെന്നും ആരോപണമുയര്‍ന്നു. പാറ പൊട്ടിക്കുന്നതിന് ലൈസന്‍സ് ഉണ്ടെന്നും പുതുക്കിയാല്‍ മാത്രം മതിയെന്നും ദേശീയപാതാ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. കരാര്‍ കമ്പനിക്കെതിരെയുള്ള പരാതിയില്‍ മനുഷ്യാവകാശ സംഘടനകളും സമരപ്രതിനിധികളും കക്ഷി ചേരുമെന്നാണ് കരുതുന്നത്. രണ്ടാമത്തെ തുരങ്കം 580 മീറ്റര്‍ പിന്നിട്ടു. 240 തൊഴിലാളികളാണ് തുരങ്ക നിര്‍മാണത്തിനു മാത്രം ജോലിയെടുക്കുന്നത്. പാറ തുരക്കുന്നതനുള്ള പ്രത്യേക യന്ത്രമായ ബൂമര്‍ വെറുതെ നിര്‍ത്തിയിടേണ്ട അവസ്ഥയാണ്. വന്‍തുക വാടകയ്ക്ക് രണ്ട് ബൂമറുകളാണ് തുരങ്ക നിര്‍മാണത്തിനായി കൊണ്ടുവന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.