ലഹരി മാഫിയ പിടിമുറുക്കുന്നു; ആളില്ലാപ്പടയായി എക്‌സൈസ്

Sunday 1 January 2017 1:03 am IST

ആലപ്പുഴ: ലഹരിമാഫിയ പിടിമുറുക്കുമ്പോള്‍ എക്‌സൈസിന്റെ പ്രവര്‍ത്തനം പതിറ്റാണ്ടുകള്‍ പിന്നില്‍. ആള്‍ബലവും ആയുധശേഷിയുമില്ലാതെ കിതയ്ക്കുകയാണ് എക്‌സൈസ്. പുതിയ റേഞ്ചുകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെ എക്‌സൈസിന്റെ അംഗസംഖ്യ വര്‍ദ്ധിപ്പിച്ച് പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം പതിവു ചടങ്ങായി മാറി. 46 എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ വേണ്ടിടത്ത് 14 പേരാണുള്ളത്. 1,452 ഇന്‍സ്‌പെക്ടര്‍മാര്‍ വേണമെന്നിരിക്കെ ഉള്ളത് 314 പേര്‍ മാത്രം. പ്രിവന്റീവ് ഓഫീസര്‍മാര്‍ 928 പേരാണുള്ളത്. 4,360 പേര്‍ വേണ്ടിടത്താണ് ഇത്. 13,427 സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍ വേണ്ടിടത്ത് 2,869 പേരുടെ സേവനമാണ് മാത്രമാണ് ലഭിക്കുന്നത്. പുതുതായി 16 റേഞ്ച് ഓഫീസുകള്‍ കൂടി ഉണ്ടെങ്കില്‍ മാത്രമേ എക്‌സൈസിന്റെ പ്രവര്‍ത്തനം ഫലപ്രദമാക്കാന്‍ സാധിക്കുകയുള്ളു. നിലവില്‍ 4,427 ആണ് എക്‌സൈസിലെ ആകെ അംഗസംഖ്യ, ഇത് ചുരുങ്ങിയത് 17,511 ആകണമെന്നാണ് ഇതേക്കുറിച്ചുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ബാറുകള്‍ പൂട്ടിയതിനൊപ്പം വിദേശമദ്യശാലകള്‍ കൂടി ഘട്ടംഘട്ടമായി നിര്‍ത്തലാക്കുകയും ചെയ്യുമ്പോള്‍ വ്യാജമദ്യ ലോബികളുടെയും ലഹരിമാഫിയയുടെയും പ്രവര്‍ത്തനം കൂടുതല്‍ ശക്തമാകുകയാണ്. ആള്‍ബലത്തിലെ പോരായ്മപോലെതന്നെ ആയുധബലവും പരിതാപകരമാണ്. കമ്പിവടിയും പഴഞ്ചന്‍ വാഹനങ്ങളുമായി ഇഴയുകയാണ് എക്‌സൈസ്. ഈ സാഹചര്യത്തിലാണ് എക്‌സൈസില്‍ ആളെണ്ണം കൂട്ടി കാര്യക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. എക്‌സൈസ് പിടികൂടുന്ന പ്രതികളുടെ പക്കല്‍ നിന്ന് മൊബൈല്‍ഫോണ്‍ ലഭിച്ചാല്‍ അതിലെ വിവരങ്ങള്‍ വ്യക്തമാകണമെങ്കില്‍ പോലീസിലെ സൈബര്‍ സെല്ലിന്റെ സഹായം വേണം. ആയിര കണക്കിന് പരാതികള്‍ക്കിടെ വട്ടം ചുറ്റുന്നു സൈബര്‍ സെല്ലില്‍ നിന്ന് എക്‌സൈസിന് കോള്‍ ഡീറ്റെയില്‍സ് കിട്ടുമ്പോള്‍ ഏറെ വൈകും. ഇത് പ്രതികള്‍ക്ക് സഹായകരമായി കലാശിക്കുകയാണ്. എക്‌സൈസിന് സ്വന്തമായി ഒരു സൈബര്‍ സെല്‍ വേണമെന്ന ആവശ്യത്തോടും അധികൃതര്‍ മുഖംതിരിക്കുന്നു. ആലപ്പുഴ ജില്ലയില്‍ കുത്തിയതോട്, ചേര്‍ത്തല, ആലപ്പുഴ, കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപ്പള്ളി, കായംകുളം, നൂറനാട് എന്നിങ്ങനെ ഒമ്പത് റേഞ്ച് ഓഫീസുകളാണ് ഉള്ളത്. കൂടാതെ ആറ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസുമുണ്ട്. ഇവിടെല്ലാം കൂടി 52 പ്രിവന്റീവ് ഓഫീസര്‍മാരും 280 സിവില്‍ എക്‌സൈസ് ഓഫീസര്‍മാരും മാത്രമാണുള്ളത്. ജില്ലയിലെ 35 പൊലീസ് സ്റ്റേഷനുകളിലായി 1,400 ഓളം പോലീസ് ഉദ്യോഗസ്ഥരുടെ സേവനമുണ്ട്. എടത്വ, തോട്ടപ്പള്ളി അല്ലെങ്കില്‍ മാരാരിക്കുളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് റേഞ്ച് ഓഫീസുകള്‍ സ്ഥാപിക്കണമെന്ന എക്‌സൈസിന്റെ ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. ഇക്കാര്യം നിരവധി തവണ ചൂണ്ടിക്കാട്ടിയെങ്കിലും ഫലമുണ്ടായില്ലെന്നു മാത്രം. മദ്യ, ലഹരി മാഫിയകള്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന പ്രഖ്യാപനം എല്ലാ സര്‍ക്കാരുകളും മുറപോലെ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ച വരുത്തുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.